'മാനവികതയുടെ മഹാ പ്രവാഹം'

മാനവികത എന്ന വാക്കിന്‍റെ അർഥം എന്നോട് ചോദിച്ചാൽ ഒറ്റ വാക്കിൽ ഞാൻ അതിനു മറുപടി പറയും. പ്രൊഫ. കെ.എ സിദ്ദിഖ് ഹസൻ എന്ന്. മാനവികതയുടെ മഹാ പ്രവാഹമായിരുന്നു അദ്ദേഹം. ഏതാനും മണിക്കൂറുകൾ മുൻപ് അതു നിലച്ചു. മാധ്യമം ദിനപത്രത്തിലെ റിട്ടയേർഡ് ജീവനക്കാരുടെ വാട്‍സാപ്പ് ഗ്രൂപ്പിലാണ് ആ വാർത്ത കണ്ടത്. എന്നെ അതു ഞെട്ടിച്ചില്ല. പക്ഷേ ഹൃദയത്തിന്‍റെ അകത്തളത്തിൽ നിന്നൊരു വിങ്ങലുണ്ടായി. അറിയാതെ കണ്ണുകൾ ഈറനണിഞ്ഞു.

ഞാൻ അടങ്ങുന്ന മാധ്യമം പത്രത്തിലെ ആദ്യ തലമുറയുടെ ഗോഡ് ഫാദർ ആയിരുന്നു സിദ്ദീഖ് ഹസൻ സാഹിബ്. ഞങ്ങൾക്ക് അദ്ദേഹം മുതിർന്ന സഹോദരനോ പിതാവോ അതിനപ്പുറം എന്തെല്ലാമോ ആയിരുന്നു. അധികാരത്തിന്‍റെ ഹുങ്കിൽ അദ്ദേഹം ഞങ്ങളോട് ഒരിക്കലും പെരുമാറിയിരുന്നില്ല. നീതിയുടെ കാവലാളായിരുന്നു സിദ്ദിഖ് ഹസൻ സാഹിബ്.

എന്‍റെ ഓർമ്മ മൂന്നു പതിറ്റാണ്ടു മുന്നിലേക്ക് സഞ്ചരിക്കുകയാണ്.1987 നവംബറിലാണ് മാധ്യമത്തിൽ സബ് എഡിറ്ററായി ഞാൻ ജോയിൻ ചെയ്യുന്നത്. കോഴിക്കോട്ടു അക്കാലത്തു സാമാന്യം നല്ല പ്രചാരം ഉണ്ടായിരുന്ന കാലിക്കറ്റ് ടൈംസിൽ നിന്നാണ് മാധ്യമത്തിൽ എത്തുന്നത്. മാതൃഭൂമിയിൽ നിന്നു പിരിഞ്ഞ വി എം ബാലചന്ദ്രൻ എന്ന വിംസി ആണ് അന്ന് കാലിക്കറ്റ് ടൈംസിന്‍റെ എഡിറ്റർ. അദ്ദേഹമാണ് മാധ്യമത്തിൽ ചേരാൻ പ്രേരിപ്പിച്ചത്. സിദ്ദിഖ് ഹസൻ സാഹിബിന്‍റെ കാബിനിൽ ഹ്രസ്വമായ ഇന്‍റർവ്യൂ പത്രപ്രവർത്തനത്തെ കുറിച്ചുള്ള കാഴ്ചപ്പാടും മറ്റും അന്വേഷിച്ച ശേഷം വ്യക്തിപരമായ ചില ചോദ്യങ്ങൾ. ദൈവ വിശ്വാസം ഉണ്ടോ?. ഇല്ലെന്നു എന്‍റെ മറുപടി. രാഷ്ട്രീയം ഉണ്ടോ? ഉണ്ട്. സിപിഎമ്മിനോടാണ് അനുഭാവം . പറഞ്ഞു കഴിഞ്ഞപ്പോഴാണ് വേണ്ടിയിരുന്നില്ല എന്നു തോന്നിയത്. ജോലി തെറിച്ചു എന്നുറപ്പാക്കിയപ്പോൾ സിദ്ദിഖ് ഹസൻ സാഹിബിന്‍റെ ചോദ്യം. എന്നാണ് ജോയിൻ ചെയ്യുന്നത് ?

