തിരുവനന്തപുരം: കർക്കടക വാവുബലി ഏറ്റെടുക്കാൻ ആഹ്വാനം ചെയ്ത സംസ്ഥാന സമിതിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജനെ 'തിരുത്തി' സി.പി.എം സംസ്ഥാന നേതൃത്വം. ജാഗ്രതക്കുറവുണ്ടായെന്നും ഭൗതികവാദ നിലപാടിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് തിരുത്തൽ. നേതൃത്വത്തിന്‍റെ തിരുത്തൽ നടപടി അംഗീകരിച്ച പി. ജയരാജൻ ഇത്തരം ആചാരങ്ങൾ സംഘ്പരിവാറിനായി വിട്ടുകൊടുക്കരുതെന്ന വിവാദ നിലപാട് ആവർത്തിച്ചു.

പിതൃതർപ്പണത്തിനെത്തുന്ന വിശ്വാസികൾക്കാവശ്യമായ സേവനം ചെയ്യണമെന്നും ഇത്തരം ഇടങ്ങൾ ഭീകര മുഖങ്ങൾ മറച്ചുവെക്കാൻ സേവനത്തിന്‍റെ മുഖംമൂടി അണിയുന്നവർക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്നും ജൂലൈ 27ന് പി. ജയരാജൻ സമൂഹ മാധ്യമത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു. തുടർന്ന്, വാവുബലി ദിനം ജയരാജൻ നേതൃത്വം നൽകുന്ന പാലിയേറ്റിവ് രംഗത്ത് പ്രവർത്തിക്കുന്ന ഐ.ആർ.പി.സി പയ്യാമ്പലം കടപ്പുറത്ത് ഹെൽപ് ഡെസ്ക് തുറന്ന് സേവനം നടത്തി.

ജയരാജന്‍റെ നടപടി സമൂഹത്തിൽ പാർട്ടി നിലപാടിനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാനിടയാക്കിയെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു സമൂഹമാധ്യമ കുറിപ്പ്. ഈ നിലപാടിനെ പാർട്ടി അനുകൂലിക്കുന്നില്ല. സംസ്ഥാന സമിതിയംഗമെന്ന നിലയിൽ ജയരാജന്‍റെ നടപടി സി.പി.എം നിലപാടിന് യോജിച്ചതായില്ല- നേതൃത്വം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സമൂഹത്തിലുണ്ടാക്കിയ തെറ്റിദ്ധാരണ ജയരാജൻ സ്വയം തിരുത്തണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.

തുടർന്ന്, തന്‍റെ നിലപാട് തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് പി. ജയരാജൻ സമൂഹമാധ്യമത്തിലൂടെ സമ്മതിച്ചു. താൻ വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. വീട്ടിൽ പൂജാമുറിയോ ആരാധനയോ ഇല്ല. ജീവിതത്തിൽ ചെറുപ്പകാലത്തിനുശേഷം ഭൗതികവാദ നിലപാടിൽ തന്നെയാണ് ഇതുവരെ ഉറച്ചുനിന്നത്. എന്നാൽ, വിശ്വാസികൾക്കിടയിൽ വർഗീയ ശക്തികൾ നടത്തുന്ന ഇടപെടലുകളിൽ ജാഗ്രത വേണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

നാലുവർഷമായി കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് താനടക്കം നേതൃത്വം നൽകുന്ന ഐ.ആർ.പി.സി ഹെൽപ് ഡെസ്ക്‌ പിതൃതർപ്പണത്തിനെത്തുന്നവർക്ക് സേവനം നൽകിവരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിർവഹിച്ചു. ഇത്തരം ഇടപെടലുകൾ ആവശ്യമാണെന്നും ജയരാജൻ വ്യക്തമാക്കി. സി.പി.എം സംസ്ഥാന നേതൃയോഗം ഈയാഴ്ച അവസാനം ചേരാനിരിക്കെ, വിവാദം ചർച്ചയായേക്കും.  

Tags:    
News Summary - Karkataka Vavubali; CPM 'corrected' Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.