തളിപ്പറമ്പ്: അപ്രതീക്ഷിതമായി പട്ടാപ്പകൽ വന്ന തീയിൽ വെന്തുരുകിയത് തളിപ്പറമ്പിന്റെ വ്യാപാര ഹൃദയം. കച്ചവടത്തിരക്കിൽ നഗരം മുഴുകിയതിനിടെയാണ് വ്യാഴാഴ്ച വൈകീട്ടോടെ ഒരു കടമുറിയിൽ തീയുണ്ടായത്. വലിയ സംഭവമാകില്ലെന്ന് കരുതും മുമ്പേ അഗ്നി ആളിപ്പടർന്നിരുന്നു. ജോലി കഴിഞ്ഞിറങ്ങുന്നവരും മറ്റു യാത്രികരുമെല്ലാം പുക കണ്ടുതുടങ്ങിയതോടെതന്നെ പെട്ടെന്ന് നഗരഹൃദയം അഗ്നി വിഴുങ്ങാൻ തുടങ്ങി.
തൊട്ടുരുമ്മിയ കെട്ടിടങ്ങളായതിനാലാണ് കരുതിയതിനുമപ്പുറം തീപടർന്നത്. ദേശീയപാതയും തളിപ്പറമ്പും ജനസാഗരമായി. കടമുറികളിൽനിന്ന് ആളുകൾ ജീവനും കൊണ്ടോടുകയായിരുന്നു പിന്നീട്. കണ്ണൂർ ഭാഗത്തേക്കുള്ള വാഹനഗതാഗതം പൂർണമായും സ്തംഭിച്ചതോടെ യാത്രികരും പാതിയിലായി. അഗ്നിരക്ഷസേനകൾ ജില്ലയുടെ ഓരോ ഭാഗത്തുനിന്നും കുതിച്ചെത്തി വെള്ളം ചീറ്റിക്കൊണ്ടിരുന്നു.
ഉൾഭാഗത്തേക്ക് കടക്കാനാവാത്തതിനാൽ ദേശീയപാതയിൽ എല്ലാ ഗതാഗതവും തടഞ്ഞാണ് സേനയുടെ വണ്ടി നിർത്തിയത്. വെള്ളം തീർന്നതോടെ അടുത്ത വണ്ടി. അങ്ങനെ മണിക്കൂറുകൾ പുകയും ചൂടും ഭീതിയും തളിപ്പറമ്പിന്റെ സമാധാനം കെടുത്തി.
ഒരു കടയിൽനിന്ന് മറ്റ് നിരവധി കടകളിലേക്ക് തീപടരുകയും ഭീകരാവസ്ഥയാവുകയും ചെയ്തു. അപ്പോഴും പൊലീസും അഗ്നിരക്ഷ സേനാംഗങ്ങളും ജനപ്രതിനിധികളുമെല്ലാം റോഡിൽനിന്ന് ആളുകളെ മാറ്റാൻ പാടുപെടുകയായിരുന്നു. തളിപ്പറമ്പിലെ ഒരു കൂട്ടം വ്യാപാരികളും യുവാക്കളും റോഡിലിറങ്ങി പൊലീസിനൊപ്പം ചേർന്നു. കടകളിലെ സാധനങ്ങളും ബോർഡുകളുമെല്ലാം കത്തിയെരിഞ്ഞ് ദേശീയ പാതയോരത്ത് പതിച്ചുകൊണ്ടിരുന്നു. സമീപത്തെ കടകളിൽനിന്നെല്ലാം പാചക വാതക സിലിണ്ടറുകൾ പരമാവധി മാറ്റാനും അധികൃതർ ശ്രമിച്ചു.
തൊട്ടുമുന്നിൽ ട്രാൻസ്ഫോർമറുള്ളതിനാൽ വൈദ്യുതി വേഗത്തിൽ ഓഫാക്കുകയായിരുന്നു. സ്ഥാപനങ്ങളിൽ ആളുകളുണ്ടായെങ്കിലും ഇറങ്ങിയോടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. 5.12ഓടെയുണ്ടായ തീപിടിത്തം രാത്രിയോളം കവർന്നത് ഒരു കൂട്ടം വ്യാപാരികളുടെ സ്വപ്നങ്ങളായിരുന്നു. അഗ്നിയുടെ ആളലിന്റെ വേഗം കണ്ട് വ്യാപാരികളും മറ്റും റോഡിനെതിർവശത്തുനിന്ന് ഉള്ളുരുകുകയായിരുന്നു.
വർഷങ്ങൾക്ക് മുമ്പേ നിർമിച്ച കെട്ടിടങ്ങളായതിനാൽ പുതിയ നിയമങ്ങൾക്കപ്പുറമാണ് അവ. അതുകൊണ്ടുതന്നെ പെട്ടെന്ന് തീപടരാൻ കാരണമായി. അഗ്നിരക്ഷസേന എത്തിയെങ്കിലും ദേശീയപാതയിൽനിന്ന് മാത്രമേ വെള്ളം ചീറ്റാൻ കഴിഞ്ഞുള്ളൂ. കെട്ടിടത്തിന്റെ ഉൾഭാഗത്തേക്ക് വണ്ടി കയറാൻ സാധിക്കുമായിരുന്നില്ല.
നിമിഷനേരം കൊണ്ട് വലിയ ശബ്ദത്തോടെ സാധനങ്ങളും ചില്ലുകളുമെല്ലാം കത്തി താഴേക്ക് പതിക്കുകയാണുണ്ടായത്. ഒരു വേള ബസ് സ്റ്റാൻഡിന് സമീപത്തേക്ക് ഏറെ പണിപ്പെട്ട് അഗ്നിരക്ഷസേന വണ്ടി കയറ്റുകയും ചെയ്തു. കോഴിക്കോട് മിഠായിത്തെരുവ് ദുരന്തം ഓർമിപ്പിക്കുന്നതായിരുന്നു ഇവിടുത്തെ കാഴ്ച.
നിമിഷ നേരം കൊണ്ട് നഗരത്തിൽ ദേശീയ പാതയോരത്ത് തീ പടർന്നതോടെ പരിഭ്രാന്തരായി ജനം പരക്കം പാഞ്ഞു. സ്കൂൾ കുട്ടികളും സ്ത്രീകളടങ്ങുന്ന തൊഴിലാളികളും മറ്റ് യാത്രികരുമെല്ലാം ഭയന്നോടുകയായിരുന്നു. ബസുകൾ പാതിവഴിക്ക് ആളെയിറക്കിയതോടെ വീടെത്താനായി ജനങ്ങളുടെ നെട്ടോട്ടം.
ആംബുലൻസുകൾപോലും കുടുങ്ങിയ സ്ഥിതി. ചായ കഴിച്ചിരുന്നവർ ഗ്ലാസ് വലിച്ചെറിഞ്ഞോടുന്ന ദൃശ്യം. ജ്വല്ലറികളടക്കം നിമിഷ നേരം കൊണ്ട് ഷട്ടർ താഴ്ത്തി ജീവനക്കാർ പുറത്തേക്കോടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.