നാലു കോടി നിക്ഷേപിച്ചെന്ന് മുഖ്യപ്രതി; കരുവന്നൂർ ബാങ്കിൽ നിന്ന് കടത്തിയതെന്ന് ഇ.ഡി നിഗമനം

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പി. സതീഷ് കുമാറിന്റെ സ്വകാര്യ പണമിടപാടു സ്ഥാപനമായ ‘ദേവി ഫിനാൻസിയേഴ്സ്’ സി.പി.എമ്മിന്റെ ഫണ്ടിങ് ഏജൻസിയെപ്പോലെ പ്രവർത്തിച്ചതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). കരുവന്നൂർ കേസിലെ പ്രതികളായ സതീഷ് കുമാർ, സി.കെ. ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്താണ് ഇ.ഡി കോടതിയെ ഇക്കാര്യം അറിയിച്ചത്.

സതീഷ് കുമാറിന്‍റെ ധനകാര്യ സ്ഥാപനത്തിൽ നാലുകോടി രൂപ നിക്ഷേപിച്ചെന്ന മൊഴി തെറ്റാണെന്ന് പ്രവാസി വ്യവസായി ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്. ചില പാർട്ടി നേതാക്കളുടെ നിർദേശപ്രകാരം നാലുകോടി രൂപ നിക്ഷേപിക്കുന്നതായി കത്ത് നൽകിയതായി ദുബൈയിൽ വ്യവസായിയായ ജയരാജൻ സമ്മതിച്ചു.

അതല്ലാതെ പണം നൽകിയിട്ടില്ല. ഈ കത്ത് ഉപയോഗിച്ച് കരുവന്നൂർ ബാങ്കിൽനിന്ന് തട്ടിയെടുത്ത നാലുകോടി രൂപ സതീഷ് സ്വന്തം സ്ഥാപനത്തിൽ നിക്ഷേപിച്ചതായാണ് ഇ.ഡി നിഗമനം. തന്‍റെ പണമിടപാടു സ്ഥാപനമായ ‘ദേവി ഫിനാൻസിയേഴ്സി’ൽ നാലുകോടി രൂപ ജയരാജൻ നിക്ഷേപിച്ചതായി സതീഷ് കുമാർ മൊഴി നൽകിയിരുന്നു.

സി.പി.എം നിർദേശപ്രകാരം വടക്കാഞ്ചേരി നഗരസഭ സി.പി.എം കൗൺസിലർ പി.ആർ. അരവിന്ദാക്ഷനും സതീഷ് കുമാറും ദുബൈ സന്ദർശിച്ച് ജയരാജനിൽനിന്ന് 77 ലക്ഷം രൂപ വാങ്ങിയെന്ന് ഇ.ഡി വ്യക്തമാക്കി. 2015 ഒക്ടോബർ 19, 2016 ജനുവരി നാല് തീയതികളിൽ ദേവി ഫിനാൻസിയേഴ്സിൽനിന്ന് 18 ലക്ഷം രൂപ വീതം പാർട്ടി പത്രത്തിന്റെ അക്കൗണ്ടിലേക്ക് നൽകിയതായി സതീഷ് കുമാർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സ്ഥാപനത്തിൽനിന്ന് സി.പി.എം നേതാക്കളും പാർട്ടി പത്രവും പലപ്പോഴായി പണം പറ്റിയതിന്റെ രേഖകളും സാക്ഷിമൊഴികളും ഇ.ഡി കോടതിയിൽ നൽകി.

Tags:    
News Summary - Karuvannur Bank Scam: The main accused said that he had invested four crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.