'തൊഴിലിലോ ബിരുദത്തിലോ അല്ല കാര്യം, ലുക്കിലാണ്'; ആശുപത്രിയിലെ അവഹേളനത്തെക്കുറിച്ച് ഡോ. മുഹമ്മദ് ഇർഷാദ്

കൊല്ലം: തൊഴിലിലോ ബിരുദത്തിലോ അല്ല കാര്യം, ലുക്കിലാണെന്ന് ഡോ. എസ്. മുഹമ്മദ് ഇർഷാദ്. കൊല്ലം ജില്ലാ ആശുപത്രിയിൽനിന്ന് നേരിടേണ്ടിവന്ന അവഹേളനത്തെക്കുറിച്ചാണ് അദ്ദേഹം ഫേസ്ബുക്കിൽ കറിച്ചത്.

ഇന്ത്യയിലെ പ്രശസ്തമായ സാമൂഹികശാസ്ത്ര ഗവേഷണ സ്ഥാപനമായ മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ അസി. പ്രഫസറാണ് അദ്ദേഹം. കുട്ടിക്കാലത്ത് പോളിയോ ബാധിച്ചു രണ്ട് കാലുകളും തളർന്നു. രണ്ട് ക്രച്ചസുകളുടെ മാത്രം സഹായത്തോടെ നടക്കുവാൻ കഴിയുന്ന ആളാണ്. ഇച്ഛാശക്തികൊണ്ട് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് ജീവിതത്തിൽ മുന്നേറിയ വ്യക്തി. കേരള സർവകലാശാലയിൽനിന്ന് എക്കണോമിക്സിൽ ഡോക്ടറേറ്റ് നേടി.

കഴിഞ്ഞ ദിവസം റെയിൽവെയുടെ അംഗപരിമിതർക്കുള്ള യാത്രാ ഇളവിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിന് വേണ്ടി കൊല്ലം ആർ.എം.ഒ ഓഫിസിൽ എത്തിയപ്പോഴുണ്ടായ അനുഭവമാണ് ഇർഷാദ് കുറിച്ചത്. ഡോക്ടറുടെ ആദ്യം ചോദ്യം. ''തനിക്ക് വായിക്കാൻ' അറിയുമോ? എന്നായിരുന്നു. നൂറു ശതമാനം ശാരീരിക വൈകല്യം ഉള്ളവർക്കുള്ളതാണ് ഇത്. അല്ലാതെ തന്നെ പോലെയുള്ള ഉഡായിപ്പുകൾക്ക് ഉള്ളതല്ലെന്നും പറഞ്ഞു. ഒടുവിൽ അദ്ദേഹം സർട്ടിഫിക്കറ്റ് നൽകി.

തന്റെ മുന്നിൽ എത്തുന്ന മനുഷ്യരോട് മുൻവിധിയില്ലാതെ പെരുമാറാനും അവർ കീടങ്ങൾ അല്ല എന്ന് ബോധ്യപെടുത്തുന്നതും കൂടിയാകണം ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന നിയമപരിരക്ഷ. ഇല്ലങ്കിൽ എന്തിന് വേണ്ടിയാണ് ഈ നിയമം എന്ന് സമൂഹം തിരിച്ചു ചോദിക്കുമെന്നും ഇർഷാദ് കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

തൊഴിലിലോ ബിരുദത്തിലോ അല്ല കാര്യം, ലുക്കിലാണ് സുഹൃത്തുക്കളെ. സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷക ബിരുദവും, പതിമൂന്നു വർഷമായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ പഠിപ്പിക്കുന്ന എന്നോട് റയിൽവെയുടെ അംഗപരിമിതർക്കുള്ള യാത്ര ഇളവിനുള്ള മെഡിക്കൽ സെർട്ടിഫിക്കറ്റിന് വേണ്ടി കൊല്ലം ആർ.എം.ഒ ഓഫീസിൽ എത്തിയ ഡോക്ടറുടെ ( അജി.......) ആദ്യം ചോദ്യം. ''തനിക്ക് വായിക്കാൻ' അറിയുമോ? നൂറു ശതമാനം ശാരീരിക വൈകല്യം ഉള്ളവർക്കുള്ളതാണ് ഇത് അല്ലാതെ തന്നെ പോലെയുള്ള ഉഡായിപ്പുകൾക്ക് ഉള്ളതല്ല ഇതെന്നാണ് ആ മഹാനുഭവന്റെ നിഗമനം. ദൈവത്തിന് സ്തുതി ആ മഹാനുഭാവൻ ഒപ്പിട്ടു തന്നു. എന്നാൽ വിവിധതരം അംഗപരിമിതർക്കായി റെയിൽവേ യാത്രാ ഇളവുകൾ നൽകുന്നുണ്ട്. വരുമാന പരിധിയും വെച്ചിട്ടില്ല. നൂറു ശതമാനം അംഗപരിമിതർ എങ്ങനെ യാത്ര ചെയ്യും എന്ന് തിരിച്ചു ചോദിച്ചപ്പോൾ അത് താൻ റയിൽവേയോട് ചോദിക്കൂ എന്നാണ് ആ മഹാനുഭാവൻ ഉരുവിട്ടത്.

തന്റെ മുന്നിൽ എത്തുന്ന മനുഷ്യരോട് മുൻവിധിയില്ലാതെ പെരുമാറാനും അവർ കീടങ്ങൾ അല്ല എന്ന് ബോധ്യപെടുത്തുന്നതും കൂടിയാകണം ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന നിയമപരിരക്ഷ. ഇല്ലങ്കിൽ എന്തിന് വേണ്ടിയാണ് ഈ നിയമം എന്ന് സമൂഹം തിരിച്ചു ചോദിക്കും.

Full View

Tags:    
News Summary - 'It's not about the job or the degree, it's about the looks'; About the humiliation at the hospital Dr. Muhammad Irshad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.