കെ റെയിൽ: പരിസ്‌ഥിതിയെ സംരക്ഷിക്കുന്നതാവണം വികസനമെന്ന്​ എ.ഐ.വൈ.എഫ്

കണ്ണൂർ: പരിസ്‌ഥിതിയെ സംരക്ഷിക്കുന്ന വികസനത്തിന് വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്ന്​ എ.ഐ.വൈ.എഫ്. സംസ്​ഥാന സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന കെ റെയിൽ സംബന്ധിച്ച പ്രശ്​നങ്ങൾ കണ്ണൂരിൽ നടക്കുന്ന സംഘടന സംസ്​ഥാന സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്യും. ഇതിന്​ ശേഷമായിരിക്കും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കുക.

പരിസ്ഥിതി സംരക്ഷണ സമരങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോവാനുള്ള പരിപാടികൾ സമ്മേളനം ചർച്ച ചെയ്യും. ഭരണ പക്ഷത്തോ പ്രതിപക്ഷത്തോ എന്നു നോക്കിയല്ല എ.ഐ.വൈ.എഫ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. വിഷയത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണെന്നും നേതാക്കൾ പറഞ്ഞു.

വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയും യുവജനങ്ങളെ കേന്ദ്രീകരിച്ച് ശക്തിപ്പെടുന്ന ലഹരിമാഫിയ സംഘങ്ങൾക്കെതിരെയും ആരംഭിച്ച ക്യാമ്പയിനുകൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകും. 40 വയസു കഴിഞ്ഞവർ ഭാരവാഹി സ്ഥാനത്തുണ്ടാവില്ലെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്​തമാക്കി.

21ാം സംസ്ഥാന സമ്മേളനം ഡിസംബർ 2, 3, 4 തിയ്യതികളിലായാണ്​ കണ്ണൂരിൽ നടക്കുക. ഡിസംബർ രണ്ടിന് വൈകീട്ട്​ നാലിന് കണ്ണൂർ ടൗൺസ്ക്വയറിൽ പതാക-കൊടിമരം-ദീപശിഖ ജാഥകളുടെ സംഗമം നടക്കും. വൈകുന്നേരം 4.30ന് ടൗൺസ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മോഹിനിയാട്ടം അരങ്ങേറും.

ഡിസംബർ മൂന്നിന് രാവിലെ പത്തിന് റബ്കോ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം ദി ടെലിഗ്രാഫ് (കൊൽക്കത്ത) എഡിറ്റർ ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം എം.പി, ആർ തിരുമലൈ തുടങ്ങിയവർ എന്നിവർ പ്രസംഗിക്കും.

ഡിസംബർ നാലിന് രാവിലെ 10ന് പ്രതിനിധി സമ്മേളനം തുടരും. ജെ. ചിഞ്ചുറാണി, കെ. പി. രാജേന്ദ്രൻ, വി. ചാമുണ്ണി, സി.പി. മുരളി, വി.എസ്. സുനിൽകുമാർ, പി.എസ്. സുപാൽ, തപസ് സിന്ഹ, ജി. കൃഷ്ണപ്രസാദ്, പി. കബീർ, ജയചന്ദ്രൻ കല്ലിങ്കൽ, ഒ.കെ ജയകൃഷ്ണൻ എന്നിവർ സംസാരിക്കും. വൈകീട്ട്​ ആറിന് സമാപന സമ്മേളനം നടക്കും.

വാർത്താസമ്മേളനത്തിൽ പി. സന്തോഷ്കുമാർ, സി.പി. ഷൈജൻ, മഹേഷ് കക്കത്ത്, കെ.വി. രജീഷ്, കെ.ആർ. ചന്ദ്രകാന്ത് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - K Rail: AIYF says development should protect the environment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.