പിണറായി വിജയൻ
തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥ വകവെക്കാതെ പോളിങ് ബൂത്തുകളിലെത്തിയ ജനങ്ങൾ, കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും നേർക്കാഴ്ചയാണ് നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വലിയ ജനപങ്കാളിത്തം അങ്ങേയറ്റം ശ്ലാഘനീയമാണെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. സംസ്ഥാനത്ത് വോട്ടിങ് ശതമാനം 90 ശതമാനം കടന്നേക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രത്തൻ ഖേൽകർ അഭിപ്രായപ്പെട്ടത്. രാത്രി ഏഴരയോടെ പുറത്തുവന്ന കണക്കുകൾ പ്രകാരം 78 ശതമാനമാണ് സംസ്ഥാനത്തെ പോളിങ് നില. അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ ഇതിൽ ഇനിയും വർധനവുണ്ടാകും.
സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ, തികച്ചും സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണെന്ന് പിണറായി അഭിപ്രായപ്പെട്ടു. ഈ ബൃഹത്തായ പ്രക്രിയ വിജയകരമായി നടപ്പിലാക്കാൻ അഹോരാത്രം അധ്വാനിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷയൊരുക്കിയ പോലീസ്-കേന്ദ്രസേനാ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ച എല്ലാവരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. കേരളത്തിന്റെ ജനാധിപത്യ ബോധത്തിനും ജനപങ്കാളിത്തത്തിനും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ -അദ്ദേഹം പറഞ്ഞു.
‘സംസ്ഥാനത്തെ വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയായിരിക്കുകയാണ്. തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ച് ഈ ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കുന്നു.
വളരെ ചുരുങ്ങിയ പ്രചാരണ സമയം മാത്രമേ ഇത്തവണ ലഭിച്ചിരുന്നുള്ളൂ. എങ്കിലും, കടുത്ത വേനൽച്ചൂടിനെപ്പോലും അവഗണിച്ച് അക്ഷീണം പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരുടെ ആവേശം എടുത്തുപറയേണ്ടതാണ്. പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങൾ, കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും നേർക്കാഴ്ചയാണ് നൽകിയത്. ഈ വലിയ ജനപങ്കാളിത്തം അങ്ങേയറ്റം ശ്ലാഘനീയമാണ്.
സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ, തികച്ചും സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണ്. ഈ ബൃഹത്തായ പ്രക്രിയ വിജയകരമായി നടപ്പിലാക്കാൻ അഹോരാത്രം അധ്വാനിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷയൊരുക്കിയ പോലീസ്-കേന്ദ്രസേനാ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ച എല്ലാവരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. കേരളത്തിന്റെ ജനാധിപത്യ ബോധത്തിനും ജനപങ്കാളിത്തത്തിനും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.
നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.