നെൽപാടങ്ങളിൽ കണ്ണീർപ്പെയ്​ത്ത്​; ഞാറു നടാനൊരുക്കിയ പാടങ്ങൾ വിണ്ടുകീറാൻ തുടങ്ങി

കാസർകോട്​: ഒന്നുകിൽ പ്രളയം അല്ലെങ്കിൽ കട്ട വേനൽ എന്നതാണ്​ നമ്മുടെ നാടി​െൻറ സ്​ഥിതി. ഇടമുറിയാതെ മഴ പെയ്യേണ്ട സമയമാണ്​. നിർഭാഗ്യവശാൽ മഴപോയ വഴി ആരും കണ്ടില്ല. മഴ നിലച്ചപ്പോൾ അതേറ്റവും ബാധിച്ചത്​ കർഷകരെ തന്നെ.

കർഷകരെ പ്രതികൂലമായി ബാധിച്ചാൽ അത്​ നാടി​െൻറ ഭക്ഷ്യലഭ്യതയെ സാരമായി ബാധിക്കുമെന്നതിൽ​ ആർക്കും സംശയമില്ല. കാർഷികവൃത്തി മുഖ്യവരുമാനമായ കാസർകോട്​ ജില്ലയെയും മഴയില്ലായ്​മ രൂക്ഷമായി ബാധിച്ചു. സംസ്​ഥാന​ത്ത്​ ഏറ്റവും കൂടുതൽ നദികളുള്ള ജില്ലയാണെങ്കിലും ജലസേചനത്തിന്​ ബദൽ വഴികൾ ​അത്ര കാര്യക്ഷമമല്ലാത്തതിനാൽ മഴയെ തന്നെയാണ്​ ജില്ലയിലെ കർഷകർ ആശ്രയിക്കുന്നത്​. വിവിധ കൃഷികൾ കരിഞ്ഞുണങ്ങുന്ന സ്​ഥിതിയാണ്​.

മഴക്കുറവ്​ ഏറ്റവും തിരിച്ചടിയായത്​ നെൽകൃഷിക്കാണ്​. ഞാറ്റടികളിൽ നിന്ന് ഞാറുപറിച്ച് മഴ കാത്തിരിക്കുന്ന ഒ​ട്ടേറെ കർഷകരാണ്​ ജില്ലയിലുള്ളത്​. ഞാറ്​ നടാൻ നിലമൊരുക്കി മാനം കറുക്കുന്നതും നോക്കിയിരിപ്പാണ്​ പാവം കർഷകർ.

വലിയ തുക കടമെടുത്തു വിളവെടുപ്പും പ്രതീക്ഷിച്ചിരുന്ന കർഷകരുടെ കണ്ണീരാണ്​ പാടങ്ങളിൽ. മഴ ചതിച്ചാൽ വലിയ കടക്കെണിയിലാകും. 

350 ഏക്കറോളമുണ്ടായിട്ടും കൃഷി 20 ഏക്കറിലും താഴെ

കാഞ്ഞങ്ങാട്: കാരാട്ട് വയലിലേക്കുള്ള ജലസേചനവകുപ്പി‍െൻറ പമ്പിങ് വൈകുന്നത് കൃഷിനഷ്​ടത്തിന് ഇടയാക്കുമെന്ന് കർഷകരുടെ പരാതി.

വയലിൽ ഒന്നാംവിളയുടെ കൊയ്ത്ത് അവസാനഘട്ടത്തിലെത്തിയിട്ടും പമ്പിങ് തുടങ്ങാത്തത് നിലം ഉറച്ചുപോകുന്നതിന് ഇടയാക്കുമെന്നാണ് കർഷകർ പറയുന്നത്. അരയിപുഴയിൽനിന്നുള്ള ജലസേചനവകുപ്പി‍െൻറ പമ്പിങ്ങിനെ മാത്രം ആശ്രയിച്ചാണ് ഇവിടെ രണ്ടാംവിള നടക്കുന്നത്. ജില്ലയിലെതന്നെ ഏറ്റവും വിസ്തൃതിയേറിയ പാടശേഖരങ്ങളിലൊന്നാണ് കാരാട്ട് വയൽ പാടശേഖരം. 350 ഏക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഇവിടെ ഇപ്പോൾ 40 ഏക്കറിൽ മാത്രമാണ് ഒന്നാം വിളയിറക്കിയത്.

