ഗവർണർക്കെതിരായ ആക്രമണം പൊലീസിന്റെ ആസൂത്രണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന ഗവർണർക്കെതിരായ ആക്രമണം പൊലീസിൻ്റെ ആസൂത്രണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ് എസ്.എഫ്.ഐ ക്രിമിനലുകൾക്ക് ചോർത്തിക്കൊടുത്തത്.

ഗവർണർ വരുന്ന വിവരങ്ങളും റൂട്ടും പൊലീസ് ഗുണ്ടകൾക്ക് ചോർത്തി കൊടുത്തുവെന്നും തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പൊലീസിൻ്റെ സഹായത്തോടെയാണ് എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ സംഘം ഗവർണറെ ആക്രമിക്കുന്നത്. പൈലറ്റ് വാഹനങ്ങൾ അക്രമികൾക്ക് നിർത്തികൊടുക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഗവർണറെ ആക്രമിക്കാൻ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കണം.

സർക്കാർ അറിഞ്ഞു കൊണ്ടാണ് പൊലീസ് ഈ പണി ചെയ്യുന്നതെന്ന് വ്യക്തമാണ്. സംസ്ഥാന പൊലീസിന് ഗവർണർക്ക് സുരക്ഷയൊരുക്കാൻ സാധിക്കില്ലെങ്കിൽ മുഖ്യമന്ത്രി അത് തുറന്ന് പറയണം. ഗുരുതരമായ ക്രമസമാധാന തകർച്ചയാണ് സംസ്ഥാനത്തുള്ളത്. ഭരണതലവനായ ഗവർണർക്ക് സഞ്ചരിക്കാൻ വയ്യെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ അടുത്ത് പോയ മാദ്ധ്യമപ്രവർത്തകനെ പൊലീസ് മർദിച്ചു. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് കേരളത്തിൽ സംഭവിക്കുന്നത്.

അട്ടക്കുളങ്ങര ജയിലിൽ പോയി കേസ് അട്ടിമറിച്ച അതേ പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ഗവർണർക്കെതിരെയുള്ള ഗൂഢാലോചനക്കും പിന്നിൽ. സംസ്ഥാന ഗവർണറെ അപായപ്പെടുത്താൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ഇന്ത്യാ ചരിത്രത്തിൽ തന്നെ ആദ്യമാണ്. മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും പ്രതിഷേധിച്ചാൽ അവരെ നേരിടുന്നത് ഗുണ്ടകളാണ്. പ്രതിഷേധക്കാർക്കെതിരെ വധശ്രമത്തിന് കേസെടുക്കും. എന്നാൽ ഗവർണറുടെ വാഹനത്തിന് നേരെ അടിക്കാനുള്ള സംവിധാനം അക്രമികൾക്ക് ചെയ്തു കൊടുക്കുന്നു. ഇതിനെതിരെ സ്വാഭാവിക പ്രതിഷേധമുണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - K Surendran said that the attack on the governor was planned by the police.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.