ഇ-ഓഫിസ് സംവിധാനം ദുര്‍ബലപ്പെടുത്താനുള്ള ഉദ്യോഗസ്ഥ നീക്കത്തിനെതിരെ ഐ.ടി വകുപ്പിന്‍െറ താക്കീത്

തിരുവനന്തപുരം: ഫയല്‍ നീക്കം സുഗമവും സുതാര്യവുമാക്കുന്നതിന് സെക്രട്ടേറിയറ്റില്‍ ഏര്‍പ്പെടുത്തിയ ഇ-ഓഫിസ് സംവിധാനം ദുര്‍ബലപ്പെടുത്താനുള്ള ഉദ്യോഗസ്ഥ നീക്കത്തിനെതിരെ ഐ.ടി വകുപ്പിന്‍െറ താക്കീത്. സര്‍ക്കാര്‍ ലക്ഷ്യത്തിനുവിരുദ്ധമായ പ്രവണതകള്‍ തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് എല്ലാ വകുപ്പധികാരികള്‍ക്കും സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പല വകുപ്പുകളും ഗുരുതര വീഴ്ച വരുത്തുന്നു.

ചില വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇ-ഫയലിന്‍െറ പ്രിന്‍റൗട്ട് ആവശ്യപ്പെടുകയും ഇതില്‍ ഉത്തരവ് നല്‍കുകയും ചെയ്യുന്നു. ഇതോടെ ഇ-ഫയലിന്‍െറ സ്വഭാവം നഷ്ടപ്പെടുകയും പേപ്പര്‍ ഫയലായി മാറുകയും ചെയ്യുന്നു. ഒരേ ഫയലിന്‍െറ ഇ-രൂപവും പേപ്പര്‍ രൂപവും ഒരേ സമയം കൈകാര്യം ചെയ്യുന്നതു വഴി ഭാവിയില്‍ ഇതിന്‍െറ തീര്‍പ്പ് ഫയല്‍ കണ്ടത്തൊന്‍ സാധിക്കാതെ വരുകയും ചെയ്യും. ഇ-ഫയല്‍ പ്രിന്‍റ് എടുത്ത് പരിശോധിക്കുന്ന രീതി നിര്‍ബന്ധമായും അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു.

സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ ലഭിക്കുന്നതിന് മാത്രമായി ഫയലിലെ വിഷയവുമായി ബന്ധമില്ലാത്ത ഏതെങ്കിലും രേഖ അപ്ലോഡ് ചെയ്യുന്ന പ്രവണതയും കൂടിവരുന്നതായി സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഉത്തരവിറക്കുന്ന സമയത്തുതന്നെ അത് വെബ്സൈറ്റില്‍ അപ്ലോഡ് ആകുന്ന സംവിധാനം ഇ-ഓഫിസിലുണ്ടായിരിക്കെ തെറ്റായ രേഖ നല്‍കുന്നതിലൂടെ പ്രസക്തമല്ലാത്ത വിവരങ്ങള്‍ സൈറ്റില്‍ പ്രത്യക്ഷപ്പെടാന്‍ ഇടയാക്കും.

ഉത്തരവുകള്‍ പുറപ്പെടുവിച്ച ശേഷം ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെയല്ലാതെ ഫയല്‍ തീര്‍പ്പാക്കുന്നതിലൂടെ ഈ രേഖ പിന്നീട് ഇ-ഓഫിസ് വഴി അധികൃതര്‍ക്കോ ജനങ്ങള്‍ക്കോ തിരഞ്ഞുകണ്ടത്തൊന്‍ കഴിയാത്ത സാഹചര്യമുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഓരോ വകുപ്പിലും നോഡല്‍ ഓഫിസര്‍മാരെ അതത് വകുപ്പ് സെക്രട്ടറിമാര്‍ നിയോഗിക്കണമെന്ന് സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു. നോഡല്‍ ഓഫിസര്‍മാര്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ പുരോഗതി വിലയിരുത്തുകയും വകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.

 

Tags:    
News Summary - IT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.