തിരുവനന്തപുരം: വേദിയിലിട്ട സിംഹാസനം എടുത്തുമാറ്റിയ നടപടിയിൽ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രണ്ടോ മൂന്നോ പേർക്ക് ഇരിക്കാവുന്ന വലുപ്പത്തിലുള്ള സിംഹാസനമൊന്നും ഔദ്യോഗിക പരിപാടികളുടെ വേദികളിൽ ആവശ്യമില്ല. അതിലെ അനൗചിത്യം ചൂണ്ടികാട്ടിയാണ് 'സിംഹാസനം' താൻ എടുത്ത് മാറ്റിയതെന്ന് കടകംപള്ളി ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ വ്യക്തമാക്കി.
ഒന്നര കോടി രൂപ ചിലവാക്കി സംസ്ഥാന സർക്കാർ നവീകരിച്ച മിത്രാനന്ദപുരം കുളത്തിന്റെ സമർപ്പണ ചടങ്ങിൽ ശൃംഗേരി മഠാധിപതി ശ്രീ ഭാരതിതീർത്ഥ സ്വാമിയേയോ മറ്റേതെങ്കിലും സ്വാമിമാരെയൊ അതിഥിയായി ക്ഷണിച്ചിരുന്നില്ല എന്ന് പരിപാടിയുടെ നോട്ടീസ് പരിശോധിച്ചാൽ വ്യക്തമാകും. എന്നാൽ വേദിയിലെ സിംഹാസനം കണ്ട് തിരക്കിയപ്പോൾ മഠാധിപതി വന്നാൽ ഇരുത്താനാണെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കാർ പറഞ്ഞത്. മന്ത്രിക്കായാലും മഠാധിപതിക്കായാലും സർക്കാർ പരിപാടിയിൽ അങ്ങനെയൊരു സിംഹാസനം വേണ്ട എന്ന് പറഞ്ഞാണ് ഞാൻ വി.എസ്.ശിവകുമാർ എം.എൽ.എയുടെ സഹായത്തോടെ 'സിംഹാസന' ഇരിപ്പിടം എടുത്ത് മാറ്റിയത്. വേദിയിലുണ്ടായിരുന്ന ഒ.രാജഗോപാലും, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സിംഹാസനത്തിലെ അനൗചിത്യം മനസ്സിലാക്കിയിരുന്നു -ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
മഠാധിപതിക്കുവേണ്ടി ഒരുക്കിയ സിംഹാസനം ദേവസ്വം മന്ത്രി എടുത്തുമാറ്റിയതിനെ തുടര്‍ന്ന് കുളം ആശീര്‍വദിക്കാനെത്തിയ ഉത്തരാധികാരി വിധുശേഖര സ്വാമികകള്‍ സ്‌റ്റേജില്‍ കയറാതെ പോയിരുന്നു. സിംഹാസനം എടുത്തുമാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.