കൊച്ചി/ചെങ്ങമനാട്: നാലുവയസ്സുകാരി കല്യാണിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ റിമാൻഡിലായ കുട്ടിയുടെ അമ്മ കുറുമശ്ശേരി സ്വദേശിനി സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങാൻ ചെങ്ങമനാട് പൊലീസ് വ്യാഴാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും.
കുട്ടിയെ ചാലക്കുടിപ്പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെത്തുടർന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെത്തുടർന്ന് ഇവരെ കാക്കനാട് വനിത സബ്ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി കല്യാണിയുടെ പിതാവ് പുത്തൻകുരിശ് മറ്റക്കുഴി കുഴിപ്പിള്ളിൽ സുഭാഷിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സുഭാഷിന്റെ മൊഴിയുമെടുക്കും. സന്ധ്യ ഇതിനുമുമ്പും കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് സുഭാഷ് ആരോപിച്ചിരുന്നു.
സുഭാഷിന്റെ അച്ഛൻ വേലായുധൻ, അമ്മ രാജമ്മ, സഹോദരങ്ങളായ സുമേഷ്, സഹാഷ്, സുഭാഷിന്റെ മകൻ കാശിനാഥ്, കുട്ടിയുമായി ബന്ധമുള്ള മറ്റ് ബന്ധുക്കൾ, അംഗൻവാടി ജീവനക്കാർ, ഓട്ടോ ഡ്രൈവർ, ബസ് കണ്ടക്ടർമാർ, ചികിത്സിച്ച ഡോക്ടർമാർ തുടങ്ങിയവരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്.
അതേസമയം, സന്ധ്യക്ക് മാനസിക പ്രയാസങ്ങളുണ്ടെന്നാണ് സന്ധ്യയുടെ കുടുംബം പറയുന്നത്. എന്നാൽ, സുഭാഷ് ഇത് നിഷേധിച്ചു. കുഞ്ഞിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവം നടക്കുന്നതിനുമുമ്പ് അരമണിക്കൂറിലേറെ സന്ധ്യ കുഞ്ഞുമായി ആലുവ മണപ്പുറത്ത് ചെലവിട്ടതായി പറയപ്പെടുന്നുണ്ട്.
കൊലയെക്കുറിച്ച് കുടുംബത്തിലെ മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കും. ഭർതൃവീട്ടുകാരെ വേദനിപ്പിക്കാനാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് സന്ധ്യയുടെ പ്രാഥമിക മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.