'കിട്ടിയോ'? ഇന്നേക്ക് പത്തു ദിവസമായെന്ന് കെ. സുധാകരൻ

സി.പി.എം സംസ്ഥാനസമിതി ഓഫിസായ എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണം നടന്നിട്ട് 10 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്ത സംഭവത്തിൽ പരിഹാസവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. സ്വന്തം മൂക്കിൻ കീഴിൽ നടന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടും പ്രതിയെ പിടിക്കാനാകാത്ത കേരളാ പൊലീസ് തികഞ്ഞ പരാജയമാണെന്ന് സുധാകരൻ പറഞ്ഞു.

സ്വന്തം ഓഫിസിന് മുന്നിൽ ആളെ വിട്ട് ഏറുപടക്കം പൊട്ടിച്ച ബോംബ് നിർമാണ വിദഗ്ധനും സി.പി.എമ്മിലെ "സയന്‍റിസ്റ്റും" ആയ കൺവീനറുടെ പേരിലും, പച്ചക്കള്ളം നിർലജ്ജം കേരളത്തോട് വിളിച്ചു പറഞ്ഞ ശ്രീമതി ടീച്ചറുടെ പേരിലും കലാപാഹ്വാനത്തിന് കേസെടുക്കാൻ കേരളാ പൊലീസ് തയാറാകണം -ഫേസ്ബുക് കുറിപ്പിൽ സുധാകരൻ ആവശ്യപ്പെട്ടു.

കെ. സുധാകരന്‍റെ ഫേസ്ബുക് കുറിപ്പ്

"കിട്ടിയോ"?

പാതിരാക്ക് പുസ്തകം വായിച്ചിരുന്ന ശ്രീമതി ടീച്ചറെ പിടിച്ചു കുലുക്കിയ സംഭവം നടന്നിട്ട് ഇന്നേക്ക് പത്തു ദിവസം. പോലീസ് നായക്കും മുൻപേ ഇടതുമുന്നണി കൺവീനർ രണ്ട് സ്റ്റീൽ ബോംബുകളുടെ മണം പിടിച്ചിട്ട് ഇന്നേക്ക് പത്തു ദിവസം. എന്നിട്ടും ഇതുവരെ ആളെ "കിട്ടിയോ"?

സ്വന്തം ഓഫീസിന് മുന്നിൽ ആളെ വിട്ട് ഏറു പടക്കം പൊട്ടിച്ച ബോംബ് നിർമാണ വിദഗ്ദ്ധനും സിപിഎമ്മിലെ "സയൻ്റിസ്റ്റും " ആയ കൺവീനറുടെ പേരിലും,പച്ചക്കള്ളം നിർലജ്ജം കേരളത്തോട് വിളിച്ചു പറഞ്ഞ ശ്രീമതി ടീച്ചറുടെ പേരിലും കലാപാഹ്വാനത്തിന് കേസെടുക്കാൻ കേരളാ പോലീസ് തയ്യാറാകണം. ഇവരാണ് യഥാർത്ഥ കലാപകാരികൾ. ഇവരാണ് യഥാർത്ഥ കള്ളന്മാർ.

സ്വന്തം മൂക്കിൻ കീഴിൽ നടന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടും പ്രതിയെ പിടിക്കാനാകാത്ത കേരളാ പോലീസ് തികഞ്ഞ പരാജയമാണ്. കേരളത്തിന് മുഴുവൻ സത്യമറിയാവുന്ന കാര്യത്തിൽ ഭരണകക്ഷിയെ ഭയന്ന് പോലീസ് കാണിച്ചുകൂട്ടുന്ന കാര്യങ്ങളൊക്കെയും ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. ഇനിയും ഇതുപോലെ മുന്നോട്ട് പോയാൽ, സിപിഎമ്മിലെ ചില നേതാക്കളെക്കാൾ വലിയ കോമാളികളായി കേരളാ പോലീസ് മുദ്രകുത്തപ്പെടും.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ വഴിതിരിച്ചു വിടാൻ എന്തു നീചകൃത്യവും പിണറായി വിജയൻ ചെയ്യും. കേരളത്തെ കലാപ ഭൂമിയാക്കി ജനങ്ങളെ ചേരിതിരിച്ച് തമ്മിൽ തല്ലിക്കും.

മുഖ്യനും കുടുംബവും നടത്തിയെന്ന് പറയുന്ന കള്ളക്കടത്തിൻ്റെ സത്യം തെളിയുന്നത് വരെ മറ്റൊന്നിലേക്കും നാടിന്റെ ശ്രദ്ധ തിരിയരുത്. കേരളത്തിന്‌ സത്യം അറിഞ്ഞേ തീരൂ.

Tags:    
News Summary - K sudhakaran facebook post on akg centre attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.