ന​വീ​ക​രി​ച്ച റാ​ണി​പു​രം ടൂ​റി​സ്റ്റ് കോം​പ്ല​ക്സ്‌

റാണിപുരം ടൂറിസ്റ്റ് കോംപ്ലക്‌സ് ഉദ്ഘാടനത്തിനൊരുങ്ങി

പനത്തടി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരം ടൂറിസ്റ്റ് കോംപ്ലക്‌സില്‍ സംസ്ഥാന ടൂറിസം വകുപ്പ് 1.93 കോടി രൂപ ചെലവില്‍ നടപ്പാക്കിയ സൗന്ദര്യവത്കരണ, നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. നവീകരിച്ച ടൂറിസ്റ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നവംബര്‍ 10ന് ഉച്ചക്ക് രണ്ടിന് ടൂറിസം-സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് നിര്‍വഹിക്കും. വിനോദസഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും താമസസൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി ആകെ 1,93,20,986 രൂപയുടെ രണ്ടു പദ്ധതികളാണ് റാണിപുരത്ത് നടപ്പാക്കിയത്.

സില്‍ക്ക് മുഖേന 96,67,129 രൂപ ചെലവിലാണ് സൗന്ദര്യവത്കരണ പദ്ധതി പൂര്‍ത്തിയാക്കിയത്. ഇതിന്റെ ഭാഗമായി ആംഫി തിയറ്റര്‍, നീന്തല്‍ക്കുളം, സ്റ്റീല്‍ പാലം, സംരക്ഷണ ഭിത്തി, ശൗചാലയ ബ്ലോക്ക്, കുഴല്‍ക്കിണര്‍ എന്നിവയുടെ നിര്‍മാണവും പ്രവേശന കവാടം, ലൈബ്രറി കെട്ടിടം എന്നിവയുടെ സൗന്ദര്യവത്കരണവും പൂര്‍ത്തീകരിച്ചു. കൂടാതെ, ലാന്‍ഡ്‌സ്‌കേപ്പിങ്, ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കായുള്ള കളിയുപകരണങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കെല്‍ മുഖേന 96,53,857 രൂപ ചെലവിലാണ് നവീകരണ പ്രവൃത്തികള്‍ നടത്തിയത്.

കോട്ടേജുകള്‍, ഗെസ്റ്റ് ഹൗസ്, മീറ്റിങ് ഹാള്‍, പവിലിയന്‍ എന്നിവ ഇതിന്റെ ഭാഗമായി നവീകരിച്ചു. പുതിയ നടത്തിപ്പുകാരന്റെ നേതൃത്വത്തില്‍ നാല് കോട്ടേജുകള്‍ ആവശ്യമായ ഫര്‍ണിച്ചൾ ഉള്‍പ്പെടെ സജ്ജീകരിക്കുകയും എട്ട് മുറികള്‍ കൂടി സന്ദര്‍ശകര്‍ക്കായി ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. റിസോര്‍ട്ടിലെ റസ്റ്റാറന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. പ്രകൃതിരമണീയമായ മലനിരകളും പുല്‍മേടുകളും വനസമ്പത്തും നിറഞ്ഞ റാണിപുരത്തേക്ക് ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനും പ്രദേശത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കും. റാണിപുരം ടൂറിസ്റ്റ് കോംപ്ലക്‌സില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ടൂറിസം മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റിസോര്‍ട്ട് ബുക്കിങ്ങിനായി 9446233653, 0467 2227755, 9847092928 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

സംഘാടക സമിതി രൂപവത്കരണ യോഗം ചേര്‍ന്നു

പനത്തടി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരം ടൂറിസ്റ്റ് കോംപ്ലക്‌സിലെ നവീകരണ, സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപവത്കരണ യോഗം ചേര്‍ന്നു. റാണിപുരം ടൂറിസ്റ്റ് കോംപ്ലക്‌സില്‍ ചേര്‍ന്ന യോഗം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. പനത്തടി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ജെ. ജെയിംസ് അധ്യക്ഷതവഹിച്ചു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം. അഷറഫ്, കല്ലട്ര മാഹിന്‍ ഹാജി, കെ. നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കലക്ടര്‍ ശ്രീധന്യ സുരേഷ്, ജില്ല പൊലീസ് ഓഫിസര്‍ പി. നിതിന്‍രാജ്, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എന്നിവര്‍ രക്ഷാധികാരികളായുള്ള സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥന്‍ ചെയര്‍മാനും എം.എ. നസീബ് ജനറല്‍ കണ്‍വീനറുമാണ്. കെ.ജെ. ജെയിംസ്, എം. പത്മകുമാരി എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍.

സംസ്ഥാന ടൂറിസം വകുപ്പ്, കാസര്‍കോട് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), പനത്തടി ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിന്റെ വിജയകരമായ നടത്തിപ്പിനായുള്ള മുന്നൊരുക്കം, വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും ഏകോപനം, മറ്റ് ക്രമീകരണങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പരിസ്ഥിതി സൗഹാര്‍ദമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ റാണിപുരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കണമെന്നും യോഗം വിലയിരുത്തി.

യോഗത്തില്‍ പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാരി, സ്ഥിരംസമിതി അധ്യക്ഷരായ സുപ്രിയ അജിത്, കെ.ബി. രതീഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിദ്യ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍ സ്വാഗതവും ടൂറിസം വകുപ്പ് അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അഞ്ജു മോഹനന്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - Ranipuram Tourist Complex set for inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.