കണ്ണൻദേവൻ മലകൾ: കമ്പനി പാട്ടം നൽകുന്നത് സെൻറിന് രണ്ട് രൂപ

കൊച്ചി: കണ്ണൻദേവൻ മലകളിലെ ഭൂമിക്ക് കമ്പനി പാട്ടം നൽകുന്നത് സെൻറിന് രണ്ട് രൂപ (ഒരു ആറിന് അഞ്ച് രൂപ). ലാൻഡ് ബോർഡ് കെ.ഡി.എച്ച് നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി നൽകിയ 58275.57 ഏക്കർ ഭൂമിക്കാണ് പാട്ടം അടക്കുന്നത്. അത് പ്രകാരം പ്രതിവർഷം പാട്ടമായി 1.16 കോടി രൂപ അടക്കുന്നുവെന്നാണ് സർക്കാർ പറയുന്നത്. കമ്പനി പാട്ടം അടക്കുന്നതിൽ കുടിശിക വരുത്തിയിട്ടില്ലെന്നും പിടി. തോമസ് നിയമസഭയിൽ നൽകിയ ചോദ്യത്തിന് മന്ത്രി കെ. രാജൻ മറുപടി നൽകി.

പൂഞ്ഞാർ രാജാവിൽ നിന്ന് കേണൽ മൺട്രോയിലൂടെ കണ്ണൻദേവൻ കമ്പനിക്ക് പാട്ടത്തിനു കിട്ടിയതും കൈവശാവകാശം അനുഭവിക്കുന്നതുമായ ഭൂമിയാണ്. അതിൽ തോട്ടത്തിൻെറ ആവശ്യങ്ങൾക്ക് കമ്പനി ഉപയോഗിക്കാത്ത ഭൂമി സർക്കാരിലേക്ക് തിരിച്ചെടുക്കുന്നതിന് 1971ൽ കണ്ണൻദേവൻ മലകൾ (ഭൂമി വീണ്ടെടുക്കൽ) നിയമം (കെ.ഡി.എച്ച് ആക്ട്) പാസാക്കിയത്.

ഈ നിയമം പാസാക്കൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഭരണഘടനയുടെ 31 (എ) വകുപ്പ് തോട്ടങ്ങൾക്ക് ബാധകമല്ലെന്നും ചൂണ്ടിക്കാട്ടി കണ്ണൻദേവൻ ഹിൽസ് പ്രൊഡ്യൂസസ് കമ്പനി ലിമിറ്റഡ് സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.1972 ഏപ്രിൽ 27ലെ ഭരണഘടന ​െബഞ്ചിന്‍റെ വിധിയിൽ ഈ കേസ് സുപ്രീംകോടതി ഡിസ്മിസ് ചെയ്തു.

കെ.ഡി.എച്ച് വില്ലേജിലെ മുഴുവൻ ഭൂമിയും തിരുവിതാംകൂർ സർക്കാരിൻെറ വകയായിരുന്നെന്നും കോടതി അംഗീകരിച്ചു. അത് കൃഷിക്കായി പാട്ടത്തിന് നൽകിയിട്ടുള്ളതാണെന്നും വ്യക്തമാക്കി. കണ്ണൻദേവൻ മലകൾ (ഭൂമി വീണ്ടെടുക്കൽ) നിയമം നടപ്പിലാക്കിയത് കാർഷിക സംബന്ധമായ പരിഷ്കരണത്തിനു വേണ്ടിയാണെന്നും കോടതി വിലയിരുത്തി. പൊതുതാൽപര്യം ഏതു ഭൂമി ഏറ്റെടുക്കണമെന്ന് നിശ്ചയിക്കാനുള്ള സംസ്ഥാന സർക്കാരിൻെറ അധികാരം ചോദ്യം ചെയ്യാവുന്നതല്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് കെ.ഡി.എച്ച് നിയമത്തിന് പ്രാബല്യം ഉണ്ടാവുകയും ചെയ്തു.

