പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി !! -കെ.കെ. രമ

വടകര: ധർമടത്ത് പിണറായി വിജയൻ ആദ്യ ആറ് റൗണ്ടുകളിൽ പിന്നിലായതിന്റെ സന്തോഷം പങ്കുവെച്ച് ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനത്തിൽ വടകരയി​ലെ യു.ഡി.എഫ് സ്ഥാനാർഥി കെ.കെ. രമ. ​‘പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി !!’ എന്നായിരുന്നു രമയുടെ ഫേസ്ബുക് കുറിപ്പ്.

‘കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു... രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ’ -രമ കുറിച്ചു. 2012 മേയ് നാലിനാണ് ടി.പി. ചന്ദ്രശേഖരനെ സി.പി.എം ​ഗുണ്ടകൾ കൊലപ്പെടുത്തിയത്. ​കൊലപാതകത്തിന് ശേഷം അദ്ദേഹത്തെ കുലംകുത്തിയെന്ന് പിണറായി അധിക്ഷേപിച്ചത് വിവാദമായിരുന്നു.

കൊള്ളരുതായ്മയുടെ 10-വർഷമാണ് കടന്നുപോയതെന്നും ഇന്ന് പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും കെ.​കെ. രമ നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് നാലിന് വോട്ടെണ്ണൽ പ്രഖ്യാപിച്ച ഉടൻ ആർ.എം.പി.ഐ സാമൂഹിക മാധ്യമഅക്കൗണ്ടുകളിൽ നിറയെ ‘മെയ് നാല് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനത്തിൽ പിണറായിസം അവസാനിക്കും’ എന്ന് കുറിച്ചിരുന്നു. ​2012 മെയ് നാലിനാണ് ടി.പി. ചന്ദ്രശേഖരൻ ​കൊല്ലപ്പെടുന്നത്. ഇന്ന് വേ​ാട്ടെണ്ണൽ നടക്കെ വടകര മേഖലയിലാകെ ചർച്ചയാകുന്നത് ഈ വാക്കുകളാണ്.

സി.പി.എമ്മിന്​ നയവ്യതിയാനം സംഭവിച്ചുവെന്ന്​ ചൂണ്ടികാണിച്ച്​ രൂപവൽകരിച്ച ആർ.എം.പി.ഐയുടെ സാന്നിധ്യമാണ്​ വടകരയെ പുതിയ കാലത്ത്​ രാഷ്​ട്രീയ ​ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നത്​. 2021-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിപ്ലവകരമായ മാറ്റത്തിനാണ് വടകര സാക്ഷ്യം വഹിച്ചത്. യു.ഡി.എഫ് പിന്തുണയോടെ ആർ.എം.പി.ഐ സ്ഥാനാർഥിയായി മത്സരിച്ച കെ.കെ. രമ 65,093 വോട്ടുകൾ നേടി വിജയിച്ചു.

പോൾ ചെയ്ത വോട്ടുകളുടെ 47.63 ശതമാനമായിരുന്നു ഇത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ലോകതാന്ത്രിക് ജനതാദളിലെ മനയത്ത് ചന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. മനയത്ത് ചന്ദ്രന് 57,602 വോട്ടുകൾ (42.15%) ലഭിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി എം. രാജേഷ് കുമാർ 10,225 വോട്ടുകൾ (7.48%) നേടി മൂന്നാം സ്ഥാനത്തെത്തി. എസ്​.ഡി.പി.ഐ സ്ഥാനാർത്ഥി മുസ്തഫ പലേരി 2,836 വോട്ടുകൾ നേടി. 7,491 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.കെ. രമ വടകരയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ആർഎംപിഐയിൽ നിന്ന് നിയമസഭയിലെത്തുന്ന ആദ്യ പ്രതിനിധിയായി ചരിത്രം കുറിച്ചു.

ഇത്തവണ എൽ.ഡി.എഫ്​ സ്​ഥാനാർഥിയായി ആർ.ജെ.ഡി നേതാവ്​ എം.കെ. ഭാസ്​കരനാണുള്ളത്​. ഭാസ്​കരൻ നേരത്തെ ഏറാമല പഞ്ചായത്ത്​ പ്രസിഡന്‍റായിരുന്നു. എൻ.ഡി.എക്കുവേണ്ടി ബി.ജെ.പി ഇത്തവണ വടകരയിൽ മത്സരിപ്പിക്കുന്നത് കെ. ദിലീപിനെയാണ്. കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന വടകര, മറ്റ് ആറ് നിയമസഭാ മണ്ഡലങ്ങൾക്കൊപ്പം ചേർന്നാണ് വടകര ലോക്സഭാ മണ്ഡലം രൂപവൽകരിക്കുന്നത്. 1951-ൽ രൂപീകൃതമായത് മുതൽ കഴിഞ്ഞ 70 വർഷത്തിലേറെയായി കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വടകര നിർണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്. വടകര മുനിസിപ്പാലിറ്റിയും വടകര താലൂക്കിലെ അഴിയൂർ, ചോറോട്, ഏറാമല, ഒഞ്ചിയം എന്നീ പഞ്ചായത്തുകളും ചേരുന്നതാണ് ഈ നിയമസഭാ മണ്ഡലം.

Tags:    
News Summary - kerala assembly election 2026: tp chandrasekharan kk rema pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.