തൃശൂർ: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ എം.എൽ.എ സ്ഥാനം പാർട്ടി വിചാരിച്ചാൽ ഒരിക്കലും ഒഴിവാക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അത് രാഹുൽ സ്വയം തീരുമാനിക്കേണ്ടതാണെന്നും വിപ്പ് ലംഘിച്ചാൽ മാത്രമേ സഭയിൽ നിന്ന് പുറത്താക്കാൻ ഞങ്ങൾക്ക് ആവശ്യപ്പെടാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
‘ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിന് തുല്യം തന്നെയാണ് സസ്പെൻഷൻ. സസ്പെൻഷൻ ഉള്ളിടത്തോളം കാലം പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല. ഇലക്ഷൻ വന്നാൽ മത്സരിക്കാൻ കഴിയില്ല. അപ്പോൾ സസ്പെൻഷൻ ഏതാണ്ട് പുറത്താക്കലിന് തുല്യം തന്നെയാണ്.
പെട്ടെന്ന് ഒരു കേസ് വന്നത് രാഷ്ട്രീയ ലക്ഷ്യം തന്നെയാണ്. എന്ന് വിചാരിച്ച് കുറ്റം ചെയ്തെന്നോ ഇല്ല എന്നോ പറയാൻ കഴിയില്ല. അത് തീരുമാനിക്കേണ്ടത് കോടതിയാണ്. ഏതായാലും പാർട്ടിയെ സംബന്ധിച്ച് ഇനി ഞങ്ങൾക്ക് കൂടുതൽ ഒന്നും ചെയ്യാനില്ല. ഞങ്ങൾ ഇതിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ കടുത്ത നിലപാടിലേക്ക് പോകണമെങ്കിൽ സാഹചര്യങ്ങൾ പരിശോധിച്ചിട്ട് മാത്രമേ ചെയ്യാൻ കഴിയൂ. ഞങ്ങളെ സംബന്ധിച്ച് ഇനി ഇതിൽ തുടർന്നൊന്നും തന്നെ ചെയ്യാനില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിവാദങ്ങളിൽ ഞങ്ങൾക്ക് താല്പര്യമില്ല. അറസ്റ്റിലേക്ക് കടക്കുമ്പോൾ കാര്യങ്ങൾ അപ്പോൾ ആലോചിക്കാം.
പാർട്ടിയുടെ ഔദ്യോഗികമായ ഒരു ചടങ്ങിലും അദ്ദേഹം പങ്കെടുക്കുന്നില്ല. പാർട്ടി നേതാക്കളുമായി വേദി പങ്കിടുന്നുമില്ല. ഇനി സൂക്ഷ്മമായിട്ട് തന്നെ പാർട്ടി ഈ കാര്യം കൈകാര്യം ചെയ്യും’ -കെ. മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.