തൃശൂർ പൂരം വിളംബര ഭാഗമായി കൊമ്പൻ എറണാകുളം ശിവകുമാർ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി
തെക്കേഗോപുരനട തുറന്ന് പുറത്തേക്ക് വരുന്നു (ഫോട്ടോ ടി.എച്ച്. ജദീർ)
തൃശൂർ: നെയ്തലക്കാവിലമ്മ കൊമ്പൻ എറണാകുളം ശിവകുമാറിന്റെ ശിരസിലേറി ശ്രീമൂല സ്ഥാനത്തിന് ഇടതുവശത്തുള്ള നിലപാട് തറയിലെത്തി വിളംബരമറിയിച്ചതോടെ തൃശൂർ പൂരത്തിന് തുടക്കം. ഇന്നാണ് പൂരത്തിന്റെ പ്രധാന വിശേഷങ്ങളും ചടങ്ങുകളും അരങ്ങേറുക. തൃശൂർ പൂരം വെടിക്കെട്ടിനായുള്ള വെടിമരുന്ന് നിറച്ചുകൊണ്ടിരിക്കുന്നതിനിടെ ലൈസൻസി അടക്കം 15ലധികം ആളുകൾ മരിച്ചതിന് തൊട്ടുപിന്നാലെയായതിനാൽ ആർഭാടങ്ങൾ കുറച്ചാകും പൂരം നടത്തുക എന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ അറിയിച്ചിരുന്നു. അതുപ്രകാരം ഇക്കുറി ഏറ്റവും ആകർഷകമായ വെടിക്കെട്ട് ഉണ്ടാവില്ല.
കൊമ്പൻ ശിവകുമാർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തള്ളിത്തുറക്കുന്നത് കാണാൻ ശനിയാഴ്ച ഉച്ചക്ക് 12ന് കൊടുംചൂടിനെ വെല്ലുവിളിച്ച് ആയിരങ്ങളാണ് എത്തിയത്. ഗോപുരനട തള്ളിത്തുറന്ന് മസ്തകമുയർത്തി തുമ്പിക്കൈ ചുഴറ്റി ശിവകുമാർ പുറത്തേക്ക് ഇറങ്ങിയതോടെ ജനങ്ങൾ ആവേശത്തോടെ ആർപ്പുവിളിച്ചു.
പൂരവിളംബരം കഴിഞ്ഞതോടെ തേക്കിൻകാടും പരിസരവും നിറഞ്ഞുകവിഞ്ഞ് വൻ ജനക്കൂട്ടമാണ് എവിടെയും. തെക്കേനട തുറന്നതോടെ ഇടതടവില്ലാതെ ഘടക പൂരങ്ങൾ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി.
ഊഴപ്രകാരം കണിമംഗലം ശാസ്താവ്, പനമുക്കുമ്പിള്ളി ശാസ്താവ്, അയ്യന്തോൾ, ചെമ്പൂക്കാവ്, ലാലൂർ, നെയ്തലക്കാവിലമ്മ, ചൂരക്കോട്ടുകാവ്, കാരമുക്ക് എന്നീ ഭഗവതിമാരും വടക്കുംനാഥനെ വണങ്ങാനെത്തി. ഇന്ന് ഇലഞ്ഞിത്തറയിലും മഠത്തിൽ വരവിലും വാദ്യമേളങ്ങൾ താളം തീർക്കും. രാവിലെ 11.30ന് മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് കോങ്ങാട് മധുവാണ് പ്രമാണം. ഇലഞ്ഞിത്തറ മേളം ഉച്ചക്ക് 2.30ന് ആരംഭിക്കും. വൈകുന്നേരം നടക്കുന്ന കുടമാറ്റം 15 മിനിറ്റായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.