കടകംപള്ളി സുരേന്ദ്രൻ, വി.ഡി. സതീശൻ
തിരുവനന്തപുരം: ദ്വാരപാലക ശിൽപം കോടീശ്വരന് വിൽക്കാൻ ഇടനിലക്കാരനായെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആരോപണത്തിൽ രൂക്ഷ വിമർശനവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. സതീശന് ആണത്തവും തന്‍റേടവും അഭിമാനവുമുണ്ടെങ്കിൽ ദ്വാരപാലക ശില്പം ഏത് കോടീശ്വന് വിൽക്കാനാണ് ഇടനിലക്കാരനായതെന്ന് വ്യക്തമാക്കണമെന്ന് കടകംപള്ളി വെല്ലുവിളിച്ചു. അതിന് സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകാൻ അദ്ദേഹം തയാറാകണം. രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാൻ സതീശൻ ബി.ജെ.പിയെ കൂട്ടുപിടിക്കുകയാണെന്നും കടകംപള്ളി നിയമസഭയിൽ പറഞ്ഞു.
“പ്രതിപക്ഷ നേതാവിന്‍റെ പരാമർശം സമനില തെറ്റിയ ഒരാളിന്‍റെ പോലെയാ ഞാൻ കേട്ടത്. അധികാരത്തിലെത്താൻ ഏതുതരത്തിലുള്ള നീച പ്രവൃത്തിക്കും താൻ തയാറാണെന്ന മട്ടിലാണ് ഇന്നദ്ദേഹം സംസാരിച്ചത്. അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രി ഞാനായിരുന്നു. മന്ത്രിയുടെയും വകുപ്പിന്‍റെയും പ്രവർത്തനങ്ങളെക്കുരിച്ച് ഇന്നാട്ടിലെ ആളുകൾക്ക് വ്യക്തമായ ധാരണയുണ്ട്. ദ്വാരപാലക വിഗ്രഹം ഒരു കോടീശ്വന് ഞാൻ ഇടനില നിന്ന് വിറ്റെന്ന് പ്രതിപക്ഷ നേതാവ് പറയുകയാണ്. ആരാണാ കോടീശ്വരനെന്ന് കടകംപള്ളിക്ക് അറിയാമെന്നും പറയണമെന്നും അദ്ദേഹം ആരോപിക്കുന്നു. ഒരു രാഷ്ട്രീയ നേതാവ് എത്രമാത്രം അധഃപതിക്കാമെന്നതിന്‍റെ പ്രകടമായ ഉദാഹരണമാണിത്.
ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. ആണത്തവും തന്‍റേടവും അഭിമാനവുമുണ്ടെങ്കിൽ ദ്വാരപാലക ശില്പം ഏത് കോടീശ്വന് വിൽക്കാനാണ് കടകംപള്ളി ഇടനിലക്കാരനായതെന്ന് അദ്ദേഹം വ്യക്തമാക്കണം. അതിന് സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകാൻ അദ്ദേഹം തയാറാകണം. രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാൻ ബി.ജെ.പിയെ അദ്ദേഹം കൂട്ടുപിടിക്കുകയാണ്. രണ്ടു പാർട്ടിയും ചേർന്ന് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. പിണറായി സർക്കാർ മാത്രമാണ് നാളിതുവരെ കേരളത്തിലെ ആരാധനാലയങ്ങളുടെ വികസനത്തിനായി ഫണ്ട് നൽകിയത്. 500 കോടി രൂപയോളം ഇത്തരത്തിൽ നൽകിയിട്ടുണ്ട്” -കടകംപള്ളി പറഞ്ഞു. ആണത്തം എന്ന വാക്ക് അൺപാർലമെന്ററി ആയതിനാൽ പിൻവലിക്കണം എന്നും വൈകാരികമായി പറഞ്ഞുപോയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയ്യപ്പന്‍റെ ദ്വാരപാലക ശില്‍പം ഒരു കോടീശ്വരന് വിറ്റിരിക്കുകയാണ്, ആര്‍ക്കാണെന്ന് കടകംപള്ളിയോട് ചോദിച്ചാലറിയാം എന്നായിരുന്നു വി.ഡി. സതീശന്‍റെ പരാമർശം. ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയേണ്ടേ? അത് പറഞ്ഞോ? ഈ വിഷയത്തില്‍ ഇനി ചര്‍ച്ച വേണ്ട. ഞങ്ങൾ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരും. ദ്വാരപാലക ശില്‍പം മാത്രമല്ല, കട്ടിളപ്പാളിയും വാതിലും അടക്കം അടിച്ചു കൊണ്ടുപോയിരിക്കുകയാണ്. രണ്ടാമത് ഈ ഗവണ്‍മെന്‍റ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിളിച്ച് വരുത്തിയിരിക്കുകയാണ്. വീണ്ടും കക്കാന്‍ വേണ്ടിയാണ്. ഈ പ്രാവശ്യം അയ്യപ്പ വിഗ്രഹം കൂടി കൊണ്ടുപോകാനായിരന്നു പ്ലാന്‍ എന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.