കണ്ണൂർ സർവകലാശാല അറിയാതെ ബിരുദപരീക്ഷ ഫലം മഹാരാഷ്ട്ര കമ്പനി പ്രസിദ്ധീകരിച്ചുവെന്ന് ആക്ഷേപം

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലഅറിയാതെ ബിരുദപരീക്ഷ ഫലം പ്രസിദ്ധീകരിച്ചത് നേരിട്ട് മഹാരാഷ്ട്ര കമ്പനിയെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. കണ്ണൂർ സർവകലാശാലയുടെ ഒന്നാം സെമസ്റ്റർബിരുദപരീക്ഷ ഫലം പ്രസിദ്ധീകരിച്ചത് സർവകലാശാല അറിയാതെയാണെന്നും വാർത്താക്കുറിപ്പിൽ കമ്മിറ്റി അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശാനുസരണം കെ റിപ്പ് നടപ്പാക്കിയതോടെ യൂനിവേഴ്സിറ്റികളിൽ മാർക്ക്‌ പരിശോധന നടക്കുന്നില്ലെന്നും, എം.കെ.സി.എല്ലിൽ നിന്നും സർവകലാശാല പരീക്ഷ നടത്തിപ്പ് ചുമതല സർവകലാശാലകൾ ഏറ്റെടുക്കണമെന്നും കെ റിപ്പ് സോഫ്റ്റ്‌വെയറിന്റെ സേവന ചുമതല ഡിജിറ്റൽ യൂനിവേഴ്സിറ്റിക്ക്‌ കൈമാറണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള, എംജി, കാലിക്കറ്റ്‌, കണ്ണൂർ വിസി മാർക്ക് നിവേദനം നൽകി.

അഫിലിയേറ്റഡ് കോളജ് പ്രിൻസിപ്പൽമാരുടെ മെയിലിൽ പരീക്ഷഫലം വന്നതോടെ റിസൾട്ട്‌ വിദ്യാർഥികൾക്ക് ലഭിക്കു കയായിരുന്നു. യൂനിവേഴ്സിറ്റിയുടെ അനുമതി കൂടാതെ ഫലം പുറത്തു വിട്ട മഹാരാഷ്ട്ര കമ്പനിക്കെതിരെ നടപടി കൈക്കൊള്ളുന്നതിനു പകരം, കോളജ് പ്രിൻസിപ്പൽമാരോട് വിശദീകരണം ചോദിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ കണ്ണൂർ സർവകലാശാലാ അധികൃതർ.

സർവകലാശാല നിയമത്തിലെ വകുപ്പ് 25(15) പ്രകാരം പരീക്ഷാ ഫലം സിണ്ടിക്കേറ്റ് അംഗീകരിച്ചുമാത്രമേ പ്രസിദ്ധീകരിക്കാവുവെന്നാണ് വ്യവസ്ഥ. അത് അവഗണിച്ചാണ് മഹാരാഷ്ട്ര കമ്പനി യൂനിവേഴ്സിറ്റിയുടെ അനുമതി വാങ്ങാതെ നേരിട്ട് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത്. വി.സിയും പരീക്ഷ കൺട്രോളറും പരീക്ഷഫലം എം.കെ.സി.എൽ പ്രസിദ്ധീകരിച്ചവിവരം അറിഞ്ഞതോടെ ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതായി അറിയിച്ച് സർവകലാശാലയുടെ പത്രക്കുറിപ്പ് ഇറക്കി.

തൊട്ടുപിന്നാലെ റെക്കോഡ് വേഗതയിൽ കെ റീപ്പ് സോഫ്റ്റ്‌വെയറിലൂടെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത് ചരിത്രനേട്ടമാണെന്ന പ്രസ്താവനയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയും രംഗത്തെത്തി. കെ റിപ്പ് സോഫ്റ്റ്‌വെയറിന്റെ ചുമതല കരിമ്പട്ടികയിൽ പെട്ട മഹാരാഷ്ട്ര കമ്പനിയായ എം.കെ.സി. എല്ലിന് നൽകിയതോടെ പരീക്ഷ നടത്തിപ്പിലും ഫല പ്രഖ്യാപനത്തിലും യൂനിവേഴ്സിറ്റികൾക്ക് ഒരു നിയന്ത്രണവു മില്ലാതായി.

എം.കെ.സിഎല്ലുമായോ, അസാപ്പുമായോ ധാരണ പത്രത്തിൽ ഒപ്പുവെക്കാതെ കണ്ണൂർ യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ ഡാറ്റാ കൈമാറ്റം ചെയ്യ്തത് ഗുരുതര വീഴ്ചയാണെന്നും സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു.

Tags:    
News Summary - It is alleged that the Maharashtra company published the graduation exam result without the knowledge of Kannur University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.