അ​ണ​ങ്കൂ​രി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​നം 

ദേശീയപാത: അണങ്കൂരും സമരത്തിലേക്ക്

കാസർകോട്: ദേശീയപാതയിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി അണങ്കൂർ നിവാസികളും സമരത്തിലേക്ക്. ജനങ്ങളെ വിഭജിക്കുന്ന 'വൻമതിലുകൾ'ക്ക് പകരം ജനങ്ങൾ തമ്മിലുള്ള നിലവിലെ ബന്ധവും വ്യാപാരമേഖലയുടെ താൽപര്യവും പരിഗണിച്ച് അടിപ്പാതകൾ നിർമിക്കണമെന്നാണ് ആവശ്യം.

മഞ്ചേശ്വരം മുതൽ പെരിയ വരെ സമരപരമ്പരകൾ നടന്നുവരുകയാണ്. അണങ്കൂരിൽ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് കർമസമിതി നിവേദനം നൽകിയിരുന്നു. ഇത് പരിഗണിക്കുമെന്ന ഉറപ്പ് ലഭിക്കുകയും ചെയ്തു. എന്നാൽ, പണി പുരോഗമിക്കുകയാണ്.

ഇതിൽ പ്രതിഷേധിച്ച് അണങ്കൂർ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട രാപ്പകൽ സമരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ആരംഭിക്കും. ദിനംപ്രതി ആയിരക്കണക്കിനാളുകൾ കടന്നുപോകുന്ന സ്ഥലമാണ് അണങ്കൂർ. ആതുര ശുശ്രൂഷ കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫിസുകൾ, ആരാധനാലയങ്ങൾ, ഭജന മന്ദിരങ്ങൾ, ജനസേവന കേന്ദ്രങ്ങൾ, കെട്ടിട സമുച്ചയങ്ങളൊക്കെ പ്രവർത്തിക്കുന്ന സ്ഥലം നഗരത്തിന്റെ പ്രധാന ഭാഗവും കൂടിയാണ്.

നഗരസഭയുടെ നിരവധി വാർഡുകളിലുള്ളവർ ഒരുപോലെ സംഗമിക്കുന്ന നഗരത്തിന്റെ പ്രധാന ഭാഗമാണ് അണങ്കൂർ. അടിയന്തരമായി അടിപ്പാത അനുവദിച്ചുകിട്ടിയില്ലെങ്കിൽ ജനജീവിതത്തെ അത് ദുസ്സഹമായി ബാധിക്കുമെന്ന് കർമസമിതി വ്യക്തമാക്കി.

കന്നട മീഡിയം പാഠ്യപദ്ധതി പ്രകാരം പ്രവർത്തിക്കുന്ന അണങ്കൂർ ജി.എൽ.പി, ബെദിര, തുരുത്തി, കൊല്ലമ്പാടി സ്കൂളുകൾ എന്നിവയിൽ പകുതിയോളം കുട്ടികൾ ദേശീയപാത വികസനത്തിന്റെ ഇരകളാണ്. അവർക്ക് പഠിക്കണമെങ്കിൽ പ്രതിദിനം കിലോമീറ്റർ സഞ്ചരിക്കണം.

ഇത് സ്കൂളുകളുടെ പ്രവർത്തനങ്ങളെ താളം തെറ്റിക്കും. ഇരുവശങ്ങളിലുമായിട്ടാണ് ആശുപത്രികളും സർക്കാർ ഓഫിസുകളും ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്നത്. ഇത്രയുംകാലം അതിനെ ആശ്രയിച്ചു വരുന്നവർക്ക് ദേശീയപാത വികസനത്തിന്റെ നിലവിലെ രീതി തടസ്സമാകും. ജനങ്ങളുടെ സഞ്ചാരത്തിനു തടസ്സമില്ലാതെയാണ് രാപ്പകൽ സമരം ആരംഭിക്കുന്നത്. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

എരിയാലിലും വേണം അടിപ്പാത; രാപ്പകൽ സമരം 14ന്‌

എരിയാൽ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ ആറുവരിപ്പാത പണി പുരോഗമിക്കുമ്പോൾ എരിയാലിൽ റോഡ്‌ മറി കടക്കാൻ അടിപ്പാത നിർമിക്കണമെന്ന ആവശ്യവുമായി കർമ സമിതി.

ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരിയാൽ ടൗണിൽ രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി രാപ്പകൽ സമരം നവംബർ 14ന് ആരംഭിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. നിലവിലെ പാതയിൽനിന്ന് നാലടിയോളം ഉയരത്തിലാണ്‌ പുതിയ പാതയുടെ പണി.

ഇരുവശവും ഇത്രയും ഉയരത്തിൽ പാർശ്വഭിത്തി കൂടി വരുന്നതോടെ ഉയരം ഇരട്ടിയാകും. ഇതോടെ എരിയാൽ ടൗൺ രണ്ടായി മാറും. പാതയുടെ പടിഞ്ഞാറു വശത്ത്‌ ജുമാ മസ്ജിദും ഹയർസെക്കൻഡറി മദ്റസയും മഖാമും കിഴക്കു വശത്ത്‌ ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്‌. റോഡ്‌ നിർമാണം പൂർത്തിയാവുന്നതോടെ മറുവശത്തെ ഭക്തർ ആരാധനാലയങ്ങളിലെത്താൻ പ്രയാസപ്പെടും.

ഈ പ്രദേശത്തുള്ളവർക്ക്‌ ഹൈസ്കൂൾ പഠനത്തിനും ഉപരിപഠനങ്ങൾക്കും മറ്റു പ്രദേശങ്ങളെയാണ്‌ ആശ്രയിക്കുന്നത്. ബസിനെ ആശ്രയിക്കുന്ന വിദ്യാർഥികളാണ്‌ അധികവും. ബസ്‌ ഇറങ്ങാനും കയറാനും റോഡ്‌ മുറിച്ചു കടക്കാനും സംവിധാനമില്ലെങ്കിൽ ഇവരും ഏറെ പ്രയാസപ്പെടും.

ജോലിക്കും മറ്റുമായി കാസർകോട്‌ ടൗണിനെ ആശ്രയിക്കുന്നവരുടെ അവസ്ഥയും മറ്റൊന്നല്ല. വില്ലേജ്‌ ഓഫിസ്‌, സ്കൂൾ, റേഷൻ ഷോപ്പ്‌ എന്നിവ പാതയുടെ കിഴക്ക്‌ വശത്തായതിനാൽ പടിഞ്ഞാർ വശത്തുനിന്ന് വരുന്നവർ എങ്ങനെ ഇവിടങ്ങളിൽ എത്തുമെന്ന ആശങ്കയും നാട്ടുകാർ പുലർത്തുന്നുണ്ട്.

വിവാഹപ്പന്തലിൽനിന്ന് സമരപ്പന്തലിലേക്ക്

പെ​റു​വാ​ഡ് അ​ടി​പ്പാ​ത ആ​വ​ശ്യ​വു​മാ​യി ന​ട​ക്കു​ന്ന സ​മ​ര​പ്പ​ന്ത​ലി​ൽ ന​വ​ദ​മ്പ​തി​ക​ളാ​യ

സ​ന്ദീ​പും അ​ശ്വി​നി​യും


മൊഗ്രാൽ: ദേശീയപാത വികസനത്തിൽ പെറുവാഡ് വിഭജിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് നടക്കുന്ന സമരപ്പന്തലിലേക്ക് വിവാഹ പന്തലിൽനിന്ന് ദമ്പതികളും. സമരത്തിന്റെ 37ാം ദിവസമാണ് നവദമ്പതികളുടെ ഐക്യദാർഢ്യം. വിവാഹ ദിനത്തിൽ തന്നെ സന്ദീപ് - അശ്വിനി ദമ്പതിമാരാണ് സ്വകാര്യ സന്തോഷങ്ങൾ മാറ്റിവെച്ച് പോരാട്ടത്തിൽ പങ്കാളികളായത്.

വിവാഹ വസ്ത്രത്തിൽ തന്നെ പ്ലക്കാർഡും പിടിച്ചു സമരപ്പന്തലിൽ ഇരുന്നു. പെറുവാഡ് അടിപ്പാത കർമസമിതി ചെയർമാൻ കാസർകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരംസമിതി ചെയർമാൻ അഷ്‌റഫ്‌ കർള, പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി.എച്ച്. റംല, ബി.എൻ. മുഹമ്മദ് അലി, എൻ.പി. ഇബ്രാഹിം, ശുഭാകറ, അബ്ദുല്ല ഹിൽടോപ്പ്, ഹാരിസ് പെറുവാഡ്, ഫിർഷാദ് കോട്ട തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - National Highway-Anankur also on strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.