കാവും കുളവും...പിന്നെ നാരങ്ങാ ഗന്ധമുള്ള കുരുമുളകും: ഔഷധ ചെടികളുടെ പ്രദര്‍ശനം ശ്രദ്ധേയം

തിരുവനന്തപുരം: കാവുകള്‍ ഔഷധ സസ്യങ്ങളുടെ കലവറ എന്ന ആശയം മുന്‍നിര്‍ത്തി അന്യം നിന്നു പോകുന്ന ഔഷധച്ചെടികളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുകയാണ് പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. കേരളീയം പുഷ്പമേളയുടെ ഭാഗമായി ജവഹര്‍ ബാലഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ കേരളത്തിന്റെ പാരമ്പര്യം എടുത്തു കാട്ടുന്ന കാവും കുളവും തുളസിത്തറയും വരെ ഒരുക്കിയിട്ടുണ്ട്.

ക്ഷീണവും വിശപ്പും മാറ്റുന്നതിനും ഉത്തേജക ഔഷധമായും ഗോത്രവിഭാഗക്കാര്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ആരോഗ്യപച്ച, പശ്ചിമഘട്ടത്തില്‍നിന്നു കണ്ടെത്തിയ നാരങ്ങയുടെ മണവും സ്വാദുമുള്ള കുരുമുളക്, ത്വക് രോഗങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന വേമ്പട തുടങ്ങിയവയും ഇവിടെയുണ്ട്. ഓരോ ഔഷധച്ചെടിയിലും അതിന്റെ ശാസ്ത്രീയ നാമം, പ്രാദേശിക നാമം, ഔഷധയോഗ്യമായ ഭാഗങ്ങള്‍, ഗുണങ്ങള്‍ എന്നിവ രേഖപെടുത്തിയിട്ടുണ്ട്.

അന്യം വന്നു തുടങ്ങിയ ഓരില, മൂവില, തിപ്പലി, ആനച്ചുവടി, ശതാപൂവ്, ബലിപൂവ്, കീരിക്കിഴങ്ങ് തുടങ്ങി അനേകം ഔഷധസസ്യങ്ങളും രംഭ, കറിവേപ്പ്, വയണ, കറുവ, ആഫ്രിക്കന്‍ മല്ലി മുതലായ സുഗന്ധ സസ്യങ്ങളും കണ്ടറിയാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. അത്യപൂര്‍വവും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ മരമഞ്ഞള്‍, മഞ്ചട്ടി, അരൂത, മൂന്നിനം കൊടുവേലി, കരിങ്കുടങ്ങള്‍, ഗരുഡക്കൊടി തുടങ്ങി വിവിധ ഇനങ്ങളിലുള്ള ഔഷധ സസ്യങ്ങളും ഇവിടെക്കാണാം.




 ഫ്ലവര്‍ഷോ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രദര്‍ശനത്തില്‍ വിവിധയിനം ഔഷധ സസ്യങ്ങളുടെ തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനും ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ആയുര്‍വേദ കോളജും പൂജപ്പുര ആയുര്‍വേദ ഗവേഷണകേന്ദ്രവും ഫാര്‍മകോഗ്നോസി യൂനിറ്റും സംയുക്തമായാണ് ഔഷധ സസ്യ പ്രദര്‍ശനം ഒരുക്കിയത്.

Tags:    
News Summary - Kaw and Kula...and lemon-scented pepper: the display of medicinal plants is remarkable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.