ചങ്ങനാശ്ശേരി അതിരൂപത മുന്‍ അധ്യക്ഷന്‍ മാർ ജോസഫ് പൗവത്തിൽ അന്തരിച്ചു

ചങ്ങനാശേരി: സീറോ മലബാർ സഭ ആർച്ച് ബിഷപ് ഇമെരിറ്റസും ചങ്ങനാശ്ശേരി അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്താ ആര്‍ച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിൽ (92) അന്തരിച്ചു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.17നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശ്ശേരി അരമനയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചങ്ങനാശേരി വലിയ പള്ളിയിൽ നടക്കും.


1930 ആഗസ്റ്റ് 14ന് ചങ്ങനാശേരി കുറുമ്പനാടത്ത് പൗവത്തിൽ ജോസഫ്-മറിയക്കുട്ടി ദമ്പതികളുടെ ആൺമക്കളിൽ മൂത്ത മകനായാണ് മാർ ജോസഫ് പൗവത്തിൽ ജനിച്ചത്. പി.ജെ ജോസഫ് എന്ന ജോസഫ് പൗവത്തിലിനെ കുട്ടിക്കാലത്ത് 'പാപ്പച്ചൻ' എന്നാണ് വിളിച്ചിരുന്നത്.


1962 ഒക്ടോബർ 3നാണ് ജോസഫ് പൗവത്തിൽ പൗരോഹിത്യം സ്വീകരിച്ചത്. 1962 മുതൽ ചങ്ങനാശേരി എസ്.ബി കോളജിൽ അധ്യാപകനായി സേവനം ചെയ്തു. എസ്.ബി കോളജില്‍ നിന്നും ബിരുദവും മദ്രാസ് ലയോള കോളജില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1962 ഒക്ടോബര്‍ മൂന്നിന് പൂനെയിലാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. 1963 മുതല്‍ 1972 വരെ ചങ്ങനാശ്ശേരി എസ്.ബി കോളജില്‍ സാമ്പത്തിക ശാസ്ത്രവിഭാഗം അധ്യാപകനായിരുന്നു. 1969 മുതല്‍ 1970 വരെ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി.


1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ പൗവത്തിലിനെ 1972 ഫെബ്രുവരിയില്‍ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് മെത്രാനായി അഭിഷേകം ചെയ്തത്. തുടര്‍ന്ന് 1977 മുതല്‍ 1985 വരെ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പായി 1985 മുതല്‍ 2007 വരെ മെത്രാനായി 22 വര്‍ഷം ചങ്ങനാശ്ശേരി അതിരൂപതയെ നയിച്ചു.


1990 മുതല്‍ 2013 വരെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. 1993 മുതല്‍ 2007 വരെ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള സഭാ ഐക്യ ചര്‍ച്ചുകളിലെ പൊന്തിഫിക്കല്‍ കമീഷനംഗം, സീറോ മലബാര്‍ സഭ പെര്‍മനന്റ് സിനഡംഗം, 1993 മുതല്‍ 1996 വരെ കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി) ചെയര്‍മാന്‍,1994 മുതല്‍ 1998 വരെ ഇന്ത്യൻ കത്തോലിക്ക മെത്രാൻ സമിതി (സി.ബി.സി.ഐ) പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2007 മുതല്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

Full View


Full View


Tags:    
News Summary - Joseph Powathil died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.