പാകിസ്താന്‍റെ ഉറക്കം കെടുത്താനാണ് മോദി ശ്രമിക്കേണ്ടത്; പ്രധാനമന്ത്രിയുടെ പദവിക്ക് യോജിക്കാത്ത തരംതാണ രാഷ്ട്രീയ പ്രസംഗമെന്നും കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിന്റെയും രാഹുൽ ഗാന്ധിയുടെയും ഉറക്കം കെടുത്താൻ പരിശ്രമിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി ആദ്യം ചെയ്യേണ്ടത് പഹൽഗാമിൽ നിരപരാധികളുടെ ജീവനെടുക്കാൻ കൂട്ടുനിന്ന പാകിസ്താന്‍റെ ഉറക്കം കെടുത്താനുള്ള നടപടികളാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. വിഴിഞ്ഞം തുറമുഖം കമീഷനിങ് ചടങ്ങിൽ മോദി നടത്തിയത് പ്രധാനമന്ത്രിയുടെ പദവിക്ക് യോജിക്കാത്ത തരംതാണ രാഷ്ട്രീയ പ്രസംഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാറിനെക്കൊണ്ട് ജാതി സെൻസസ് നടപ്പാക്കാനുള്ള നടപടികൾ എടുപ്പിക്കുന്നതിനുള്ള ശക്തമായ സമ്മർദ പരിപാടികളുമായി കോൺഗ്രസും ഇൻഡ്യ സഖ്യവും രംഗത്തിറങ്ങും. അത് മോദിയുടെ ഉറക്കം കെടുത്തും. വേദിയിൽ മന്ത്രി വാസവന്‍റെ പ്രസംഗത്തെ മുൻനിർത്തി പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്താൻ പാടില്ലായിരുന്നു. മന്ത്രി വാസവൻ നടത്തിയ പ്രസംഗത്തെയും വേണുഗോപാൽ വിമർശിച്ചു. അദാനി പാർട്ണർ ആണെന്ന് മന്ത്രി പറഞ്ഞത് എന്ത് ഉദ്ദേശിച്ചാണെന്ന് അറിയില്ല. വിഴിഞ്ഞം തുറമുഖം പങ്കുകച്ചവടം അല്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

ഇൻഡ്യ സഖ്യത്തിന്റെ നെടുംതൂൺ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ച മുഖ്യമന്ത്രി, രാഹുൽ ഗാന്ധിയെയും ഇൻഡ്യ സഖ്യത്തെയും പരിഹസിച്ചപ്പോൾ വിയോജിപ്പ് പ്രകടിപ്പിക്കാത്ത നടപടിയെയും വിമർശിച്ചു. മുഖ്യമന്ത്രിക്ക് എപ്പോൾ വേണമെങ്കിലും മൈക്കെടുക്കാം, എന്നിട്ടും എന്തുകൊണ്ട് മോദിക്ക് മറുപടി നൽകിയില്ല? മോദിക്ക് മുഖ്യമന്ത്രി വേദിയിൽ തന്നെ ചുട്ട മറുപടി നൽകണമായിരുന്നു. അദാനിയെ കണ്ടപ്പോൾ മോദി മതിമറന്നു. അതിനാലാണ് രാഹുൽഗാന്ധിയെ വിമർശിക്കുന്നത്. രാജ്യവിരുദ്ധ മോദി - അദാനി താൽപര്യങ്ങളെ എതിർക്കുന്ന രാഹുൽ ഗാന്ധിയെ മോദി വിമർശിക്കാതിരിക്കുന്നത് എങ്ങനെയെന്നും വേണുഗോപാൽ ചോദിച്ചു.

പാർട്ടിയോട് ആലോചിച്ചാണ്‌ പ്രതിപക്ഷ നേതാവ് വിഴിഞ്ഞം തുറമുഖ കമീഷനിങ് പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. സ്ഥലം എം.പിയും എം.എൽ.എയും പങ്കെടുത്തതും പാർട്ടിയുടെ അറിവോടെയാണ്. പ്രതിപക്ഷ നേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദ പോലും കാട്ടിയില്ല. പ്രതിപക്ഷ നേതാവ് എന്ന പദവിയെ തന്നെ അപമാനിച്ചാൽ എങ്ങനെ അവിടെ ചെന്നിരിക്കാൻ കഴിയും? വിഴിഞ്ഞം തുറമുഖ പദ്ധതി ഉമ്മൻചാണ്ടിയുടെ ആണെന്ന് കേരള ജനതക്ക് ഉത്തമ ബോധ്യമുണ്ട്. ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. മുഖ്യമന്ത്രി വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് മറ്റാർക്കും കൊടുക്കാനും തയാറല്ല. പക്ഷേ ജനത്തിന് ഈ പദ്ധതിയുടെ പിറകിലെ ശക്തി കേന്ദ്രം ആരാണെന്ന് നല്ല ബോധ്യമുണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി.

Tags:    
News Summary - K.C. Venugopal against Modi and Pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.