ലോക്ഡൗണിനു സമാനമായ ഞായറാഴ്ച തെരുവുകൾ വിജനമായി കാസർകോട്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണം ജില്ലയിൽ പൂർണം. സമ്പൂർണ ലോക്ഡൗണിനു സമാനമായിരുന്നു ആദ്യ ഞായറാഴ്ച. കടകമ്പോളങ്ങൾ തുറന്നെങ്കിലും ആളുകൾ ഇറങ്ങിയില്ല. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത സൗകര്യവും പേരിനുമാത്രം. ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. പൊതുജനങ്ങളും കാര്യമായി പുറത്തിറങ്ങിയില്ല. കാസർകോട് പുതിയ ബസ്സ്റ്റാൻഡ് വിജനമായിരുന്നു. ചുരുക്കം ചില സ്വകാര്യ ബസുകൾ മാത്രമാണ് സർവിസ് നടത്തിയത്. യാത്രക്കാർ കുറവായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ 90ശതമാനം ബസുകളും നിരത്തിലിറങ്ങിയില്ല. മംഗളൂരു, സുള്ള്യ, പുത്തൂർ, കാഞ്ഞങ്ങാട് തുടങ്ങിയിടങ്ങളിലേക്കാണ് സർവിസ് നടത്തിയത്. പത്തോളം ബസുകളാണ് ഓടിയതെങ്കിലും യാത്രക്കാർ വളരെ കുറവായിരുന്നുവെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. പുതിയ ബസ്സ്റ്റാൻഡ്, പഴയ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നെങ്കിലും ആവശ്യക്കാരെത്തിയില്ല. ലോക്ഡൗൺ തലേന്ന് ആളുകൾ വീട്ടുസാധനങ്ങൾ വാങ്ങിയിരുന്നുവെന്നതാണ് പ്രധാന കാരണം. കോവിഡ് മാനദണ്ഡം പാലിച്ച് പുറത്തിറങ്ങിയവരെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘമായി റോഡിലിറങ്ങി. മാസ്ക്കിടാത്തവരെ നിരവധി പേരെ പിടികൂടി പിഴ ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.