കാസർകോട്: ജില്ലയിലെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി നടന്ന 15 പ്രവൃത്തികളിൽ ഇന്റർലോക്ക്, പ്രീകാസ്റ്റ് ടൈൽസ് പ്രവൃത്തികളിൽ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. 2023-24 വർഷത്തെ പ്രവൃത്തികളിൽ തദ്ദേശ സ്ഥാപന എൻജിനീയർമാർ ഗുണനിലവാര പരിശോധന നടത്താതെ കരാറുകാർക്ക് തുക അനുവദിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്.
15 ചെറു പ്രവൃത്തികളിലാണ് അഴിമതി നടന്നതായി സംശയിക്കുന്നത്. 20 ലക്ഷം രൂപയാണ് ഈ ഇനത്തിൽ ആകെ കരാറുകാർ കൈപ്പറ്റിയത്. തൃക്കരിപ്പൂർ, ചെറുവത്തൂർ, കയ്യൂർ-ചീമേനി, ഈസ്റ്റ് എളേരി, കിനാനൂർ-കരിന്തളം, പൈവളിഗെ, നീലേശ്വരം നഗരസഭ, കാഞ്ഞങ്ങാട് നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്കെതിരെയാണ് ഓഡിറ്റ് പരാമർശം.
തൃക്കരിപ്പൂരിൽ പകൽവീട് നിർമാണം, വിവിധ അംഗൻവാടികളുടെ അറ്റകുറ്റപ്പണി, ഹോമിയോ ഡിസ്പെൻസറി ചുറ്റുമതിൽ, ജി.എൽ.പി.എസ് മൈത്താണി അടുക്കള നവീകരണം, ജി.യു.പി.എസ് ഒളവറ സങ്കേത അസംബ്ലി പവലിയൻ പ്രവൃത്തികൾ എന്നിവയാണ് ആരോപണ വിധേയ പ്രവൃത്തികൾ. ഇവക്കെല്ലാമായി 3,86,556 രൂപയാണ് കരാറുകാരന് അനുവദിച്ചത്. നിർമാണ സാമഗ്രികളുടെയും കൂലിയുടെയും തുകയാണിത്.
ചെറുവത്തൂരിൽ തൈക്കാട് ശ്മശാനം അടുപ്പ് നിർമാണത്തിന് അനുവദിച്ചത് 35,863 രൂപ. കയ്യൂർ ചീമേനിയിൽ എം.സി.എഫിൽ അടിസ്ഥാന സൗകര്യമൊരുക്കൽ, ചെറിയാക്കര ജി.എൽ.പി.എസിൽ ശുചിത്വ കോംപ്ലക്സ് നിർമാണം എന്നിവക്ക് 1,10,839 രൂപ അനുവദിച്ചു. ഈസ്റ്റ് എളേരിയിൽ കടുമേനി എം.സി.എഫിന് അടിസ്ഥാന സൗകര്യം, മൃഗാശുപത്രി അറ്റകുറ്റപ്പണി എന്നിവക്ക് 4,48,821 രൂപ അനുവദിച്ചു.
കിനാനൂർ കരിന്തളം പഞ്ചായത്തിൽ പരപ്പ യു.പി സ്കൂൾ ടോയ്ലറ്റ് നിർമാണം. ഓഡിറ്റ് റിപ്പോർട്ടിൽ ഇതിന്റെ തുക പറഞ്ഞിട്ടില്ല. പൈവളിഗെയിൽ നേതാറുളി അംഗൻവാടി കെട്ടിടം നവീകരണത്തിന് 58,806 രൂപ അനുവദിച്ചു. നീലേശ്വരം നഗരസഭയിൽ കടിഞ്ഞിമൂല സ്കൂളിന് ഇന്റർലോക്ക് പ്രവൃത്തിക്ക് 1,92,036 രൂപ അനുവദിച്ചു. കാഞ്ഞങ്ങാട് നഗരസഭയിൽ ആർ.ആർ.എഫ് കേന്ദ്രം നവീകരണത്തിന് 6,23,560 രൂപ അനുവദിച്ചു.
ചെറുവത്തൂർ ചെമ്പ്രകാനം സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ എം.വി. ശിൽപരാജ് സമർപ്പിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് രേഖകളുള്ളത്. എൻജിനീയർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശിൽപരാജ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.