ലാൻഡ് ബോർഡ് അവാർഡ് പ്രകാരം കെ.ഡി.എച്ച്.പി കമ്പനി വിവിധ ആവശ്യങ്ങൾക്കായി കൈവശം വെച്ചുവരുന്നതായി കണക്കാക്കിയിട്ടുള്ള വസ്തുവകകളെ തേയില കൃഷിക്കായുള്ള ഭൂമി, വിറകിനു മരം വളർത്തുന്നവ, മേച്ചിൽപ്പുറങ്ങൾ, കെട്ടിടങ്ങൾ, റോഡുകൾ മുതലായവ സ്ഥതിചെയ്യുന്ന സ്ഥലങ്ങൾ, തൊഴിലാളികൾക്ക് അലോട്ട് ചെയ്തിട്ടുള്ള ചെറിയ കൃഷിയിടങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാക്കി തരംതിരിച്ച് പട്ടിക തയാറാക്കിയിരുന്നു.

തേയില കൃഷിക്കായുള്ള സ്ഥലം നിക്ഷിപ്തമാക്കലിൽ നിന്ന് ഒഴിവാക്കി നൽകുകയും കെട്ടിടങ്ങൾ, റോഡുകൾ, തൊഴിലാളികൾക്ക് വീതംവെച്ച്​ നൽകിയ ചെറിയ കൃഷിയിടങ്ങൾ എന്നിവ ഉൾപ്പെടുന്ന സ്ഥലങ്ങൾ കമ്പനിക്ക് കൈവശം പുനസ്ഥാപിച്ച് നിൽകി.

ചതുപ്പുനിലങ്ങളും നീർച്ചാലുകളും, കൃഷിക്ക് ഉപയുക്തമല്ലാത്ത പാറക്കെട്ടുകളും തരിശുഭൂമികളും മുതലായവ ഉൾപ്പെടുന്ന സ്ഥലങ്ങളും കമ്പനിക്ക് വിട്ടു നൽകി. നിശ്ചിത പ്രദേശങ്ങളിൽ കമ്പനിക്ക് വിറകിനുള്ള മരങ്ങൾ വളർത്തുന്നതിന് അനുമതി നൽകി. നിശ്ചിത പ്രദേശങ്ങളിൽ കമ്പനിക്ക് വിറകിനുള്ള മരങ്ങൾ വളർത്തുന്നതിനും അനുമതി നൽകി.

തേയില, കാപ്പി, കൊക്കോ, റബ്ബർ, ഏലം തുടങ്ങിയ തോട്ടവിളകൾ കൃഷി ചെയ്യുന്നതിനും അവയെ വിപണനത്തിനു തയാറാക്കുന്നതിനും തോട്ടങ്ങളുടെ സംരക്ഷണം, മാനേജ്മെൻറ്, നിലവിലെ ഫലപ്രദമായ നടത്തിപ്പ് എന്നിങ്ങനെയുള്ള കെ.ഡി.എച്ച് നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് 58275.57 ഏക്കർ നിബന്ധനകളോടെ പാട്ടത്തിന് നൽകിയത്.

എം.ജി. രാജമാണിക്യം സർക്കാരിന് സമീപിച്ച റിപ്പോർട്ട് പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമം മൂലം കൈമാറാത്ത 1947ന് മുമ്പ് വിദേശകമ്പനികൾ കൈവശം വെച്ചിരുന്ന ഭൂമിയിന്മേൽ സർക്കാരിൻെറ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കോടതിയിൽ ഹരജി നൽകാൻ ഉത്തരവായി. എന്നാൽ കണ്ണൻ ദേവൻ മലകൾ ഈ ഗണത്തിൽ ഉൾപ്പെടില്ലെന്ന് സ്പെഷ്യൽ ഓഫിസർ ഡോ. എ. കൗശികൻ സർക്കാരിന് കത്ത് നൽകി.

