തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പദവിയിൽ രാഷ്ട്രീയ നിയമനം ഒഴിവാക്കി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ തീരുമാനിച്ചതുവഴി സി.പി.എം ലക്ഷ്യമിടുന്നത്, വിവാദങ്ങളിൽനിന്ന് തലയൂരി ശബരിമലയിലെ സർക്കാർ വിശ്വാസ്യത വീണ്ടെടുക്കൽ. അടുത്ത കാലംവരെ എല്ലാ ദേവസ്വം ബോർഡുകളിലും പൊതുവിൽ രാഷ്ട്രീയ നിയമനമാണ് സി.പി.എം നടത്തിയത്.
ശബരിമല മുൻനിർത്തി ഇതിന് മാറ്റംവരുത്തിയതോടെ ക്ഷേത്രങ്ങളെ രാഷ്ട്രീയ മുക്തമാക്കണമെന്ന ആവശ്യത്തിനുള്ള അംഗീകാരവുമായി ഇത് മാറി. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാൻ മുന്നിട്ടിറങ്ങിയതുമുതൽ ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രശ്നങ്ങളും സി.പി.എമ്മിനും സർക്കാറിനും തലവേദനയാണ്. തെരഞ്ഞെടുപ്പിലും ബാധിച്ചു. ഓരോ വിവാദങ്ങളുയരുമ്പോഴും ഇടതു സർക്കാർ ശബരിമലയെ തകർക്കുന്നുവെന്ന ബി.ജെ.പി, കോൺഗ്രസ് വാദത്തിന് സ്വീകാര്യതയേറുകയുമാണ്. അതാണ് പുനർവിചിന്തനത്തിന് കാരണം.
മുൻ എം.പി എ. സമ്പത്ത്, മുൻ എം.എൽ.എ ടി.കെ. ദേവകുമാർ അടക്കമുള്ള സ്വന്തം നേതാക്കളുടെ പേരുകൾ വെട്ടിയാണ് പൊതുസ്വീകാര്യനായ ജയകുമാറിനെ ബോർഡ് പ്രസിഡന്‍റാക്കാൻ സി.പി.എം തീരുമാനിച്ചത്. പുതിയ നിയമനത്തെ ബി.ജെ.പിയും കോൺഗ്രസും പൊതുവിൽ സ്വാഗതം ചെയ്തത് സർക്കാറിന് നേട്ടമാണ്. പത്തുദിവസത്തിനകം തുടങ്ങുന്ന മണ്ഡല, മകരവിളക്ക് മഹോത്സവ കാലത്ത് പുതിയ വിവാദങ്ങളില്ലാതാക്കുകയും ഭക്തർക്ക് സുഖകരമായ ദർശനമൊരുക്കലുമാണ് ജയകുമാറിനെ മുൻനിർത്തിയുള്ള സർക്കാറിന്‍റെ ആദ്യ ദൗത്യം.
ഹൈകോടതി അംഗീകരിച്ച ശബരിമല മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പ്രവൃത്തികൾ പിന്നാലെ ആരംഭിക്കും. ആചാരങ്ങൾ സംരക്ഷിച്ചും വിവാദങ്ങൾ ഒഴിവാക്കിയും ഭക്തർക്ക് മികച്ച സൗകര്യമൊരുക്കിയും ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കി വിശ്വാസി സമൂഹത്തിന്‍റെ പിന്തുണ നേടുകയാണ് സി.പി.എമ്മും സർക്കാറും ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.