ന്യൂഡൽഹി: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് മലപ്പുറം ഡി.സി.സി അധ്യക്ഷൻ വി.എസ്. ജോയ് പറഞ്ഞതാണ് കോൺഗ്രസിലെ ജനാധിപത്യത്തിന്‍റെ സൗന്ദര്യമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സ്ഥാനാർഥിയാകാൻ വി.എസ്. ജോയ് ആഗ്രഹിച്ചിരുന്നുവെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
പിണറായി സർക്കാറിന്‍റെ കൗൺഡൗൺ തുടങ്ങുന്ന തെരഞ്ഞെടുപ്പാണിത്. ആര്യാടൻ ഷൗക്കത്ത് വൻ ഭൂരിപക്ഷത്തിൽ എം.എൽ.എയായിരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സ്ഥാനാർഥികളുടെ കാര്യം മറ്റ് പാർട്ടികളോട് കൂടി മാധ്യമങ്ങൾ ചോദിക്കണം.
ഗൗരവമുള്ള തെരഞ്ഞെടുപ്പാണിത്. 2026ന്‍റെ സെമി ഫൈനൽ ആണ് നിലമ്പൂരിലേത്. കോൺഗ്രസ് പൂർണ സജ്ജമാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അറിയാവുന്നതാണ്. പിണറായി സർക്കാർ മാറാൻ ജനങ്ങൾ കാത്തിരിക്കുകയാണ്. ജനവികാരത്തിലെ പൂർണ പ്രതിഫലനം നിലമ്പൂരിലുണ്ടാകും.
തെരഞ്ഞെടുപ്പിൽ പൂർണ പിന്തുണ ഉണ്ടാകുമെന്നാണ് പി.വി. അൻവർ പറഞ്ഞിട്ടുള്ളത്. പിണറായി സർക്കാറിന്‍റെ നല്ല രീതിയിൽ പരാജയപ്പെടുത്തുകയാണ് അൻവറിന്‍റെ ലക്ഷ്യം. ആ ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട് പോകുമെന്ന് അൻവർ പറഞ്ഞിട്ടില്ലെന്നും അത്തരത്തിൽ വിചാരിക്കുന്നില്ലെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. പി.വി. അൻവറിന്റെ സമ്മർദത്തിന് വഴങ്ങേണ്ട എന്ന യു.ഡി.എഫ് തീരുമാനം ഹൈക്കാമാൻഡ് ശരിവെക്കുകയായിരുന്നു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം കെ.പി.സി.സി ഹൈക്കമാൻഡിനെ അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
അൻവറിന്റെ സമ്മർദത്തിനു വഴങ്ങി ആര്യാടൻ ഷൗക്കത്തിനെ മാറ്റേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം. അതേസമയം, അൻവറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. വി.എസ് ജോയിയും ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും അൻവറിന് തിരിച്ചടിയായി.
ആര്യാടൻ മുഹമ്മദിന്റെ കുത്തക അവസാനിപ്പിച്ച് 2016ലാണ് ഇടത് സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ നിലമ്പൂർ പിടിച്ചെടുത്തത്. പിണറായിസത്തെ തകർക്കാനായി ആര് യു.ഡി.എഫ് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്നായിരുന്നു അൻവർ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പിന്നീട് മലക്കം മറിയുകയായിരുന്നു.
ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിലെ അതൃപ്തിയും അൻവർ പരസ്യമാക്കിയിരുന്നു. പകരം വി.എസ്. ജോയിയുടെ പേരാണ് അൻവർ നിർദേശിച്ചത്. ഇത് തള്ളിയാണ് കോൺഗ്രസ് ആര്യാടൻ ഷൗക്കത്തിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.