സുപ്രീം കോടതി വിധി പ്രകാരം കണ്ണൻദേവൻ മലകൾ സർക്കാരിൻറേതാണ്. കാർഷിക പരിഷകരണത്തിനായ് സംസ്ഥാന സർക്കാർ നടത്തിയ നിയമ നിർമാണത്തിൽ സുപ്രീകോടതി ഇടപെട്ടില്ല. നിയമത്തിന്‍റെ ആമുഖത്തിൽ കണ്ണൻദേവൻ ഭൂമി സർക്കാരിൻറേതാണെന്ന പറഞ്ഞത് സുപ്രീംകോടതി ഫുൾ​െബഞ്ച് അംഗീകരിച്ചിരുന്നു. അത് സർക്കാർ ഏറ്റെടുത്ത ഭൂമിയാണ്. അതിന്‍റെ ഉടമസ്ഥത സ്ഥാപിക്കാൻ സിവിൽ കോടയിൽ പോകേണ്ടതില്ല. ഹാരിസൺസിന്‍റെ 1500 ഏക്കറും മൂന്നാറിലെ ഭൂമിക്കുള്ളിലുണ്ട്. തിരുവിതാംകൂറിന് രാജവംശത്തിന് സർവ അധികാരങ്ങളുമുള്ള ഭൂമിയായിരുന്നു കണ്ണദേവൻ മലകൾ. അതേസമയം ലാൻഡ് ബോർഡ് വിദേശ കമ്പനിക്ക് തോട്ടംഭൂമി ഇളവ് നൽകണമോയെന്ന് നിയമത്തിൽ വ്യക്തമാക്കിയിട്ടില്ല. തോട്ടങ്ങൾക്ക് ഇളവ് നൽകാനാണ് തീരുമാനിച്ചത്. അതിനാൽ കണ്ണൻദേവൻ ഭൂമി ഏറ്റെടുക്കുന്നതിന് സിവിൽ കോടതിയിൽ പോകേണ്ടതില്ലെന്നാണ് സ്പെഷ്യൽ ഓഫിസർ കൗശികൻ കത്തിൽ കുറിച്ചത്.

എന്നാൽ 1971ലെ നിയമനിർമാണത്തെ കമ്പനി അധികൃതർ അംഗീകരിക്കുന്നില്ല. റവന്യൂ ഉദ്യോഗസ്ഥരോട് അവർ സർക്കാരിൻെറ ഭൂമിയാണെന്ന് പറയും. എന്നാൽ കോടതിയിൽ കമ്പനിയുടെ സ്വന്തം ഭൂമിയാണെന്ന വാദിക്കും. സർക്കാർ എന്തെങ്കിലും ആവശ്യത്തിന് ഭൂമി ഏറ്റെടുത്താൻ ഭൂമിയുടെ കമ്പോളവില ആവകാശപ്പെടും. സർക്കാരിന്‍റെ കൈയൊപ്പുള്ള ഭൂമിയാണ് കണ്ണൻദേവൻ കൈവശം വെച്ചിരിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും കമ്പനിക്ക് മുന്നിൽ ഭരണസംവിധാനം മുട്ട് മടക്കുകയാണ്.

സർക്കാരിന്‍റെ ഉടമസ്ഥത അംഗീകരിച്ചാണ് കമ്പനി പാട്ടം അടക്കുന്നത്. ഹാരിസൺസ് അടക്കമുള്ള വിദേശകമ്പനികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് ഇളവ് നൽകിയ താലൂക്ക് ലാൻഡ് ബോർഡുകളുടെ അവാർഡ് പുനപരിശോധിക്കണമെന്ന ലാൻഡ് ബോർഡ് മുൻ സെക്രട്ടറി മേരിക്കുട്ടി നൽകിയ കത്ത് ഇപ്പോഴും ചുവപ്പ് നാടയിലാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയ- ഉദ്യോഗസ്ഥ ഒത്തുകളി തുടരുകയാണ്.

Tags:    
News Summary - Kannandevan Hills company pays rent of Rupees two per cent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.