തിരുവനന്തപുരം: സംസ്ഥാനത്തിന് സഹായം നൽകാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ രൂക്ഷ വിമർശനം. സംസ്ഥാനം നേരിട്ട സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാറിന്‍റെ അവഗണനയാണെന്ന് ധനമന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് നിന്ന് പിരിച്ചെടുക്കുന്ന നികുതിയിൽ നിന്നുള്ള കേരള വിഹിതം കുറയാൻ തുടങ്ങിയിട്ട് 25 വർഷമായി. പത്താം ധനകാര്യ കമീഷന്‍റെ കാലത്ത് 3.88 ശതമാനമായിരുന്നത് പതിനഞ്ചാം കമീഷന്‍റെ കാലത്ത് 1.92 ശതമാനത്തിൽ എത്തി. പ്രാദേശിക സർക്കാറിന് അനുവദിക്കുന്ന ഗ്രാന്‍റിന്‍റെ കാര്യത്തിലും കേരളത്തിന്‍റെ ഓഹരി കുറയുകയാണ്.
പദ്ധതികൾ കേന്ദ്രം വെട്ടിക്കുറക്കുകയാണ്. 12-ാം ധനകാര്യ കമീഷന്‍റെ കാലത്ത് കേന്ദ്ര വിഹിതം 4.5 ശതമാനമായിരുന്നു. ഇത് 15-ാം ധനകാര്യ കമീഷന്‍റെ കാലത്ത് 2.68 ശതമാനമായി കുറഞ്ഞു.
കേന്ദ്ര സർക്കാറിൽ നിന്നുള്ള ജി.എസ്.ടി നഷ്ടപരിഹാരം നിലച്ചു. അനുവദിക്കുന്ന പരിധിയിൽ നിന്ന് കടമെടുക്കാൻ കേന്ദ്ര സർക്കാർ കേരളത്തെ അനുവദിക്കുന്നില്ല. കിഫ്ബി വായ്പകളും പെൻഷൻ കമ്പനികളുടെ വായ്പകളും പബ്ലിക് അക്കൗണ്ടിലെ നിക്ഷേപവും കടമായി കണക്കാക്കി കേരളത്തിന്‍റെ വായ്പാ പരിധി വെട്ടിക്കുറച്ചെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.