മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ കോഴിക്കോട് ചെറുവണ്ണൂർ മലബാർ മറീന കൺവെൻഷൻ സെൻററിൽ നടന്ന മേഖല അവലോകന യോഗത്തിൽ കാസർകോട് ജില്ല കലക്ടർ കെ. ഇമ്പശേഖർ സംസാരിക്കുന്നു
കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും വിവിധ വകുപ്പ് മന്ത്രിമാരുടെയും നേതൃത്വത്തിൽ കോഴിക്കോട് നടന്ന ഉത്തര മേഖല അവലോകന യോഗം കാസർകോട് ജില്ലക്ക് നൽകുന്നത് ശുഭപ്രതീക്ഷ. ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്ക് വേഗതകൂട്ടാൻ യോഗത്തിലെ തീരുമാനങ്ങൾ വഴിയൊരുക്കുമെന്ന കണക്കുകൂട്ടലിലാണ് ജില്ല ഭരണകൂടം. വികസന വഴിയിലൂടെ സഞ്ചരിക്കുന്ന ജില്ലക്ക് പുത്തൻ ഉണർവും പുതിയ കാഴ്ചപ്പാടുമാണ് അവലോകനയോഗം നൽകുന്നത്.
അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ജില്ലയിലെ പഞ്ചായത്തുകളിൽ അനർഹരെന്ന് കണ്ടെത്തിയവരുടെ കാര്യത്തിൽ പ്രത്യേക പരിശോധന നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള കോഴിക്കോട് ചെറുവണ്ണൂർ മലബാർ മറീന കൺവെൻഷൻ സെന്ററിൽ നടന്ന ഉത്തര മേഖല അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
മാലിന്യമുക്ത നവകേരളം പദ്ധതിയിൽ എഫ്.എസ്.ടി.പി നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങൾ പരിഹരിക്കുന്നതിന് ജില്ല കലക്ടർ മുൻകൈയെടുക്കണമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഇതിനായി പ്രത്യേക യോഗം വിളിച്ചു ചേർക്കും.
കാസർകോട് ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബിൽ 11 ജീവനക്കാരെ നിയമിക്കുന്നതിന് സർക്കാർ പരിശോധിച്ച് എത്രയും വേഗം തീരുമാനമെടുക്കും. നിലവിൽ മൂന്നു ലാബ് ടെക്നീഷ്യന്മാരെയും ഒരു പാത്തോളജിസ്റ്റിനെയും എൻ.എച്ച്.എം പദ്ധതിയിൽ നിയമിച്ചിട്ടുണ്ട്.
ജലബജറ്റ് ജില്ലയിലെ 25 തദ്ദേശഭരണ സ്ഥാപനങ്ങളിൽ പൂർത്തിയായതായി ജില്ല കലക്ടർ പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ ജലസുരക്ഷ പ്ലാൻ തയാറാക്കി. മറ്റു തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് നവംബറിൽ പൂർത്തിയാക്കുമെന്ന് കലക്ടർ പറഞ്ഞു.
ഹരിത ടൂറിസം പദ്ധതിയിൽ ആറ് ടൂറിസം കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതായി നവകേരള മിഷൻ ജില്ല കോഓഡിനേറ്റർ യോഗത്തിൽ അറിയിച്ചു. മൂന്ന് കേന്ദ്രങ്ങൾ മലയോരത്തും മൂന്ന് കേന്ദ്രങ്ങൾ തീരദേശത്തുമാണ്.
കാസർകോട്: മൂന്നാംകടവ് ഡാം നിർമാണത്തിനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ല കലക്ടർ കെ. ഇമ്പശേഖർ അവതരിപ്പിച്ച വിഷയത്തിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
കാസർകോട് ജില്ലയിൽ നിലവിൽ ഡാമില്ല. ജൽ ജീവൻ മിഷൻ പദ്ധതിപ്രകാരം വീടുകളിൽ പൈപ്പുവെള്ളം എത്തിക്കുന്നതിനും പദ്ധതി തുടരുന്നതിനും മിനി ഡാം ആവശ്യമാണ്.
നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഡാം നിർമിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാവുന്നതാണെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു പറഞ്ഞു.
കാസർകോട്: കോവളം - ബേക്കല്‍ ജലപാതയുടെ ഭാഗമായ നീലേശ്വരം - ചിത്താരി കൃത്രിമ കനാലിന് ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ നിർദേശം. നീലേശ്വരത്ത് ആഴവും വീതിയും കൂട്ടുന്ന പ്രവൃത്തി നടത്തും. സ്ഥലം ഏറ്റെടുക്കല്‍ നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ല കലക്ടര്‍മാര്‍ക്ക് നിർദേശം നല്കി.
ബേക്കല്‍ കോവളം ജലപാതയില്‍ നീലേശ്വരം മുതല്‍ ചിത്താരി വരെ കൃത്രിമ കനാല്‍ നിര്‍മിക്കാനായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പരിശോധന നടത്തിയിരുന്നു. ഇതിനായി കിഫ്ബിയില്‍നിന്നു 178.15 കോടിയാണ് അനുവദിച്ചത്. പദ്ധതിക്കായി 44.156 ഹെക്ടര്‍ സ്ഥലം ആണ് ഏറ്റെടുക്കേണ്ടത്.
നീലേശ്വരം നദിക്കും ചിത്താരി നദിക്കും ഇടയിലാണ് കനാല്‍ നിര്‍മിക്കേണ്ടത്. കൂടാതെ നമ്പ്യാര്‍ക്കല്‍ അണക്കെട്ട് ഭാഗത്ത് നാവിഗേഷന്‍ ലോക്ക് നിര്‍മിക്കാനുള്ള സ്ഥലവും ഏറ്റെടുക്കണം.
കാസർകോട്: ജില്ലയിലെ പട്ടിക വർഗ കോളനികളിൽ വീട് നിർമിച്ചവർക്ക് രണ്ട് ലക്ഷം രൂപ അനുവദിക്കുന്നതിനുള്ള തടസ്സം പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ആദ്യ ഘട്ടത്തിൽ അപേക്ഷ നൽകിയപ്പോഴുണ്ടായ പിഴവാണെങ്കിൽ അത് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബളാൽ, കോടോം ബേളൂർ പഞ്ചായത്തുകളിൽ പട്ടിക വർഗ കോളനികളിൽ വീട് നിർമാണത്തിന് അന്തേവാസികൾക്ക് ആറുലക്ഷം രൂപ ലഭിക്കേണ്ടതിൽ നാലു ലക്ഷം രൂപയാണ് ലഭിച്ചത്. അപേക്ഷയിൽ, ജനറൽ വിഭാഗമായി തെറ്റായി രേഖപ്പെടുത്തിയതിനാലാണ് രണ്ട് ലക്ഷം രൂപ ലഭിക്കാതിരിക്കുന്നത്. ഇത് സംസ്ഥാന തലത്തിൽ പരിഹരിക്കണമെന്ന് ജില്ല കലക്ടർ അഭ്യർഥിച്ചിരുന്നു.
ഈ വിഷയം പ്രത്യേകം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ലൈഫ് മിഷൻ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.