കാഞ്ഞങ്ങാടി​​​‍െൻറ ചിത്രകാരന്​ വിട

കാഞ്ഞങ്ങാടി​​​‍ൻെറ ചിത്രകാരന്​ വിട കാഞ്ഞങ്ങാട്: പ്രശസ്ത ചിത്രകാരനും കേരള ലളിതകല അക്കാദമി മുൻ അംഗവുമായിരുന്ന ടി. രാഘവന്​ വിട. ദേശീയ അധ്യാപക അവാർഡ് നേടിയ ഇദ്ദേഹം കാഞ്ഞങ്ങാട് ലളിതകല അക്കാദമിയുടെ ആർട്ട് ഗാലറി സ്ഥാപിക്കുന്നതിൽ ഏറെ പ്രയത്നിച്ച ചിത്രകാരൻ കൂടിയാണ്. ചിത്രകലയ്ക്ക് അത്രയൊന്നും സ്വാധീനമില്ലാതിരുന്ന കാലത്ത് സ്വന്തം ഇഷ്ടപ്രകാരം കലയെ സ്നേഹിച്ച് ആയിരക്കണക്കിന് ചിത്രങ്ങൾ വരച്ച്കൂട്ടിയയാൾ. 1940 ആഗസ്റ്റ് നാലിന് കാഞ്ഞങ്ങാട് ജനിച്ച അദ്ദേഹം നീലേശ്വരം രാജാസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തലശ്ശേരി പി.വി. ബാലൻ നായരുടെ കീഴിൽ രണ്ടു വർഷത്തെ ചിത്രകല പഠനം പൂർത്തിയാക്കിയ അദ്ദേഹം 1961 ൽ ചിത്രകല അധ്യാപകനായി ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂളിൽ നിയമിതനായി. നൂറു കണക്കിന് കുട്ടികളെ ചിത്രകല പഠിപ്പിച്ചു. പി കുഞ്ഞിരാമൻ നായർ , പി. അമ്പു നായർ, മടിക്കൈ കുഞ്ഞിക്കണ്ണൻ തുടങ്ങി ജില്ലയിലെ പ്രധാന വ്യക്തികളുടെ ഛായചിത്രങ്ങൾ അദ്ദേഹം വരച്ചു തീർത്തതാണ്. 36 വർഷത്തെ അധ്യാപക ജീവിതത്തിനു ശേഷം 1995 ൽ സർവിസിൽ നിന്ന്​ വിരമിച്ചു. 1991 ൽ ദേശീയ അധ്യാപക അവാർഡു ലഭിച്ചു. 2001 മുതൽ 2005 വരെ കേരള ലളിതകല അക്കാദമി നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു. മരണവിവരമറിഞ്ഞ് ചിത്രകാരന്മാരും കലാ- സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധി ആളുകളെത്തി. മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ എം.എൽ.എ, നഗരസഭ അധ്യക്ഷ കെ.വി. സുജാത, മുൻ എം.പി പി. കരുണാകരൻ, സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, സി.പി.ഐ നേതാക്കളായ ബങ്കളം പി. കുഞ്ഞികൃഷ്ണൻ, കെ.വി. കൃഷ്ണൻ, എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. പത്മനാഭൻ ,ജില്ല പ്രസിഡന്‍റ് വിനയൻ കല്ലത്ത്, യുവകല സാഹിതി ജില്ല സെക്രട്ടറി ജയൻ നീലേശ്വരം, സി.പി.എം നേതാക്കളായ അഡ്വ. പി. അപ്പുക്കുട്ടൻ, വി.വി. രമേശൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.