തിരുവനന്തപുരം: സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച കെ-ഹോംസ് ആദ്യം നടപ്പാക്കുക കേരളത്തിലെ പ്രധാന നാലു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ. കോവളം, കുമരകം, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി എന്നീ കേന്ദ്രങ്ങളിലായിരിക്കും പദ്ധതി ആദ്യം നടപ്പാക്കുക.
ഈ നാല് കേന്ദ്രങ്ങളുടെയും 10 കി.മി ചുറ്റളവിലാണ് കെ-ഹോംസ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. പ്രാരംഭചെലവുകൾക്ക് അഞ്ചുകോടിയാണ് വകയിരുത്തിയത്. സഞ്ചാരികൾക്ക് മിതമായ നിരക്കിൽ താമസസൗകര്യവും ഒരുക്കുകയാണ് പദ്ധതി ലക്ഷ്യം. നിലവാരമുള്ള താമസവും നാടൻ ഭക്ഷണവുമാണ് പ്രധാന ആകർഷണം.
ഹോംസ്റ്റേ ആരംഭിക്കുന്നതോടെ വീടുകളുടെ പരിപാലനത്തോടൊപ്പം വീട്ടുകാർക്ക് വരുമാനവുമാവും. പെരുകിക്കൊണ്ടിരിക്കുന്ന അനധികൃത ഹോംസ്റ്റേകൾക്ക് തടയിടാൻ കെ ഹോംസിന് കഴിഞ്ഞേക്കും.
ആള്‍ത്താമസമില്ലാത്ത നല്ല സൗകര്യങ്ങളുള്ള വീടുകളാണ് ഇതിനായി ഉപയോഗിക്കുകയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 2,22,46,989 സഞ്ചാരികളാണ് 2024 ല്‍ കേരളത്തിലെത്തിയെന്നും ഇത് കോവിഡ് കാലത്തിനു മുമ്പുള്ളതിനേക്കാള്‍ 21 ശതമാനം വര്‍ധനവാണ്. മലബാറിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് നല്‍കിയ പ്രാധാന്യവും ഈ നേട്ടത്തിന് പിന്നിലുണ്ടെന്നും മന്ത്രി അറിയിച്ചു.
തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകാന്‍ പലരും ഇപ്പോൾ താല്പര്യപ്പെടുന്നില്ല. തിരക്കില്ലാത്ത കേന്ദ്രങ്ങള്‍ക്കാണ് പലരും മുന്‍ഗണന നല്‍കുന്നത്. അതിനാൽ അറിയപ്പെടാത്ത ടൂറിസം സാധ്യതകള്‍ കണ്ടെത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഡെസ്റ്റിനേഷന്‍ ചലഞ്ച് ടൂറിസം വകുപ്പ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി 40 കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.