5000 പ്രണയമുള്ള ഗണേഷിനെ ആ പണിക്കും ജ്യോതികുമാറിനെ നിയമസഭയിലേക്കും അയച്ച പത്തനാപുരത്തിന് സ്നേഹ ചുംബനം -ജിന്റോ ജോൺ

കൊച്ചി: തീപാറുന്ന മത്സരത്തിനൊടുവിൽ കോൺഗ്രസ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയെ വിജയിപ്പിച്ച പത്തനാപുരത്തെ വോട്ടർമാരെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ‘5000 പ്രണയങ്ങളുടെ തിരക്കുള്ള ഗണേഷൻ ജന്മിയെ ആ പണിക്കും ജനങ്ങളോടൊപ്പം നിന്ന ജ്യോതികുമാർ ചാമക്കാലയെ നിയമസഭയിലേക്കും അയച്ച പത്തനാപുരത്തിന്റെ ജനാധിപത്യ ബോധത്തിന് ഒരായിരം സ്നേഹ ചുംബനങ്ങൾ’ -എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ, ഭാര്യയെ മർദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഗണേഷ്‍കുമാർ നടത്തിയ പരാമർശത്തെ പരിഹസിച്ചാണ് ജിന്റോയുടെ കുറിപ്പ്. തനിക്ക് ഒന്നല്ല 5000 പ്രണയമുണ്ടെന്നായിരുന്നു അന്ന് ഗണേഷ് കുമാർ പറഞ്ഞത്. ‘ഗണേഷ് കുമാറിന് പ്രണയമുണ്ടോയെന്ന് ചോദിച്ചാല്‍ മാധവിക്കുട്ടിക്ക് പ്രണയമുണ്ടോയെന്ന് ചോദിക്കുന്നതുപോലയേ ഉള്ളൂ. നിങ്ങളില്‍ പ്രണയിക്കാത്തവര്‍ ആരാ. ഗണേഷ് കുമാറിന് ഒന്നല്ല 5000 പ്രണയമുണ്ട്. എല്ലാവരോടും സ്‌നേഹമാണ്. കാരണം പ്രണയമില്ലാത്തവന്‍ പൊട്ടനാ. അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും. മഹാനായ ജവഹര്‍ലാല്‍ നെഹ്രുവിന് പ്രണയമുണ്ടായിരുന്നു. രാജീവ് ഗാന്ധി പ്രണയിച്ചാണ് കല്യാണം കഴിച്ചത്. വാജ്‌പേയിക്കുണ്ടായിരുന്നു. ചൂടുള്ള പ്രണയമാണ് ആവശ്യമെന്ന് മാധവിക്കുട്ടി മരിക്കുന്നതുവരെയും പറഞ്ഞിരുന്നു’ -എന്നായിരുന്നു ഗണേഷ് വിശദീകരിച്ചത്.

പൊതുപ്രവർത്തകന് സ്വഭാവശുദ്ധി നിർബന്ധമാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നായിരുന്നു പത്തനാപുരത്തെ കോൺഗ്രസ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാല ഇതിനെ കുറിച്ച് പ്രതികരിച്ചത്. എനിക്ക് 5000 ഭാര്യമാരൊന്നുമില്ല. എനിക്കൊരു ഭാര്യയും രണ്ട് മക്കളുമാണ്. നല്ല സന്തുഷ്ടമായ കുടുംബജീവിതം നയിച്ചു പോകുന്നു. എന്നെ ഭാര്യ തല്ലിയിട്ടില്ല. എന്നെ നാട്ടുകാരും തല്ലിയിട്ടില്ല. ഞാൻ തിരിച്ചും തല്ലിയിട്ടില്ല. പൊതുപ്രവർത്തകർക്ക് ഉണ്ടാകേണ്ട അടിസ്ഥാനപരമായ മൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ട് തന്നെയാണ് ഞാൻ ഈ ​തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വിവാദ വിഷയങ്ങൾ ചർച്ചയാകും എന്ന കാര്യത്തിൽ തർക്കമില്ല. നമ്മൾ ആരും പറയേണ്ടതില്ല, ജനങ്ങൾ തന്നെ ചർച്ച ചെയ്യുന്നുണ്ട്. ഫലം വരുമ്പോൾ ആളുകൾ എന്നെ ചേർത്തു നിർത്തുമെന്ന് എനിക്ക് പരിപൂർണ്ണ വിശ്വാസമുണ്ട്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും ജയിച്ചാലും ഈ മണ്ഡലത്തിൽ സജീവമായി ഉണ്ടാകുമെന്ന് കഴിഞ്ഞ തവണ ഞാൻ പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി സജീവമായി മണ്ഡലത്തിൽ നിന്നയാളാണ്. അവരുടെ സുഖദുഃഖങ്ങളിൽ ഒപ്പം നിൽക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. അത് അക്ഷരം പ്രതി പാലിച്ചിട്ടുണ്ട്. വിവാഹത്തിന് ക്ഷണിച്ചാൽ ഞാൻ അവിടെ പോയിട്ടുണ്ട്. മരണവീടുകളിൽ ബന്ധുക്കളെ ആശ്വസിപ്പിച്ച് അനുശോചനം രേഖപ്പെടുത്തുക എന്നത് പൊതുപ്രവർത്തകൻ അടിസ്ഥാനമായി ചെയ്യേണ്ട ഒരു കർത്തവ്യമാണ്. പക്ഷേ അതിന്റെ പേരിൽ വലിയ വിമർശനങ്ങൾ എതിർസ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. ശവപ്പെട്ടി കച്ചവടക്കാരന്റെ മനസ്സുള്ള ആളെന്നും ശവംതീനി എന്നും എന്തെല്ലാം തരത്തിലാണ് നമ്മുടെ എംഎൽഎ ആക്ഷേപിച്ചിട്ടുള്ളത്. ഞാൻ ഒരു ഘട്ടത്തിലും പ്രതികരിച്ചിട്ടില്ല. അതിനൊക്കെ പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. മരണവീട്ടിൽ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നത് തെറ്റാണെങ്കിൽ ആ തെറ്റ് ഞാൻ ഇനിയും ആവർത്തിക്കും എന്നും ചാമക്കാല പറഞ്ഞിരുന്നു.

Tags:    
News Summary - kerala assembly election 2026: kb ganeshkumar jyothikumar chamakkala jinto john

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.