മാധ്യമത്തിൽ ജേർണലിസ്റ്റ് യൂണിയൻ രൂപീകരിക്കുന്ന കാര്യം അറിയിച്ചപ്പോൾ സാധാരണ ഗതിയിൽ ഒരു സ്ഥാപന മേധാവിയിൽ നിന്നുണ്ടാകുന്ന പ്രതികരണമല്ല അദ്ദേഹത്തിൽ നിന്നുണ്ടായത്. തുറന്ന മനസ്സോടെ അദ്ദേഹം അതിനെ പിന്തുണച്ചു. . ടി പി ചെറൂപ്പ പ്രസിഡന്‍റും ഞാൻ സെക്രട്ടറിയുമായി ആദ്യ കമ്മിറ്റി നിലവിൽ വന്നപ്പോൾ കാണാൻ ചെന്നു . " ഒരു കാര്യത്തിൽ എനിക്ക് നിങ്ങൾ ഉറപ്പു തരണം. മാധ്യമം ഒരു ദിവസം പോലും പ്രസിദ്ധീകരണം മുടങ്ങുന്ന സാഹചര്യം യൂണിയനിൽ നിന്നുണ്ടാകരുത്.. നിങ്ങൾക്ക് മാനേജ്‌മെന്‍റിനെ എതിർക്കാം. വിയോജിപ്പ് പ്രകടിപ്പിക്കാം. എന്നാൽ സ്ഥാപനത്തെ എതിർക്കരുത്. മാനേജ്‌മെന്‍റ്​ മാറി വരും. സ്ഥാപനം അതുപോലെ ഉണ്ടാകും." പിരിഞ്ഞു പോരുന്നതുവരെ സിദ്ദിഖ് ഹസൻ സാഹിബിനു കൊടുത്ത വാക്ക് പാലിക്കാൻ കഴിഞ്ഞിട്ടുണ്ട്.

മാധ്യമത്തിന്‍റെ ആരംഭകാലത്തു അതിനെ നിലനിർത്താൻ അദ്ദേഹം സഹിച്ച ത്യാഗത്തിനു കയ്യും കണക്കുമില്ല. എന്തു പ്രതിസന്ധി ഉണ്ടായാലും ജീവനക്കാരുടെ ശമ്പളം മുടങ്ങരുതെന്നു അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കു താൽക്കാലിക പരിഹാരം കാണാൻ അദ്ദേഹം കടം വാങ്ങും. വിശ്വാസ്യതയിൽ പത്തര മാറ്റു ആയിരുന്നതിനാൽ സിദ്ദിഖ് സാഹിബ് ചോദിച്ചാൽ ആരും പണം കൊടുക്കും. പറഞ്ഞ സമയത്തു അദ്ദേഹം അത് തിരിച്ചു കൊടുക്കുകയൂം ചെയ്യും. ഒരിക്കൽ ഇതു പോലെ കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ എറണാകുളത്തെ ഒരു ബിസിനസുകാരന്റെ വീട്ടിൽ പോയ അദ്ദേഹം അവിടെ എത്താൻ രാത്രി ഏറെ വൈകി. വീട്ടിൽ എത്തിയപ്പോൾ ആളനക്കമില്ല. എല്ലാവരും ഉറങ്ങിക്കഴിഞ്ഞു . ഉറങ്ങിയവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി ബാഗിലെ തോർത്തു വിരിച്ചു വരാന്തയിൽ കിടന്നുറങ്ങി. രാവിലെ വീട്ടുകാരൻ വാതിൽ തുറന്നപ്പോഴാണ് സിദ്ദിഖ് സാഹിബിനെ കാണുന്നത്. അതായിരുന്നു സിദ്ദിഖ് സാഹിബ്.

