കൊച്ചി: ക്രൈസ്തവ വിശ്വാസികളെ വിലക്കുന്നത് (മുടക്ക്) തടഞ്ഞ കീഴ്കോടതിവിധി പ്രാബല്യത്തിലാവും. വിലക്കിനെതിരായ മുൻസിഫ് കോടതി വിധി ശരിവെച്ച സബ് കോടതി വിധി ചോദ്യംചെയ്യുന്ന ഹരജി ഹൈകോടതി തള്ളിയ സാഹചര്യത്തിലാണിത്. പഴന്തോട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം പോൾ വർഗീസിനെ സഭയിൽനിന്ന് വിലക്കിയത് റദ്ദാക്കിയതിനെതിരെ യാക്കോബായ സഭക്കുവേണ്ടി നൽകിയ ഹരജിയിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മരണശേഷം പകരം കക്ഷിചേരാതിരുന്നതാണ് ഹരജി തള്ളാൻ കാരണം.
നിരണം ഭദ്രാസനാധിപനായിരുന്ന ഡോ. ഗീവർഗീസ് മോർ കൂറിലോസ് സി.പി.എം സമ്മേളനത്തിൽ ക്രിസ്തുവിനെയും ചെഗുവേരയെയും സമന്മാരാക്കി നടത്തിയ പ്രസ്താവനക്കെതിരെ നടത്തിയ പരസ്യ പ്രതികരണങ്ങളുടെ പേരിലാണ് സഭ നേതൃത്വം പോൾ വർഗീസിനെ സഭയിൽനിന്നും ഇടവകയിൽനിന്നും വിലക്കിയത്.
വിലക്കിനെതിരെ നേതൃത്വത്തെയും ഇടവകഭരണ സമിതിയെയും എതിർകക്ഷികളാക്കി പോൾ വർഗീസ് കോലഞ്ചേരി മുൻസിഫ് കോടതിയെ സമീപിച്ചു. മാമോദീസ സ്വീകരിക്കുന്ന വ്യക്തി ക്രിസ്തുവിന്റെ ശരീരത്തിലെ അവയവമായി മാറുകയാണെന്നും ഒരവയവത്തെ മറ്റൊരു അവയവത്തിന് നീക്കംചെയ്യാൻ കഴിയില്ലെന്നതിനാൽ മാമോദീസ സ്വീകരിച്ച് സഭാംഗമായ വ്യക്തിയെ ആർക്കും വിലക്കാനോ പുറത്താക്കാനോ കഴിയില്ലെന്നും കോടതി വിധി പുറപ്പെടുവിച്ചു.
വിധിക്കെതിരെ സഭ നേതൃത്വം അപ്പീൽ നൽകിയെങ്കിലും പെരുമ്പാവൂർ സബ് കോടതി മുൻസിഫ് കോടതി ഉത്തരവ് ശരിവെച്ചു. തുടർന്നാണ് സഭ നേതൃത്വം ഹൈകോടതിയിൽ അപ്പീൽ നൽകിയത്. എന്നാൽ, ഹരജിക്കാരന്റെ മരണത്തെത്തുടർന്ന് പകരക്കാർ കേസിൽ കക്ഷിചേരാതിരുന്നതും മറ്റ് വാദികൾ പിൻവാങ്ങുകയാണെന്ന് അറിയിച്ചതും കണക്കിലെടുത്താണ് കോടതി ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.