കുട്ടിയുടെ കാലിൽനിന്ന് പുറത്തെടുത്ത സൂചി

നവജാത ശിശുവിന്റെ തുടയിൽ സൂചി; കണ്ണൂർ മെഡിക്കൽ കോളജിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്

പയ്യന്നൂർ: പ്രതിരോധ കുത്തിവെപ്പെടുത്ത നവജാത ശിശുവിന്റെ തുടയില്‍ സൂചി തറച്ചുകയറിയനിലയില്‍ കണ്ട സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ പരിയാരം പൊലീസ് കേസെടുത്തു. കുട്ടിയെ ചികിത്സിച്ച പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെയാണ് കേസ്.

ചികിത്സയിലെ ഗുരുതര പിഴവ് ആരോപിച്ച് നേത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 25 ദിവസം പ്രായമുള്ള കുട്ടിയുടെ തുടയില്‍ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് 3.7 സെന്റീമീറ്റര്‍ നീളമുള്ള സൂചി പുറത്തെടുത്തത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽനിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോള്‍ വന്ന പിഴവാണെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച രാവിലെയാണ് പെരിങ്ങോം സ്വദേശിയായ പിതാവ് താഴത്തെ വീട്ടില്‍ ടി.വി. ശ്രീജു പരാതി നല്‍കിയത്.

ഡിസംബര്‍ 22നാണ് കുട്ടിയുടെ മാതാവിനെ പ്രസവത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 24ന് ജനിച്ച പെണ്‍കുട്ടിക്ക് രണ്ടാം ദിവസം നല്‍കിയ കുത്തിവെപ്പിനു ശേഷമാണ് അസ്വസ്ഥത തുടങ്ങിയതെന്നും രണ്ടുതവണ മെഡിക്കല്‍ കോളജില്‍ തന്നെ കാണിച്ചിട്ടും തുടയിലെ പഴുപ്പ് കുറയാതിരുന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതെന്നും ശ്രീജു പറയുന്നു.

ഡിസംബര്‍ 25ന് രണ്ട് വാക്‌സിന്‍ എടുത്തശേഷം ഡിസ്ചാര്‍ജ് ചെയ്‌തു. പിന്നീട് കുത്തിവെച്ച സ്ഥലത്ത് കുരുപോലെ വന്ന് പഴുക്കാന്‍ തുടങ്ങിയെന്നും മെഡിക്കല്‍ കോളജില്‍ പരിശോധനക്ക് എത്തിച്ചപ്പോള്‍ മരുന്ന് തന്ന് വിടുകയായിരുന്നുവെന്നുമാണ് പരാതി. കുരു വലുതായിവരുകയും കുട്ടി അസഹ്യമായ വേദനയോടെ കരഞ്ഞുകൊണ്ടിരിക്കുകയും ചെയ്തതോടെയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നതെന്നും പറയുന്നു. ഡിസംബര്‍ 24ന് വാക്‌സിനേഷന്‍ സമയത്ത് മാതാവിന്റെ കൈയില്‍നിന്ന് കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയി വാക്‌സില്‍ എടുത്തശേഷം തിരിച്ചുകൊണ്ടുവരുകയായിരുന്നു.

കൈക്കും കാലിനുമാണ് വാക്‌സിനെടുത്തതെന്ന് അവര്‍ പറഞ്ഞിരുന്നെന്നും ശ്രീജു പറയുന്നു. അതേസമയം, നവജാത ശിശുക്കളുടെ തുടയുടെ മുന്‍ഭാഗത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാനിടയില്ലെന്നും ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നുമാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന്റെ വിശദീകരണം. പരാതി അന്വേഷിക്കാന്‍ ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഉള്‍പ്പെട്ട നാലംഗ സമിതിയെ നിയോഗിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.കെ. സുദീപ് അറിയിച്ചു.

Tags:    
News Summary - Kannur Govt. Medical College: Needle in newborn baby's thigh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.