തിരുവനന്തപുരം: കൂത്താട്ടുകുളത്ത് കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയിട്ടും ഒരാളെ പോലും അറസ്റ്റു ചെയ്യാത്തത് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി, പൊലീസ് സംരക്ഷണം ഹൈക്കോടതി അനുവദിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെയാണ് ഡിവൈ.എസ്.പി വഴിയൊരുക്കിക്കൊടുത്ത് സി.പി.എം നേതാക്കള്‍ വനിതാ കൗണ്‍സിലറെ മർദിച്ച് വസ്ത്രാക്ഷേപം ചെയ്ത് തട്ടിക്കൊണ്ടു പോയത്. ഇത് കേരളത്തിലാണ് നടന്നത്.
തെരഞ്ഞെടുക്കപ്പെട്ട വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയിട്ട് ഇതുവരെ ഒരാളെ പോലും അറസ്റ്റു ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടു പോയത്. ഇതെന്താ ഗുണ്ടായിസമാണോ? ഇവരെ ആരാണ് സംരക്ഷിക്കുന്നത്. സ്ത്രീയെ തട്ടിക്കൊണ്ടു പോകുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഡിവൈ.എസ്.പിയോട് തിരുവനന്തപുരത്ത് നിന്നും ആരാണ് വിളിച്ചു പറഞ്ഞത്?
ഹൈകോടതിയുടെ ഉത്തരവിനെ ലംഘിച്ചുകൊണ്ടാണ് ഒരു സ്ത്രീയുടെ സാരി വലിച്ചഴിച്ച്, മുടിക്ക് കുത്തിപ്പിടിച്ച് അവരെ എടുത്ത് കാറിലേക്ക് വലിച്ചെറിഞ്ഞ് തട്ടിക്കൊണ്ടു പോയി അവിശ്വാസ പ്രമേയ ചര്‍ച്ച തകര്‍ത്തത്. ഇത് നമ്മുടെ കേരളമാണോ? എന്നിട്ടും അവരുടെ മൊഴി പോലും ഇതുവരെ ഒപ്പിട്ട് വാങ്ങിയിട്ടില്ല. അവരുടെ മകനെ വിളിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം നിയന്ത്രിക്കുന്ന ഈ നാണംകെട്ട പൊലീസ്.
സി.പി.എമ്മുകാര്‍ തന്നെയാണ് സി.പി.എമ്മുകാരനായ സലീമിനെ കൊന്നതെന്ന് വെളിപ്പെടുത്തലും ഇന്നു വന്നിട്ടുണ്ടല്ലോ. എല്ലാവര്‍ക്കും നേരെയുള്ള മെക്കിട്ടു കയറ്റം കഴിഞ്ഞ് സി.പി.എം ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. സ്വന്തം കൗണ്‍സിലറെ തട്ടിക്കൊണ്ടു പോകുന്ന നാണംകെട്ട പാര്‍ട്ടിയാണ് സി.പി.എം. സ്ത്രീയ പരസ്യമായി അപമാനിച്ച് തട്ടിക്കൊണ്ടു പോകുന്നതു പോലുള്ള വൃത്തികേടിന് കുടപിടിക്കുന്ന പൊലീസ് എന്തിനാണ് കാക്കിയിട്ട് നടക്കുന്നത്?
വഴിയൊരുക്കിക്കൊടുത്ത ഡിവൈ.എസ്.പിക്കെതിരെ നടപടി എടുത്തോ? ഇത് കേരളമാണെന്ന് മറന്നു പോകരുത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് എല്ലാ വൃത്തികേടുകള്‍ക്കും ഡിവൈ.എസ്.പി കൂട്ടുനിന്നത്. ഇത് കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും അപമാനകരമായ സംഭവമാണ്. ഭരണം നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് വനിതാ കൗണ്‍സിലറുടെ സാരി വലിച്ചഴിച്ച് മുടിയില്‍ കുത്തിപ്പിടിച്ച് വണ്ടിയില്‍ ഇട്ട് തട്ടിക്കൊണ്ടു പോയതെന്നും വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.