താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോല പ്രദേശത്ത് ഭൂമിയുടെ സ്വാഭാവിക വിനിയോഗത്തില്‍ മാറ്റംവരുത്തിയെന്നും മണ്ണുമാന്തിയന്ത്രങ്ങളും ഖനന യന്ത്രങ്ങളും ഉപയോഗിച്ചതിെൻറ സൂചനകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സി.ഡബ്ലു.ആർ.ഡി.എം സീനിയര്‍ പ്രിന്‍സിപ്പല്‍ സയൻറിസ്റ്റ് ഡോ. വി.പി. ദിനേശന്. അറകളായുള്ള പാറക്കല്ലുകളുടെ അടിത്തറകളുടെ ബലത്തില്‍ വ്യതിയാനമുണ്ട്. മലമുകളിലെ കുറ്റിക്കാടുകളും മരങ്ങളും നീക്കം ചെയ്തിട്ടുെണ്ടന്നും വെള്ളം ഒലിച്ചുപോകുന്ന കയ്യാലകള്‍ ഗതി മാറ്റുകയോ തടസ്സപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്നും ഇതെല്ലാം ഉരുള്‍പൊട്ടലിനു കാരണമായ ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ കോഴിക്കോട് സബ് കലക്ടര്‍, ജലവിഭവ വികസന വിനിയോഗ കേന്ദ്രം(സി.ഡബ്ല്യു.ആർ.ഡി.എം), ഭൂഗര്‍ഭ വകുപ്പ്, സോയില്‍ കണ്‍സര്‍വേഷന്‍ എന്നീ വകുപ്പുതല ഉദ്യോഗസ്ഥരുെട കൂടെ പരിശോധനക്കെത്തിയതായിരുന്നു അദ്ദേഹം.
പ്രദേശത്ത് ശക്തമായ മഴ, പാറക്കൂട്ടങ്ങളിലെ വിള്ളലുകള്‍, കനം കുറഞ്ഞ മണ്ണ്, മണ്ണൊലിപ്പ് തുടങ്ങിയ സ്ഥിതിയുള്ളതിനാൽ ഇനിയും ഉരുള്‍പൊട്ടലിനു സാധ്യതയുണ്ടെന്നും ഡോ. വി.പി. ദിനേശന് പറഞ്ഞു. സാറ്റലൈറ്റ് ഇമേജിങ് ടെക്നോളജി ഉപയോഗപ്പെടുത്തി വിശദ ശാസ്ത്രീയ പഠനം നടത്തും. വകുപ്പ് ഏകോപനത്തിലൂടെയാണ് ശാസ്ത്രീയ പഠനവും അനേഷണവും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കരിഞ്ചോല മലയില്‍ തടയണയടക്കമുള്ള അനധികൃത നിർമാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി സ്ഥലം സന്ദര്‍ശിച്ച സബ് കലക്ടര്‍ വി. വിഘ്നേശ്വരി പറഞ്ഞു. ദുരന്തം നടന്ന പ്രദേശത്തിെൻറ ഉരുള്പൊട്ടലിനുമുമ്പും ശേഷവുമുള്ള വ്യക്തമായ ചിത്രങ്ങള്‍ ലഭ്യമാക്കുന്നതിന് ഐ.എസ്.ആർ.ഒ യുടെ കീഴിലുള്ള ബാംഗ്ലൂര്‍ നാഷനല്‍ റിമോട്ട് സെന്‍സിങ് സെൻററില്‍ (എൽ.ആര്.എസ്.സി) അപേക്ഷ നല്‍കുമെന്നും ലഭ്യമാകുന്ന മുറക്ക് ഉരുള്പൊട്ടലിെൻറ കാരണങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും വിഘ്നേശ്വരി അറിയിച്ചു. മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ നടപടി കൈക്കൊള്ളുമെന്നും സബ് കലക്ടര്‍ പറഞ്ഞു. വിശദ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ജില്ല കലക്ടര്‍ക്ക് കൈമാറുമെന്നും അവര്‍ വ്യക്തമാക്കി. 14 പേര് മരിച്ച ദുരന്തം നടന്ന കരിഞ്ചോലമലയിലെ ചെങ്കുത്തായ മല സാഹസികമായി കയറിയാണ് അധികൃതര്‍ മുകളിലെത്തിയത്. ഉരുള്‍പൊട്ടൽ പ്രഭവസ്ഥാനത്തിനു തൊട്ടുതാഴെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന സ്ഥലത്താണ് പരിശോധന നടത്തിയത്. ഉരുള്‍പൊട്ടിയ ഭാഗത്തുനിന്നുള്ള മണ്ണ്, കല്ല് തുടങ്ങിയവ പരിശോധനക്കു വേണ്ടി സംഘം ശേഖരിച്ചു. അടുത്ത ദിവസങ്ങളിലും വിദഗ്ധര്‍ മേഖലയിലെത്തി പഠനങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
സബ് കലക്ടര്‍ വി. വിഘ്നേശ്വരി, സി.ഡബ്ലു.ആര്.ഡി.എം സീനിയര്‍ പ്രിന്‍സിപ്പല്‍ സയൻറിസ്റ്റ് ഡോ. വി.പി. ദിനേശന്, മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ സീനിയര്‍ ജിയോളജിസ്റ്റ് ടി. മോഹനൻ, ജിയളോജിക്കല്‍ അസിസ്റ്റൻറ് ഷാക്കി, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെൻറിലെ ജില്ല ഓഫിസര്‍ കെ.എം. അബ്ദുല്‍ അശ്റഫ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസർ ഡോ. രഞ്ജിത് തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധനക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.