മ്യാന്‍മറില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലായവരുടെ മോചനത്തിനായി ഇടപ്പെട്ട് കെ.സി. വേണുഗോപാല്‍ എം.പി; തട്ടിപ്പിനിരയായത് അഞ്ചു മലയാളികളടക്കം 44 ഇന്ത്യക്കാര്‍

തിരുവനന്തപുരം: അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ മ്യാന്‍മറില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലകപ്പെട്ട 44 ഇന്ത്യക്കാരുടെ മോചനത്തിനായി ഇടപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി.

കേന്ദ്രസര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ എംപി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ക്ക് കത്തുനല്‍കുകയും നേരിട്ട് ഫോണിൽ സംസാരിക്കുകയും ചെയ്തു. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി കെ സി വേണുഗോപാലിനു ഉറപ്പു നൽകുകയും ചെയ്തു.

മ്യാന്‍മറിലെ ഡോങ്മെയ് പാര്‍ക്കില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയില്‍ അപകടകരമായ അവസ്ഥയിലുള്ള ഇവരുടെ ജീവിത സാഹചര്യത്തെ കുറിച്ച് ബന്ധുക്കള്‍ കടുത്ത ആശങ്കയിലാണ്. മനുഷ്യക്കടത്ത് സംഘത്തിന്റെ കൈയിൽ അകപ്പെട്ട കാസര്‍ഗോഡ് പടന്ന സ്വദേശി മഷൂദ് അലി പത്തു ദിവസം മുന്‍പ് ഇതുസംബന്ധിച്ച പരാതി ഇന്ത്യന്‍ എംബസിയെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പരാതിപ്പെടുന്നു.

ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴിയാണ് ആളെ റിക്രൂട്ട് ചെയ്യുന്ന തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് മഷൂദ് അലി വ്യക്തമാക്കി. വിദേശത്തേക്ക് പോകാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തി അവരിലൂടെ മറ്റുള്ളവരെയും റിക്രൂട്ട് ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പാക്കിംഗ് സെക്ഷനിലേക്ക് ജോലിയെന്ന് തെറ്റിധരിപ്പിച്ചാണ് ആളുകളെ വിദേശത്ത് കടത്തികൊണ്ടുപോകുന്നത്. മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ ഇവരില്‍ പലരില്‍ നിന്നും തട്ടിപ്പുസംഘം വങ്ങിയിട്ടുണ്ട്. രണ്ടുമാസത്തെ വിസയും ടിക്കറ്റും എടുത്ത് നല്‍കി ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിച്ചശേഷം ബാങ്കോക്കില്‍ കുറച്ച് നാള്‍ ജോലി ചെയ്ത് പ്രവര്‍ത്തന മികവ് പ്രകടിപ്പിക്കുമ്പോള്‍ അവിടെ നിന്നും യു.കെയിലേക്ക് ജോലി മാറ്റി നല്‍കുമെന്നാണ് തട്ടിപ്പുസംഘം ഇവരെ ധരിപ്പിക്കുന്നത്. അതു വിശ്വസിച്ച് തട്ടിപ്പ് സംഘത്തിന്റെ വലയിലകപ്പെട്ട ഇവരെ മ്യാന്‍മാറിലേക്ക് മാറ്റുകയാണ്.

തട്ടിപ്പ് സംഘത്തെ എതിര്‍ക്കാനോ ചോദ്യം ചെയ്യാനോ ശ്രമിക്കുന്നവര്‍ക്ക് ക്രൂര മര്‍ദ്ദനമാണ്. ഫോണ്‍, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളും മറ്റുവസ്തുക്കളും തട്ടിപ്പ് സംഘം ഇരകളായവരില്‍ നിന്ന് കൈക്കലാക്കും. ഇതുകാരണം അവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണ്.

മഷൂദ് അലിയെപ്പോലെ തട്ടിപ്പിനിരയായി മ്യാന്‍മാറിലെത്തിയ കൊല്ലം സ്വദേശി ജിഷ്ണുവിനെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ല. കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരികെ പോകണമെന്ന് ആവശ്യവുമായി ബന്ധപ്പെട്ട് ജിഷ്ണു തട്ടിപ്പ് സംഘവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നെന്നും അതിന് ശേഷമാണ് ജിഷ്ണുവിനെ കാണാതായതെന്നും മഷൂദ് അലി പറയുന്നു. അതീവ ഗുരുതമായ അവസ്ഥയിലൂടെയാണ് തട്ടിപ്പിനിരയായ ഇന്ത്യക്കാര്‍ കടന്ന് പോകുന്നത്. എത്രയും വേഗം സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അവരുടെ ജീവന് തന്നെ ആപത്താണെന്നും കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

വിദേശകാര്യ മന്ത്രാലയത്തിന്റെയും എംബസിയുടെ ഭാഗത്ത് നിന്നും നടപടിയെടുക്കുന്നതില്‍ ഉണ്ടാകുന്ന കാലവിളബം കാര്യങ്ങള്‍കൂടുതല്‍ വഷളാക്കും. അതുകൊണ്ട് തന്നെ മാന്യാന്‍മാറില്‍ നിന്നും ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി തിരികെ നാട്ടിലെത്തിക്കുന്നതിന് എംബസിയുടെ നേതൃത്വത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും കെസി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു.

Tags:    
News Summary - K.C. Venugopal MP intervenes for the release of Indians held captive by human trafficking gang in Myanmar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.