ശ്രീനിവാസൻ വധക്കേസിൽ പങ്കെന്ന പരാമർശം: ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

കോഴിക്കോട്: ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്നുമുള്ള ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍റെ പരാമർശത്തിൽ ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു.

വോട്ടിന് പണം നൽകിയ വാർത്തയിൽനിന്ന് ശ്രദ്ധ തിരിക്കാനും ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ചു വോട്ട് നേടാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ശോഭാ സുരേന്ദ്രൻ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ചത് എന്ന് നോട്ടീസിൽ പറയുന്നു. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നൽകിയ ദൃശ്യം പുറത്ത് വന്നതിനെ തുടർന്ന് നടത്തിയ വാർത്തസമ്മേളനത്തിൽ ആണ് ശോഭാ സുരേന്ദ്രൻ ജമാഅത്തെ ഇസ്‌ലാമിക്ക് എതിരെ ആക്ഷേപം ഉന്നയിച്ചത്.

പരാമർശം പിൻവലിച്ചു മാപ്പു പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് അഡ്വ. അമീൻ ഹസ്സൻ മുഖേന ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമീഷൻ രേഖപ്പെടുത്തിയിരുന്നു.പാലക്കാട് നിയോജക മണ്ഡലത്തിലെ വരണാധികാരിയായ ആർ.ഡി.ഒയാണ് ശോഭ സുരേന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തിയത്. പാലക്കാട് സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഏപ്രിൽ എട്ടിന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തു എന്നാണ് പരാതി.

Tags:    
News Summary - Jamaat-e-Islami's legal notice to Shobha Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.