സായിറാം ഭട്ട്: മറഞ്ഞത് ജീവകാരുണ്യത്തിൻെറ വൻകടൽ കാസർകോട്: കണ്ണീരു വീണിടങ്ങളിൽ കാരുണ്യവുമായെത്തുന്ന കടലായിരുന്നു സായിറാം ഗോപാലകൃഷ്ണ ഭട്ട്. സ്വന്തം കൈയിലെ പണം കൊണ്ട് നിർമിച്ചുനൽകിയത് 300ഓളം വീടുകൾ, അതിലേറെ സമൂഹ വിവാഹങ്ങൾ, മറുകൈ അറിയാത്ത മറ്റു സഹായങ്ങൾ, തിരസ്കരിച്ച ആഡംബര ജീവിതം എന്നിങ്ങനെ നൂറ്റാണ്ടോളമെത്തിയ കർമനിരതമായ ജീവിതമാണ്, ആ വലിയ മനുഷ്യൻ വിടവാങ്ങുമ്പോൾ ബാക്കിയാവുന്നത്. എല്ലാവർക്കും സ്നേഹവും കുടിയിരിക്കാൻ വീടില്ലാത്തവർക്ക് സ്നേഹത്തിനൊപ്പം വീടും കുടുംബവും നൽകിയ കാരുണ്യപ്രവാഹമായിരുന്നു സായിറാം ഭട്ട്. ആരോടും അദ്ദേഹം വിധേയപ്പെട്ടില്ല, സ്ഥാനമാനങ്ങൾക്കുവേണ്ടി ഒന്നും ചെയ്തില്ല. അദ്ദേഹത്തിന് എന്തുകൊണ്ടും അർഹതപ്പെട്ട പത്മശ്രീ ലഭിക്കാൻ മറ്റുള്ളവർ നൽകിയ അപേക്ഷകൾക്കും അദ്ദേഹത്തെ അടുത്തറിയുന്ന എം.പിയും എം.എൽ.എയും പഞ്ചായത്തും നാട്ടുകാരും നൽകിയ നിവേദനങ്ങൾക്കും ഫലമുണ്ടായില്ല. കർണാടകയോട് ചേർന്നുകിടക്കുന്ന ബദിയടുക്കയിലെ കിളിംഗാറിലാണ് സായിറാം ഗോപാലകൃഷ്ണ ഭട്ട് കഴിഞ്ഞുപോന്നത്. സാധാരണ ജീവിതം. ആഡംബരങ്ങളില്ല. വൈദ്യവും കൃഷിയുമാണ് വരുമാനം. എല്ലാം അധികമാകുമ്പോൾ അത് പാവപ്പെട്ട പെൺകുട്ടികളുടെ സമൂഹ വിവാഹമായും ഭവനരഹിതർക്കുള്ള കൂരയുമായി മാറും. സത്യസായി ബാബയുടെ അനുയായി ആയതുകൊണ്ടാണ് സായിറാം ഭട്ട് എന്ന പേരുവീണത്. ബാബ ശൂന്യതയിൽ നിന്നും കാണിക്കുന്ന ജാലങ്ങൾ സായിറാം ഭട്ട് ജീവിച്ച് കാണിക്കും എന്നുമാത്രം. ലളിതവും അത്ഭുതകരവുമായിരുന്നു ഭട്ടിൻെറ ജീവിതവഴി. കുറഞ്ഞ വിലയുള്ള വെള്ളക്കുപ്പായം, വെള്ള മുണ്ട്, ഒരു വാച്ച് അദ്ദേഹത്തിൻെറ ജീവിത നിലവാര സൂചിക ഇതായിരുന്നു. അനുയായികളും ഭജനസദസ്സുകളും ഇല്ല. താമസിക്കാനൊരു നല്ല വീടും സഞ്ചരിക്കാനൊരു നല്ല വാഹനവും ഉണ്ടായിരുന്നില്ല. പാവപ്പെട്ടവർക്ക് വീടുകൾക്കുപുറമെ കിണറുകളും തൊഴിലും നൽകി. വൃക്ഷത്തൈ വിതരണം, മാസത്തിലൊരിക്കലുള്ള മെഡിക്കൽ ക്യാമ്പ്, സമൂഹ വിവാഹങ്ങൾ എന്നിങ്ങനെ പോകുന്നു ഭട്ടിൻെറ കർമങ്ങൾ. 1995ലാണ് ജീവകാരുണ്യ പ്രവർത്തനത്തിൻെറ ഭാഗമായി വീട് നിർമിച്ചുനൽകാൻ തുടങ്ങിയത്. ബുദ്ധ-ജൈന പാരമ്പര്യത്തിലാണ് സായിറാം ഭട്ടിൻെറ ധർമപാതയുടെ വേരുകൾ ചെന്നു നിൽക്കുന്നത്. പത്മശ്രീ ലഭിച്ചവരുടെ പേരുകൾ പത്രങ്ങളിൽ നിറയുമ്പോൾ സായിറാം ഭട്ടിന് എന്താണ് അയോഗ്യത എന്ന് അദ്ദേഹത്തെ അറിയുന്നവർ ചോദിക്കാറുണ്ടായിരുന്നു. ആ വലിയ മനുഷ്യൻ കർമഭൂമിയിൽനിന്ന് വിടവാങ്ങുമ്പോൾ ഈ ചോദ്യം ബാക്കിയാവുന്നു... sairam bhat: ഒരു വീടിൻെറ താക്കോൽ ദാന ചടങ്ങിൽ സായിറാം ഭട്ട് കേന്ദ്രമന്ത്രി ജോർജ് ഫെർണാണ്ടസിനൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.