ജീവനക്കാരിൽ അദ്ദേഹവും അദ്ദേഹത്തിൽ ജീവനക്കാരും വിശ്വാസം അർപ്പിച്ചതു കൊണ്ടാണ് ഏവരെയും അത്ഭുതപ്പെടുത്തുന്ന വളർച്ച മാധ്യമത്തിനുണ്ടായത്. ട്രസ്റ്റ് സെക്രട്ടറിയിൽ നിന്ന് ചെയർമാൻ ആയതോടെ ദൈനംദിന പ്രവർത്തനത്തിൽ നിന്ന് വിട്ടു മാറിയെങ്കിലും അദ്ദേഹവുമായുള്ള അടുപ്പത്തിനു ഒരു കുറവുമുണ്ടായില്ല. വാർത്തകളിൽ ഒരു വിധത്തിലും അദ്ദേഹം ഇടപെടാറില്ലായിരുന്നു. എന്നാൽ വാർത്തകൾ വസ്തുതാപരമാകണമെന്നു നിർബന്ധം ഉണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീർ ആയ ശേഷം ചില സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വാർത്തകൾ വരുമ്പോൾ അമീറിനു മുന്നിൽ പരാതികളെത്തും . സമ്മർദ്ദങ്ങൾ വരും. ഒരിക്കൽ അത്തരത്തിൽ ഒരു വാർത്തയുടെ നിജസ്ഥിതി അറിയാൻ അദ്ദേഹം എന്നെ വിളിച്ചു വരുത്തി. മുഖത്തു ക്ഷോഭം പ്രകടമായിരുന്നു. വാർത്ത കൊടുക്കേണ്ടതു തന്നെയാണെന്ന് അദ്ദേഹത്തെ ഞാൻ ബോധ്യപ്പെടുത്തി. എന്നിട്ടും മുഖം തെളിഞ്ഞില്ല. അപ്പോൾ ഞാൻ ചോദിച്ചു. നിങ്ങൾക്ക് മനോരമയോ മാതൃഭൂമിയോ പോലുള്ള ഒരു പത്രം തുടങ്ങിയാൽ പോരായിരുന്നോ ? എന്തിനീ മൂല്യാധിഷ്ഠിത പത്രം തുടങ്ങി ? എല്ലാം മറന്നു സിദ്ദിഖ് സാഹിബ് അന്നു മനസ്സറിഞ്ഞു ചിരിച്ചതു ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു.

ഉയർന്ന നീതിബോധം, ധാർമികത, ദുരിതങ്ങൾ അനുഭവിക്കുന്നവരോട് സഹാനുഭൂതി, മറ്റുള്ളവർക്ക് വേണ്ടിയുള്ള ആത്മത്യാഗം, കറകളഞ്ഞ സത്യസന്ധത എന്നിങ്ങനെ ഗുണങ്ങൾ ഒരു വ്യക്തിയിൽ സമ്മേളിച്ചിട്ടുണ്ടെങ്കിൽ അത് പ്രൊഫ. കെ.എ സിദ്ദീഖ് ഹസ്സൻ സാഹിബിലാണെന്നു പറയാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല. മാനവികത അദ്ദേഹത്തിന് ഒരു ആത്മീയ ലക്ഷ്യമാണ്. പെരുമാറ്റത്തിലെ മര്യാദയും വലുപ്പ ചെറുപ്പമില്ലാതെ ആളുകളെ കാണാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. ദൈവം ഹൃദയത്തിൽ കുടികൊള്ളുന്ന ഒരാൾക്കു മാത്രമേ ഇങ്ങിനെ ആകാൻ കഴിയൂ.

( മാധ്യമം മുൻ ഡെപ്യൂട്ടി എഡിറ്ററാണ് ലേഖകൻ)

Tags:    
News Summary - ka siddique hassan Great Flow of Humanity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.