വയലിൽ പകുതിയോളം സ്ഥലത്ത് രണ്ടാംവിള നടത്തുമെന്നാണ് നഗരസഭയും കൃഷിഭവനും പ്രഖ്യാപിച്ചിട്ടുള്ളത്.

അരയിപ്പുഴയിൽനിന്ന് നാല് മോട്ടോറുകളുപയോഗിച്ചാണ് പാടശേഖത്തിലേക്ക് കനാൽ വഴി വെള്ളമെത്തിക്കുന്നത്. രണ്ടാംവിള തുടങ്ങാറായിട്ടും പമ്പിങ് സ്​റ്റേഷനിലെ അറ്റകുറ്റപ്പണികൾ നടന്നില്ലെന്ന പരാതിയും കർഷകർക്കുണ്ട്. കാലംതെറ്റി കൃഷിയിറക്കിയാൽ കർഷകർക്ക് മാത്രമല്ല ജലസേചനവകുപ്പിനും കൂടുതൽ സാമ്പത്തികബാധ്യതയുണ്ടാക്കും. വിള വൈകിയാൽ പുഴയിൽ ഉപ്പുവെള്ളത്തിനുള്ള സാധ്യതയുമുണ്ട്.

തുടക്കത്തിൽ ഒരേസമയം രണ്ടു മോട്ടോറുകളുപയോഗിച്ച് വെള്ളം പമ്പുചെയ്ത് വയലിലെ ചതുപ്പ് നിലനിർത്തണമെന്നാണ് കർഷകർ പറയുന്നത്​.

പാട്ടത്തിനെടുത്തവർ ആശങ്കയിൽ

ബദിയടുക്ക: ബദിയടുക്കയിൽ ഭൂമി പാട്ടത്തിനെടുത്ത നെൽകൃഷി കൂട്ടായ്​മ ആശങ്കയിൽ. മഴ ഇല്ലാത്തതിനാലും വെള്ളത്തിനായി കുളങ്ങളും തോടുകളും ഇല്ലാത്തതിനാലും നെൽകൃഷി നടത്താൻ കഴിയാത്ത സ്​ഥിതിയാണ്​. കാര്യാട് കർഷക കൂട്ടായ്​മയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ആറ് ഏക്കർ തരിശുഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്​തു. വെള്ളമില്ലാത്തതിനാൽ കൃഷി മുടങ്ങിനിൽക്കുന്നു.

ബദിയടുക്ക പഞ്ചായത്തിലെ ചമ്പർത്തിമാർ, പീലിത്തടുക്ക എന്നിവിടങ്ങളിലാണ് തരിശ് ഭൂമിയിൽ നെൽകൃഷി ഇറക്കിയത്. കൂട്ടായ്​മയിൽ 1000 കിലോ അരി ലഭിച്ചു.

സംഘത്തിലുള്ളവർക്ക് ജോലിയും തരിശുഭൂമി കൃഷി എന്ന ആശയവുമാണ് ഇല്ലാതാവുന്നതെന്ന്​ കൂട്ടായ്​മ കൺവീനർ അബ്​ദുല്ല ഉക്കിനടുക്ക പറഞ്ഞു. ബദിയടുക്ക പഞ്ചായത്തിൽ കൃഷിമേഖലക്ക് കൂടുതൽ സാധ്യതയുള്ള പ്രദേശമാണ്. ജലലഭ്യത കുറവായതിനാലാണ്​ തരിശുസ്ഥലം ഒഴിഞ്ഞുകിടക്കുന്നത്.

Tags:    
News Summary - Tears in paddy fields

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.