കാസർകോട്: വിനോദസഞ്ചാര കേന്ദ്രങ്ങളെ മികവുറ്റതാക്കി ജില്ലയെ പ്രമുഖ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റാനും ജില്ലയിലെ ടൂറിസം സാധ്യതകളും അവസരങ്ങളും കണ്ടെത്തുന്നതിനും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലും (ഡി.ടി.പി.സി) കേരള കേന്ദ്ര സര്‍വകലാശാലയിലെ ടൂറിസം പഠനവകുപ്പും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. വിനോദസഞ്ചാര ഭൂപടത്തില്‍ കാസര്‍കോടിന്റെ ഇടം കൂടുതല്‍ ശ്രദ്ധേയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇരുസ്ഥാപനങ്ങളും കേന്ദ്രീകരിക്കും.
ജില്ലയില്‍ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കൂട്ടായി നടത്തും. നിലവിലുള്ള കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, ടൂറിസം വികസന സാധ്യതകള്‍, ടൂറിസത്തിലൂടെയുള്ള പ്രാദേശിക വികസനം തുടങ്ങിയവയെ കുറിച്ച് പഠനം നടത്തും.
ടൂറിസം പഠന വകുപ്പിലെ വിദ്യാര്‍ഥികളായിരിക്കും ഇതിന് നേതൃത്വം നല്‍കുക. പഠന റിപ്പോര്‍ട്ട് ഡി.ടി.പി.സിക്ക് കൈമാറും. ജില്ലയിലെ സാംസ്കാരിക കലാവൈവിധ്യങ്ങള്‍, പരമ്പരാഗത രുചിഭേദങ്ങള്‍-ഉൽപന്നങ്ങള് എന്നിവ വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്താനുള്ള പഠനവും ശ്രമങ്ങളും നടത്തും. ഡി.ടി.പി.സി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ടൂറിസം പഠന വകുപ്പിന്റെ സഹകരണം ഉണ്ടാവും.
ടൂറിസം ക്ലബ് രൂപവത്കരിക്കും. വിനോദയാത്രകള്‍ സംഘടിപ്പിക്കും.ജില്ല കലക്ടറുടെ ചേംബറില്‍ നടന്ന ധാരണപാത്രം ഒപ്പിടലില്‍ ജില്ല ടൂറിസം പ്രൊമോഷന് കൗണ്‍സിൽ ചെയര്‍മാനും ജില്ല കലക്ടറുമായ കെ. ഇമ്പശേഖറും ടൂറിസം പഠന വകുപ്പ് മേധാവി ഡോ.ടി.എ. ബിനോയും ധാരണ പത്രം കൈമാറി. ചടങ്ങില്‍ ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, കേരള കേന്ദ്ര സര്‍വകലാശാല സ്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍ പ്രഫ.ടി.ജി. സജി, ടൂറിസം പഠന വകുപ്പ് ഫാക്കല്‍റ്റി ഡോ.കെ.ഐ. ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.