പ്രമുഖ കഥകളി ചെണ്ട വിദ്വാന്‍ കലാനിലയം എസ്. അപ്പു മാരാര്‍ നിര്യാതനായി

ആമ്പല്ലൂര്‍: പ്രമുഖ കഥകളി ചെണ്ട വിദ്വാന്‍ കലാനിലയം എസ്. അപ്പു മാരാര്‍ (ശ്രീനാരായണപുരം അപ്പുമാരാര്‍-97 ) നിര്യാതനായി. കൊടുങ്ങല്ലൂര്‍ അലങ്കാരത്ത് മാരാത്ത് ശങ്കരന്‍കുട്ടി മാരാരുടെയും ശ്രീനാരായണപുരത്ത് മാരാത്ത് കാര്‍ത്ത്യായനി മാരാസ്യാരുടേയും മകനായിരുന്നു. തൃക്കൂര്‍ പുറയംകാവിലെ മകളുടെ വീട്ടിലായിരുന്നു താമസം.

ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തിന്റെ ആരംഭം മുതല്‍ 36 വര്‍ഷം അധ്യാപകനായും പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ച അപ്പുമാരാരെ നവതിവേളയില്‍ കലാമണ്ഡലം കലാരത്‌ന ബഹുമതി നല്‍കി ആദരിച്ചിരുന്നു. കേരള കലാമണ്ഡലത്തിലെ ആദ്യകാല വിദ്യാര്‍ഥിയായിരുന്നു. പെരുവനം കുട്ടന്‍ മാരാരുടെ ആദ്യ ഗുരുനാഥനായ അപ്പുമാരാര്‍ തൃപ്പുണിത്തുറ, ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം, ഗുരുവായൂര്‍, തൃശ്ശൂര്‍ പൂരം, ആറാട്ടുപുഴ പൂരം, പെരുവനം പൂരം, കൊടുങ്ങല്ലൂര്‍ താലപ്പൊലി തുടങ്ങിയ പ്രശസ്ത വേദികളിലെല്ലാം പതിവുകാരനായിരുന്നു.

പ്രഗത്ഭ മേള കലാകാരന്മാരായ രാമമംഗലം താഴത്തേടത്ത് ഗോവിന്ദ മാരാര്‍, പെരുവനം നാരായണ മാരാര്‍, തച്ചിയില്‍ കൃഷ്ണമാരാര്‍, കിഴിയടത്ത് രാമ മാരാര്‍, പട്ടരാത്ത് ശങ്കര മാരാര്‍, ചക്കംകുളം ശങ്കുണ്ണി മാരാര്‍, കടവല്ലൂര്‍ അച്ചുത മാരാര്‍, ഗുരുവായൂര്‍ കുഞ്ഞന്‍മാരാര്‍, പെരുവനം അപ്പുമാരാര്‍ എന്നിവര്‍ക്കൊപ്പമെല്ലാം അപ്പു മാരാര്‍ മേളങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

ഭാര്യ: പരേതയായ കൊടുങ്ങല്ലൂര്‍ പുതിയേടത്ത് മാരാത്ത് ശാരദ. മക്കള്‍: ശാന്ത, പാര്‍വതി, പരേതരായ തങ്കപ്പന്‍, വിജയന്‍. മരുമക്കള്‍: തൃക്കൂര്‍ ഗിരീശന്‍ മാരാര്‍ (വാദ്യകലാകാരന്‍, റിട്ട. വാട്ടര്‍ അതോറിറ്റി), പരേതനായ രാമമംഗലം ഹരിദാസ്.

Tags:    
News Summary - Kathakali Chenda Vidwan Kalanilayam S Appu Marar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.