ജെ.എന്‍.ടി.ബി.ജി.ആര്‍.ഐയില്‍ നിന്ന് ഫയല്‍ കടത്തിയ സംഭവം : മുന്‍ ഡയറക്ടര്‍ ഡോ.പി.ജി. ലതക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്ന് (ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ) ഫയലുകളും ഹാര്‍ഡ് ഡിസ്ക്കും കടത്തിയതുമായി ബന്ധപ്പെട്ട് മുന്‍ ഡയറക്ടര്‍ ഡോ.പി.ജി. ലതക്കെതിരെ വിജിലന്‍സ് അന്വേഷണം.

വകുപ്പുമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം വിജിലന്‍സ് സി.ഐ സജിക്കാണ് അന്വേഷണചുമതല. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ജെ.എന്‍.ടി.ബി.ജി.ആര്‍.ഐയില്‍ ഡയറക്ടറായ ലത കഴിഞ്ഞ ആഗസ്റ്റ് 31നാണ് സര്‍വിസില്‍ നിന്ന് വിരമിച്ചത്.

വിരമിക്കുന്ന ദിവസം ഓഫിസിലുണ്ടായിരുന്ന നിരവധി ഫയലുകളും ഒരു കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കും ഇവര്‍ കൊണ്ടുപോയതായി പുതിയ ഡയറക്ടര്‍ പാണ്ഡുരംഗന്‍ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനും (കെ.എസ്.സി.എസ്.ടി.ഇ) പാലോട് സി.ഐക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍, ഉന്നത രാഷ്ട്രീയ ഇടപെടലിന്‍െറ ഫലമായി കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ‘മാധ്യമം’ വാര്‍ത്തനല്‍കിയിരുന്നു.

വാര്‍ത്ത പുറത്തായതോടെ ആറ് ഫയലുകളും ഹാര്‍ഡ് ഡിസ്ക്കും ലത പൊലീസിനെ തിരികെ ഏല്‍പിച്ചെങ്കിലും അതിലെ വിവരങ്ങള്‍ പൂര്‍ണമായി നശിപ്പിച്ചതായി കണ്ടത്തെി. ഈ വിവരങ്ങള്‍ തിരിച്ചുപിടിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം അധികൃതര്‍ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ട്.  ഇതിനുപുറമേ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സ്ഥാപനത്തില്‍ നടത്തിയ ചില വിവാദനിയമനങ്ങളുടെയും ഗവേഷണങ്ങളുടെയും രേഖകളും നഷ്ടമായതോടെയാണ് മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇവരുടെ കാലത്ത് സ്ഥാപനത്തില്‍ നടത്തിയ എല്ലാനിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും ശമ്പളവര്‍ധനയും പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ താല്‍ക്കാലിക ജീവനക്കാരനായിരുന്ന മുന്‍ സ്പീക്കറുടെ ബന്ധുവിനെയടക്കം ആറുപേരെ ഡോ.ലത സ്ഥിരമാക്കിയ ഉത്തരവ് മുഖ്യമന്ത്രി റദ്ദുചെയ്തു. സര്‍ക്കാറിന്‍െറ അംഗീകാരമില്ലാതെ ലത നേരിട്ട് നടത്തിയ നിയമനങ്ങളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കെ.എസ്.സി.എസ്.ടി.ഇ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടി.

കെ.എസ്.സി.എസ്.ടി.ഇയുടെ കീഴില്‍ സര്‍ക്കാര്‍ ഗ്രാന്‍റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ.
എന്നാല്‍, കഴിഞ്ഞ സാമ്പത്തികവര്‍ഷം സ്ഥാപനത്തിന് അനുവദിച്ച 18 കോടി രൂപയില്‍ 17 കോടിയുടെ കണക്ക് മാത്രമേ അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. ഇതുസംബന്ധിച്ച എ.ജിയുടെ റിപ്പോര്‍ട്ടും അന്വേഷണപരിധിയില്‍ വരും.

Tags:    
News Summary - JNTBGRI Files stolened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.