തൃശൂർ: വയനാട് മുട്ടിൽ മരംമുറി കേസിൽ കർഷകരെ ദ്രോഹിക്കില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. പ്രതികൾക്ക് മരം വിറ്റ ആദിവാസികളടക്കമുള്ള കർഷകർക്കെതിരെ നടപടിക്ക് റവന്യു വകുപ്പ് നീക്കം നടത്തുന്നതിനെക്കുറിച്ച ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.
ആദിവാസികളെയും കർഷകരെയും തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ മരം വാങ്ങിയതെന്ന വാദം റവന്യു വകുപ്പ് തള്ളിയിരുന്നു. കർഷകർ വീണ്ടും വിശദീകരണം നൽകണണമെന്നും വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ കേസുകളിൽ കുറ്റപത്രം നൽകാനുള്ള നടപടികൾ ഇഴയുകയാണ്. മുൻ മന്ത്രി ഇ. ചന്ദ്രശേഖരന്റെ കാലത്ത് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലകാണ് മരം മുറിക്ക് ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ പിൻബലത്തിലാണ് ഈട്ടി അടക്കമുള്ള വൻമരങ്ങൾ മുറിച്ച് നീക്കിയത്.
കോഴിക്കോട്: അർജന്റീന ഫുട്ബാൾ ടീമും ലയണൽ മെസ്സിയും കേരളത്തിൽ വരുമെന്ന് പറഞ്ഞ് നടത്തിയ കള്ളക്കളികൾക്ക് കായിക മന്ത്രി വി. അബ്ദുറഹ്മാൻ മറുപടി പറയണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. മന്ത്രിയുടെ ആദ്യ പ്രഖ്യാപനം അനുസരിച്ച് മെസ്സിയും ടീമും കേരളത്തിൽ കളിക്കേണ്ട സമയമാണിത്. എന്നാൽ, ഇപ്പോൾ വരില്ലെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക്, മന്ത്രി മാധ്യമങ്ങളോട് ക്ഷുഭിതനാകുന്നത് എന്തിനാണെന്നും ഫിറോസ് ചോദിച്ചു. മെസ്സിയെ കൊണ്ടുവരുന്നതിന് മന്ത്രിയും സംഘവും സ്പെയിനിൽ പോയതിന് 13 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
നിരവധി കേസുകളിൽ പ്രതികളായവരുടെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ടി.വിയെ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പരിപാടിയുടെ സ്പോൺസറായി ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു. മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയത്തിൽ ദിവസേന 2000 പേർ പണിയെടുക്കുന്നുണ്ടെന്നാണ് പ്രചാരണം. എന്നാൽ, നൂറിൽ താഴെയുള്ളവരാണ് ഈ ദിവസങ്ങളിൽ സ്റ്റേഡിയത്തിനകത്തും പുറത്തുമായി പണിയെടുത്തത്.
139 കോടി രൂപയാണ് അർജന്റീന ഫുട്ബാൾ അസോസിയേഷന് അയച്ചതെന്നാണ് റിപ്പോർട്ടർ ടി.വി ഉടമകളുടെ അവകാശവാദം. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമല സ്വർണം ഏൽപിച്ചത് പോലെയാണ് സർക്കാറിന്റെ പ്രോജക്റ്റ് ചാനൽ ഉടമകളെ ഏൽപിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.