മൂന്നു വർഷം മുമ്പ് കണ്ണൂർ കലോത്സവത്തിലെ നാടക മത്സരത്തിനിടെ സദസ്സിലെ ഒരു കോണിലിരുന്ന് അസ്സലായി നാടകത്തെ വിലയിരുത്തിയ ഒരു കൊച്ചു വിധികർത്താവുണ്ടായിരുന്നു, നിധിയ സുധീഷ്. കാസർകോട് കലോത്സവത്തിെൻറ ആദ്യദിനത്തിൽ നാടകവേദിയിലേക്ക് അവളൊരിക്കൽകൂടി എത്തിയിട്ടുണ്ട്, അൺഒഫിഷ്യൽ വിധികർത്താവായല്ല, നാടക നടിയായിത്തന്നെ.
കണ്ണൂർ ജില്ലയിലെ ചൊക്ലി ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് നിധിയ. കലോത്സവത്തിനെത്തിയത് കണ്ണൂരിലെ ഒന്നാം സ്ഥാനം നേടിയ ‘മൊട്ടക്കുന്ന്’ എന്ന നാടകവുമായാണ്. മരം വെട്ടലിനെതിരെ പോരാടുന്ന കുഞ്ഞിപ്പാപ്പനായാണ് അവൾ അരങ്ങിലെത്തിയത്.
സ്കൂൾ നാടകങ്ങളിൽ മാത്രമല്ല, ദേശീയതലത്തിൽ പോലും നാടകമവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുണ്ട് ഈ കൊച്ചു അഭിനേത്രി. പ്രളയ പുനർനിർമാണത്തിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കുന്നതിനായി ‘കേരളത്തമ്മ’ എന്ന ഏകാംഗ നാടകവുമായി കണ്ണൂരിലെ തെരുവുകളിൽ നിറഞ്ഞുനിന്നിരുന്നു നിധിയ.
പിന്നീട് ഇതേ നാടകം ഡൽഹിയിൽ നടന്ന മൈക്രോഡ്രാമ ഫെസ്റ്റിവലിൽ അവതരിപ്പിച്ച് മികച്ച നടിക്കുള്ള പ്രത്യേക ജൂറി പുരസ്കാരവും തെൻറ പേരിൽ എഴുതിച്ചേർത്തു അവൾ. കുട്ടിയായും അമ്മയായും അമ്മൂമ്മയായും നിയമപാലകനായുമെല്ലാം കേരളത്തമ്മയിൽ പകർന്നാടിക്കൊണ്ട് കൈയടി നേടിയിരുന്നു.
കണ്ണൂർ കലോത്സവത്തിൽ നാടകം ‘വിലയിരുത്തുന്നതിെൻറ’ ദൃശ്യങ്ങൾ മീഡിയവൺ ചാനലിലൂടെ നിരവധി പേർ കണ്ടിരുന്നു. നാടകരംഗത്ത് അറിയപ്പെടുന്ന സുധീഷ് പാത്തിക്കലിെൻറയും നിഷയുടെയും മകളാണ് ഈ കൊച്ചു നാടക നടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.