കശ്മീർ പരാമർശം: കെ.ടി. ജലീലിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

തിരുവല്ല: വിവാദ കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കാൻ നിർദേശം. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ആർ.എസ്.എസ്. നേതാവ് അരുൺ മോഹന്‍റെ ഹരജിയിലാണ് കോടതി നടപടി. കീഴ് വായ്പൂർ എസ്.എച്ച്.ഒക്ക് ആണ് ഇതുസംബന്ധിച്ച നിർദേശം കോടതി നൽകിയത്.

വിവാദ കശ്മീർ പരാമർശത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കീഴ്വായ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കേസെടുക്കാൻ പൊലീസ് തയാറായില്ല. ഇതേതുടർന്നാണ് അരുൺ കോടതിയെ സമീപിച്ചത്. 

കശ്മീ‍ർ സന്ദർശിച്ച ശേഷം ഫേസ്ബുക്കിൽ കെ.ടി ജലീലിട്ട പോസ്റ്റിലെ പരമാർശങ്ങള്‍ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. 'പാക് അധീന കശ്മീർ' എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീർ' എന്നാണ് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇത് പാകിസ്താൻ അനുകൂലികൾ നടത്തുന്ന പ്രയോഗമാണെന്നായിരുന്നു വിമർശനം. വിഭജനകാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു പരാമർശം.

വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് ജലീൽ പിൻവലിച്ചിരുന്നു. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്‍റെ നന്മക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു വിശദീകരണം.

നേരത്തെ, 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി തിലക്മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സുപ്രീംകോടതി അഭിഭാഷകൻ ജി.എസ്‌ മണിയാണ് പരാതി നൽകിയത്. എന്നാൽ, തിലക്മാർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നതിനെ തുടർന്ന് അഭിഭാഷകൻ ഡൽഹി പൊലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നു.

Tags:    
News Summary - Kashmir reference: Court orders to file a case against K.T. Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.