കൊച്ചി: കരിപ്പൂർ സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് കണ്ണൂർ പാനൂർ സ്വദേശി അജ്മൽ (24) അറസ്റ്റിൽ. എറണാകുളം കസ്റ്റംസ് പ്രിവൻറിവ് ഓഫിസിൽ ചൊവ്വാഴ്ച രാവിലെ തുടങ്ങി ഒമ്പതുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. അതേസമയം, കേസിൽ കസ്റ്റംസ് വിളിപ്പിച്ച ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെയും കൂട്ടുകാരൻ ആഷിഖിനെയും വിട്ടയച്ചു.
വിമാനത്താവളത്തിൽ സ്വർണവുമായി പിടിയിലായ മുഹമ്മദ് ഷഫീഖിനെ ദുബൈയിൽ കാരിയർ ഏജൻറിന് പരിചയപ്പെടുത്തിയത് അജ്മലാണെന്ന് കസ്റ്റംസ് തിരിച്ചറിഞ്ഞിരുന്നു. ഷഫീഖിനെ അജ്മലിന് പരിചയപ്പെടുത്തിയത് അർജുൻ ആയങ്കിയും. സ്വർണം കടത്തുന്നതിന് ആളെ കണ്ടെത്തി നൽകിയതിന് അജ്മൽ കമീഷനും വാങ്ങിയിട്ടുണ്ട്. ഷഫീഖിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ സമർപ്പിച്ച റിപ്പോർട്ടിൽ കേസിൽ അജ്മലിെൻറ പങ്ക് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. മാതാവിെൻറ പേരിലെ മൂന്ന് സിം കാർഡാണ് അജ്മൽ സ്വർണക്കടത്ത് ഇടപാടുകൾക്ക് ഉപയോഗിച്ചത്. മുഹമ്മദ് എന്ന പേരിലാണ് ഷഫീഖുമായി ആശയവിനിമയം നടത്തിവന്നതെന്നും കസ്റ്റംസിന് വിവരം ലഭിച്ചു.
അതേസമയം, അർജുൻ ആയങ്കിയുമായി നേരിട്ട് ബന്ധമില്ലെന്നും ഫേസ്ബുക്ക് വഴിയുള്ള പരിചയം മാത്രമാണുള്ളതെന്നും മുഹമ്മദ് ഷാഫി കസ്റ്റംസിെൻറ ചോദ്യം ചെയ്യലിൽ ആവര്‍ത്തിച്ചു. ചൊവ്വാഴ്ച രാവിലെ അഭിഭാഷകർക്ക് ഒപ്പമാണ് ഷാഫി എറണാകുളം കസ്റ്റംസ് പ്രിവൻറിവ് ഓഫിസിൽ ഹാജരായത്. മുഹമ്മദ് ഷഫീഖിെൻറ മൊഴിയിൽനിന്നാണ് ടി.പി വധക്കേസ് പ്രതികളായ മുഹമ്മദ് ഷാഫിക്കും കൊടി സുനിക്കും ബന്ധമുണ്ടെന്ന് വിവരം ലഭിച്ചത്. ഷാഫിയുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ പൊലീസ് യൂനിഫോമിൽ ഉപയോഗിക്കുന്ന സ്റ്റാറും ലാപ്ടോപും ലഭിച്ചിരുന്നു. ലാപ്ടോപ് സഹോദരിയുടേതാണെന്നും സ്റ്റാർ പാർട്ടി ചുവപ്പുസേന യൂനിഫോമിലെ ചെഗുവേര തൊപ്പിയിലേതാണെന്നും ഷാഫി പറഞ്ഞു. ഇയാളെ ഇനിയും ചോദ്യംചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.