കൊച്ചി: മൂന്ന് വർഷത്തിലേറെ നീണ്ട സേവനം പൂർത്തിയാക്കി ഹൈകോടതി ജഡ്‌ജി ജസ്റ്റിസ് എം.ആർ. അനിത ബുധനാഴ്ച സർവിസിൽനിന്ന് വിരമിക്കുന്നു. കോഴിക്കോട് പ്രിൻസിപ്പൽ ജില്ല ജഡ്‌ജിയായിരിക്കെ 2020 മാർച്ച് ആറിനാണ് അനിതയെ കേരള ഹൈകോടതിയിൽ അഡീ. ജഡ്‌ജിയായി നിയമിച്ചത്. 2021 സെപ്റ്റംബർ 27ന് സ്ഥിരം ജഡ്‌ജിയായി. ചൊവ്വാഴ്ച വൈകുന്നേരം ഹൈകോടതിയിൽ നടക്കുന്ന ചടങ്ങിൽ ഫുൾകോർട്ട് റഫറൻസിലൂടെ യാത്രയയപ്പ് നൽകും.
തൃശൂർ കുഴിക്കാട്ടുശ്ശേരിയിൽ എം.കെ. രാമന്‍റെയും പി.ആർ. രാധയുടെയും മകളായി 1961 മേയ് 31നാണ് ജനനം. ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളജിൽനിന്ന് ബിരുദം നേടിയശേഷം എറണാകുളം ഗവ. ലോ കോളജിൽനിന്ന് നിയമ ബിരുദമെടുത്തു.
1991 ജനുവരി 28ന് കൊച്ചി മുൻസിഫായി. 2005ൽ തിരുവനന്തപുരം അഡീ. ജില്ല ജഡ്‌ജിയും 2015 ൽ വയനാട് പ്രിൻസിപ്പൽ ജില്ല ജഡ്‌ജിയുമായി. പിന്നീട് മഞ്ചേരിയിലും കോഴിക്കോട്ടും പ്രിൻസിപ്പൽ ജില്ല ജഡ്‌ജിയായി സേവനം അനുഷ്ഠിച്ചു. കോഴിക്കോട്ടായിരിക്കെയാണ് ഹൈകോടതി ജഡ്ജിയായി നിയമനം ലഭിച്ചത്. ഭർത്താവ്: ടി.കെ. ജനാർദനൻ. അമൃത, കൃഷ്‌ണാനന്ദ് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.