‘അൻവർ ജയിച്ചാൽ വെറും എം.എൽ.എ ആയിരിക്കില്ല, ബേപ്പൂരിന് ഒരു സമ്മാനം ഉണ്ടാകും, മനസ്സിലായല്ലോ’ -വൻപ്രഖ്യാപനവുമായി വി.ഡി. സതീശൻ

ബേപ്പൂർ: തീപാറും പോരാട്ടം നടക്കുന്ന ബേപ്പൂർ മണ്ഡലത്തിൽ വൻപ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറായ യു.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവർ ജയിച്ചാൽ വെറും എം.എൽ.എ ആയിട്ടല്ല നിയമസഭയിലേക്ക് വരികയെന്നാണ് സതീശൻ പറഞ്ഞത്. ജയിച്ച് ഭരണത്തിലേറിയാൽ മന്ത്രിസ്ഥാനം നൽകു​മെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

‘ജനങ്ങളുടെ സർവേ ഉണ്ട്. ആ സർവേയിൽ നൂറിലധികം സീറ്റുമായി നമ്മുടെ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് വരും. ബേപ്പൂരിൽ നിന്ന് ബേപ്പൂർ സുൽത്താനായി നമ്മുടെ പി.വി.അൻവർ നിയസഭയിലേക്ക് വരും. വെറും എം.എൽ.എ ആയിട്ടായിരിക്കില്ല വരുന്നത്. മനസ്സിലായല്ലോ? നല്ല ഭൂരിപക്ഷത്തിൽ ജയിക്കും. അങ്ങനെ ജയിപ്പിച്ചാൽ ബേപ്പൂരിന് ഒരു സമ്മാനം ഉണ്ടാകും. ഇനി വിശ്രമമില്ലാതെ പ്രവർത്തിക്കുക, നല്ല ഭൂരിപക്ഷത്തിൽ ജയിക്കണം’ -അദ്ദേഹം പറഞ്ഞു.

കേരളമാ​കെ ഉറ്റുനോക്കുന്ന പോരാട്ടമാണ് എൽ.ഡി.എഫ് സ്ഥാനാർഥി മ​ന്ത്രി പി.എ. മുഹമ്മദ് റിയാസും പി.വി. അൻവറും തമ്മിൽ ബേപ്പൂരിൽ നടക്കുന്നത്. കാലങ്ങളായി എൽ.ഡി.എഫിന്റെ കുത്തക്കയായിരുന്ന മണ്ഡലം ഇത്തവണ കളംമാറ്റി ചവിട്ടുമോയെന്ന് കണ്ടറിയണം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും എം.എൽ.എ സ്ഥാനം രാജിവെക്കുകയും ചെയ്താണ് പി.വി. അൻവർ എൽ.ഡി.എഫ് വിട്ടത്.

1977 ലാണ് അവസാനമായി യു.ഡി.എഫ് ഇവിടെ ജയിച്ചത്. പിന്നീട് മണ്ഡലം ഇടതിനോപ്പമായിരുന്നു. ബേപ്പൂർ മണ്ഡലത്തിൽ പി.വി. അൻവറിന്റെ സാന്നിധ്യം യു.ഡി.എഫ് ക്യാമ്പുകളിൽ ആവേശം പകർന്നിട്ടുണ്ട്. റിയാസിനെതിരെ പി.വി. അൻവർ സ്ഥാനാർഥിയാക്കും എന്ന് മുൻകൂട്ടി അറിഞ്ഞതോടെ യു.ഡി.എഫ് പാളയത്തിൽനിന്നും ആരും സീറ്റിനായി അവകാശവാദവുമായി വന്നിരുന്നില്ല.

കഴിഞ്ഞതെരഞ്ഞെടുപ്പിൽ 28,747 വോട്ടുകൾക്കാണ് മുഹമ്മദ് റിയാസ് കോൺഗ്രസിലെ പി.എം. നിയാസിനെ തോൽപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രണ്ട് മാസമായി അൻവർ ബേപ്പൂർ മണ്ഡലത്തിൽ ഉണ്ട്. മണ്ഡലത്തിലെ വികസന വിഷയങ്ങൾ ഉയർത്തികാട്ടിയാണ് അൻവർ പ്രചാരണം പ്രവർത്തനം നടത്തുന്നത്. പിണറായിക്കും മരുമോനുമെതിരെയാണ് പോരാട്ടമെന്ന് അൻവർ പറയുന്നു. ഭരണവിരുദ്ധവികാരം തുണയായേക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും കേന്ദ്രങ്ങൾ.

എൽ.ഡി.എഫ് അഞ്ച് വർഷം കൊണ്ട് ഉണ്ടാക്കിയ ജനകീയത മറികടക്കുകയെന്നതാണ് അൻവറിന്റെ മുന്നിലുള്ള വലിയ വെല്ലുവിളി. വാർട്ടർഫെസ്റ്റ് ഉൾപ്പെടെയുള്ള വിനോദ സഞ്ചാര പരിപാടികളും മറ്റ് അടിസ്ഥാന മുന്നേറ്റവും പറഞ്ഞാണ് റിയാസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവിൽ മണ്ഡലത്തിലെ ഒമ്പത് കോർപ്പറേഷൻ വാർഡുകളിലും കടലുണ്ടി പഞ്ചായത്തും ഭരിക്കുന്നതും എൽ.ഡി.എഫാണ്. ഫറോക്ക്, രാമനാട്ടുകര, നഗരസഭകളും നാല് കോർപറേഷൻ വാർഡുകളും യു.ഡി.എഫാണ് ഭരിക്കുന്നത്. ഒരു കോർപറേഷൻ വാർഡിൽ എൻ.ഡി.എയുമാണുള്ളത്. ഇത്തവണ എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് സ്ഥാനാർഥി കെ.പി. പ്രകാശ്ബാബുവാണ്. കേന്ദ്ര സർക്കാറിന്റെ പ്രവർത്തനങ്ങളും ശബരിമല സ്വർണക്കൊള്ളയുമാണ് എൻ.ഡി.എ ഉയര്‍ത്തുന്ന പ്രചാരണായുധം.

Full View

Tags:    
News Summary - kerala assembly election pv anvar vd satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.