കാസർഗോഡ്- മംഗലാപുരം:കെ.എസ്.ആർ.ടി.സി വിദ്യാർഥികൾക്ക് സീസൺ ടിക്കറ്റ് അനുവദിച്ചു

തിരുവനന്തപുരം; കാസർഗോഡ് ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണാടക സംസ്ഥാനത്തിലെ വിവിധ സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് സീസൺ ടിക്കറ്റ് മാതൃകയിൽ യാത്രാ കൺസഷൻ സൗകര്യം കെ.എസ്.ആർ.ടി.സി ബസുകളിലും ഏർപ്പെടുത്തി. ​

മന്ത്രി ആന്റണി രാജു നിയമസഭയിൽ പ്രഖ്യാപനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാസർഗോഡ് - മംഗലാപുരം സെക്ടറിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി.യുടെ ഭരണസമിതി കാസർഗോഡ് - മംഗലാപുരം റൂട്ടിൽ വിദ്യാർഥികൾക്ക് സൗകര്യം ഒരുക്കുന്നതിനായി 30 ശതമാനം നിരക്കിളവിൽ സീസൺ ടിക്കറ്റ് നൽകി വിദ്യാർഥികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നത്.

വിദ്യാർഥികൾക്ക് ഇത് പ്രകാരം പ്രത്യേക ആർ.എഫ്.ഐ.ഡി കാർഡ് നൽകും. ഒരു കലണ്ടർ മാസം 20 ദിവസം യാത്ര ചെയ്യാവുന്ന നിരക്കിൽ 30 ദിവസം യാത്ര അനുവദിക്കുന്ന തരത്തിൽ 30 ശതമാനം നിരക്കിളവ് ആണ് നൽകുക. ആദ്യ തവണ മാത്രം കാർഡ് വിലയായി 100 രൂപ നൽകണം. തുടർന്ന് 100 രൂപ മുതൽ 2000 രൂപ വരെ റീ ചാർജ് ചെയ്യുന്ന വിധത്തിലാണ് കാർഡ് നൽകുന്നത്.

ഓരോ യാത്രയുടെ തുകയും 30 ശതമാനം ഡിസ്കൗണ്ടിൽ കുറവ് ചെയ്യുന്ന വിധത്തിൽ വേണ്ട ക്രമീകരണങ്ങൾ ഇ.റ്റി.എം.ലും കാർഡിലും ക്രമീകരിക്കും. വിദ്യാർഥി ആർ.എഫ്.ഐ.ഡി കാർഡ് കൈമാറ്റം ചെയ്യാതിരിക്കാനായി വിദ്യാർഥിയുടെ ഐ.ഡി കാർഡ് നമ്പരും ഫോട്ടോയും ആർ.എഫ്.ഐ.ഡികാർഡിൽ രേഖപ്പെടുത്തിയാകും നൽകുക.

വിദ്യാർഥികൾ അവരുടെ ഐ.ഡി കാർഡ് കൂടി യാത്രാവേളയിൽ കൈവശം കരുതണം. ആർ.എഫ്.ഐ.ഡി കാർഡുകൾക്ക് യൂനിറ്റ് തലത്തിൽ അപേക്ഷ സ്വീകരിച്ച്, കാർഡുകൾ ആദ്യഘട്ടത്തിൽ ചീഫ് ഓഫീസ് മുഖാന്തിരവും തുടർന്ന് യൂനിറ്റ് മുഖാന്തിരവുമാണ് നൽകുക.

Tags:    
News Summary - Kasargod- Mangalore: KSRTC has allotted season tickets to students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.